Homeചർച്ചാവിഷയം

ഖല്‍ബിലെ ഹൂറി

ഡോ.ദിവ്യ എം.

ബാലമനസ്സിന്‍റെ ഉള്‍ത്തുടിപ്പുകള്‍ തൊട്ടറിഞ്ഞ ഒരു നോവലാണ് സുമയ്യ. നമുക്ക് ഊഹിക്കാവുന്നതിലും അപ്പുറമാണ് ബാലികമാരുടെ ഭാവനകള്‍ എന്ന് ഇത് വായിച്ചപ്പോള്‍ അവനവനിലേക്ക് ചോദ്യങ്ങളുടെ നേര്‍രേഖ ഇട്ടു കൊണ്ടാണ് കുട്ടികളുടെ വളര്‍ച്ച. ഉത്തരങ്ങളില്ലാത്ത ചോദ്യങ്ങളാണ് യഥാര്‍ത്ഥത്തില്‍ അവരുടെ ബൗദ്ധിക മണ്ഡലത്തെ നിര്‍ണ്ണയിക്കുന്നത്. പ്രകൃതിയില്‍ സ്വയം വിസ്മരിയ്ക്കുകയും മറ്റുള്ളവരെ വിസ്മയ ചകിതരാക്കുകയും ചെയ്യുന്ന കൊച്ചു മിടുക്കികളാണ് നാളെ അറിവിന്‍റെ പൊന്‍ ദീപമായി മാറുന്നത്.
അവരെ കണ്ടെത്താനും തിരിച്ചറിയാനും അംഗീകരിക്കാനും അദ്ധ്യാപക സമൂഹം തയ്യാറാവണം എന്ന ഒരു നല്ല സന്ദേശം കൂടി ഈ പുസ്തകം നല്‍കുന്നുണ്ട്. മുസ്ലീം സമുദായ ചിത്രീകരണങ്ങള്‍ നമ്മുടെ സാഹിത്യത്തില്‍ മുന്‍പും പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. സാധാരണക്കാരെ ചിരിപ്പിക്കുകയോ ചിന്തിപ്പിക്കുകയോ ചെയ്യുന്ന ഒട്ടേറെ ജീവിത സന്ദര്‍ഭങ്ങളില്‍ സമ്പന്നമായ ആ ലോകത്തു നിന്ന് ഒരു കൊച്ചു നക്ഷത്രം നമുക്ക് ലഭിച്ചിരിക്കുന്നു.
അതാണ് സുമയ്യ – എന്ന നോവല്‍.
അത്ഭുതം ജനിപ്പിക്കുന്ന അറിവുകള്‍ തേടിയുള്ള സുമയ്യ എന്ന കുഞ്ഞു മിടുക്കിയുടെ യാത്രയില്‍ നമ്മളും നമ്മുടെ ബാല്യകാലത്തെ ഓര്‍ത്തു പോകുന്നു. ഇന്നത്തെപ്പോലെ സങ്കീര്‍ണ്ണമല്ലാത്ത ,സുതാര്യമായ ബന്ധത്തിലൂടെ പ്രകൃതിയോട് ചേര്‍ന്നു നില്‍ക്കുന്ന അനുഭവം അന്നുണ്ടായിരുന്നല്ലോ..!
അരുതുകളുടെ ലോകത്ത് നിന്ന് സുമയ്യ ഇറങ്ങി വരുന്നത് വിശാലമായ പ്രകൃതിയിലേക്കാണ്.
‘ അച്ചില്‍ അടക്കുന്നതാണ് അച്ചടക്കം ‘ എന്ന് പറഞ്ഞു കേട്ടിട്ടുണ്ട്.
സുമയ്യ അദബ് – അച്ചടക്കം വേണം എന്ന് ഉസ്താദ് പറഞ്ഞത് കേട്ട് അമ്പരക്കുകയാണ്. ‘ അപ്പൊ ആണ്‍കുട്ടികള്‍ക്ക് അദബ് വേണ്ടേ ? കുറ്റോം കുറവും പോലെ അവളെ ചുറ്റിപ്പറ്റി നടന്ന ആ വാക്കിനോട് അവള്‍ക്ക് ഇഷ്ടക്കേട് തോന്നി.”
വളരെ പ്രസക്തമായ ഒരു ചോദ്യം.
ഈ ചോദ്യം സമൂഹത്തോടാണ്. മറ്റെല്ലാ ചോദ്യങ്ങളും സ്വയം ചോദിക്കുന്നുണ്ടെങ്കിലും, കുറേയൊക്കെ മറ്റുള്ളവരോട് ചോദിക്കുന്നുണ്ടെങ്കിലും സുമയ്യയുടെ ഈ ചോദ്യം സമൂഹത്തോടു മുഴുവന്‍ ഉള്ളതാണ്.
‘സുമയ്യ ‘ എന്ന വാക്കിന്‍റെ അര്‍ത്ഥം യുണീക് എന്നാണ്. അവള്‍ അദ്വിതീയ തന്നെയാണ്. പേരു പോലെ തന്നെ സമാനതകളില്ലാത്തവള്‍.
ഓരോ വസ്തുക്കളും കാണുമ്പോള്‍ സുമയ്യയ്ക്കുണ്ടാകുന്ന ചോദ്യങ്ങള്‍ ഇന്നും പല കുട്ടികളും അപൂര്‍വ്വമായെങ്കിലും ചിന്തിച്ചു പോകുന്ന ചോദ്യങ്ങളായിരിക്കാം. പക്ഷേ ‘ ഒന്നു മിണ്ടാതിരിക്ക് ! ‘
‘ഒന്നു വായടച്ച് വല്ലതും പഠിക്കാന്‍ നോക്ക് !’
എന്നീ നിയന്ത്രണങ്ങളും ഒപ്പം അവര്‍ നേരിടേണ്ടി വന്നേക്കാം.
പഠനമെന്നാല്‍ പുസ്തകത്തിനകത്തുള്ളത് കാണാതെ പഠിക്കുന്നതാണെന്ന വ്യവസ്ഥാപിത സങ്കല്പത്തിനകത്തുനിന്ന് ഉയരുന്ന അരുതുകളെ ചോദ്യങ്ങള്‍ കൊണ്ട് മറികടക്കുകയാണ് സുമയ്യ
ഭാഗ്യത്തിന് അവളുടെ ചോദ്യങ്ങള്‍ക്ക് ചൂരല്‍ കൊണ്ടോ മറു ചോദ്യം കൊണ്ടോ നിയന്ത്രിക്കാത്ത അദ്ധ്യാപകരാണ് ഈ നോവലിലുള്ളത്.കുട്ടികളില്‍ സ്വാഭാവികമായി ഉണ്ടാകുന്ന നന്മ, ദയ, കാരുണ്യം തുടങ്ങിയ മൂല്യങ്ങള്‍ക്ക് സ്കൂള്‍ അസംബ്ലിയിലും ആനിവേഴ്സറിയിലും അംഗീകാരം നല്‍കുന്ന കാഴ്ച ഏറെ സന്തോഷം നല്‍കി.
വായനയുടെ രസച്ചരട് പൊട്ടാതെ അവസാന പേജ് വരെ ,ഒറ്റയിരിപ്പിന് വായിക്കാന്‍ പ്രേരിപ്പിക്കുന്ന നര്‍മ്മ മധുരമായ ഭാഷയാണ് നോവലിസ്റ്റിന്‍റേത്. സുമയ്യയുടെ മനസ്സ് ഒപ്പിയെടുക്കാന്‍ കാണിച്ച വൈദഗ്ദ്ധ്യം അത് അതേപടി വായനക്കാരിലേക്ക് എത്തിക്കാനുള്ള സൂക്ഷ്മമായ ആഖ്യാനശൈലിയിലും കാണാനുണ്ട്.
ചേക്കോഴി,
ഓത്തുപള്ളി,
അച്ചടക്കം
സ്ക്കൂള്‍,
മഴ
എന്നിങ്ങനെ സുമയ്യയുടെ ലോകത്തെ രസകരമായി നോവലില്‍ പരിചയപ്പെടുത്തുന്നു. തൊടി, വിരുന്നുകാര്‍, യക്ഷി, ആന, കുഞ്ഞുവാവ, ഡോക്ടര്‍, ക്ലാസ്സ് മുറി, മയില്‍പ്പീലി.
കടല്‍, സ്വപ്നം, രാജകുമാരി എന്നിങ്ങനെ ,സുമയ്യ എന്ന കൊച്ചു പെണ്‍കുട്ടിയുടെ ബാഹ്യവും ആഭ്യന്തരവുമായ അനുഭവലോകത്തേയും നോവലിസ്റ്റ് ഭംഗിയായി വരച്ചിടുന്നു .
കുടുക്ക, അഭിമാനം ,സമ്മാനം എന്നിവയിലൂടെ അവളുടെ മാനസിക ലോകത്തിന്‍റെ വൈശിഷ്ട്യം സമൂഹത്തിന് നന്മ പകരട്ടെ എന്നാണ് നോവലിസ്റ്റ് ആഗ്രഹിക്കുന്നത്.


പ്രകൃതിയിലെ ഓരോ വസ്തുവും സുമയ്യ ചോദ്യരൂപത്തിലാണല്ലോ സ്വന്തം മനസ്സിനെ പരിചയപ്പെടുത്തുന്നത് ?ആ ചോദ്യങ്ങളും അനുഭവങ്ങളും ഒട്ടും നിസ്സാരവുമല്ല. ഒരു നല്ല വ്യക്തിയായി അവര്‍ വളര്‍ന്നു വരുന്നതിന്‍റെ സൂചനയാണത്. അവളിലെ ചോദ്യങ്ങള്‍ നിര്‍മ്മിച്ചു കൊടുത്ത ആശയലോകത്ത് പ്രകൃതി മുഴുവന്‍ ഒരൊറ്റ സത്തയാണ് എന്ന ദര്‍ശനം ഉള്‍ച്ചേര്‍ന്നിട്ടുണ്ട്.
ഉമ്മയും ഉമ്മൂമ്മയും ഉപ്പയും ഉസ്താദും മാത്രമല്ല ചേക്കോഴിയും ചെമ്പന്‍ പൂച്ചയും മഴവില്ലും, മയില്‍പ്പീലിയും, കൂണും, മിനി ടീച്ചറും, അനിത ടീച്ചറും മീനാക്ഷി ക്കുട്ടിയും സുമയും അവ ള്‍ക്ക് ഒരു പോലെ പ്രിയപ്പെട്ടവരാണ്. ആ പ്രിയത്വം കൊണ്ടു കൂടിയാണ് മനസ്സിലെ ഉറവ വറ്റാത്ത നന്മയാല്‍ പ്രേരിപ്പിക്കപ്പെട്ട് അവള്‍ തന്‍റെ കുടുക്ക പൊളിച്ച കാശ്, ദരിദ്രയായ മീനാക്ഷി ക്കുട്ടിക്ക് പിറന്നാളിന് ഉടുപ്പ് വാങ്ങാന്‍ ഹെഡ്മാഷെ ഏല്പിക്കുന്നത്.
എസ്.കെ. പൊറ്റക്കാടിന്‍റെ സഖി- എന്ന കഥയിലെ ഒരു രംഗം ഈ അവസരത്തില്‍ ഓര്‍മ്മ വന്നു. ജാതി മത ചിന്തകള്‍ ബാധിക്കാത്ത ബാല്യത്തില്‍ സഹപാഠിയോടുള്ള സ്നേഹം കൊണ്ട് തന്‍റെ സമ്പാദ്യങ്ങളെല്ലാം ആഭരണങ്ങളെല്ലാം താഴ്ന്ന ജാതിയില്‍പ്പെട്ട തന്‍റെ പ്രിയ കൂട്ടുകാരിക്ക് നല്‍കി ,അധികം വൈകാതെ മരണത്തിലേക്ക് യാത്രയായ ഒരു പത്തു വയസ്സുകാരിയാണ് അതിലെ നായിക.ചുറ്റുപാടും നിറഞ്ഞ എതിര്‍പ്പിന്‍റെ കൂമ്പാരത്തിനിടയിലും അവള്‍ തന്‍റെ കൂട്ടുകാരിയുടെ കുടിലിലേക്ക് ഓടിച്ചെല്ലും. അവിടെ നിന്ന് ഭക്ഷണം കഴിക്കും.
ഇവിടെ സുമയ്യ ഒരു മാതൃകയാണ്. സ്നേഹത്തില്‍ മതിലുകളെന്തിന്? ആ വലിയ ആശയത്തെ എത്ര സരളമായിട്ടാണ് സുമയ്യ സാക്ഷാത്കരിച്ചത് ! കറതീര്‍ന്ന മനസ്സിന് കാലം നല്‍കുന്ന സമ്മാനം – അതാണ് ആനിവേഴ്സറിക്ക് അവള്‍ക്ക് കിട്ടിയ അംഗീകാരം
ആ ഭാഗം വായിക്കുമ്പോള്‍ നമ്മളും ആ വിദ്യാലയ മുറ്റത്തെത്തി സുമയ്യയ്ക്ക് കിട്ടിയ കരഘോഷത്തില്‍ ആഹ്ളാദചിത്തരാകുന്നു എന്ന് നിസ്സംശയം പറയാം.
‘എന്‍റെ സുമയ്യാ… ഇയ്യൊര് ഹൂറി തന്ന്യാ… സുബര്‍ക്കത്തീന്ന് പടച്ചോന്‍ ദുനിയാവില് ക്ക് അയച്ച ഹൂറി. മനുശ്യന് ഖല്‍ബ് മാത്രേ പാടുള്ളൂ… അതില് ജാതീം മതോം പാടില്ല. അതൊക്കെ ഈ ദുനിയാവിനെ ആകെ എടങ്ങേറാക്കും ‘ എന്ന് സുമയ്യയുടെ ഉസ്താദ് ആ സ്കൂള്‍ കെട്ടിടത്തിന്‍റെ മതിലിനടുത്ത് നിന്ന് കൈയ്യടിക്കുമ്പോള്‍ മനസ്സില്‍ പറഞ്ഞു കാണണം. അങ്ങനെ നോവലിസ്റ്റ് പറഞ്ഞിട്ടില്ലെങ്കിലും അങ്ങനെ ഒരു പുതുരംഗം കൂടി ഭാവനയില്‍ കണ്ടു കൊണ്ടാണ് സുമയ്യയെ തല്‍ക്കാലം ഞാന്‍ എന്‍റെ ഖല്‍ബിലേക്ക് എടുത്തു വെച്ചത്.

 

 

 

 

 

ഡോ.ദിവ്യ എം.
അസി. പ്രൊഫ. ,ഗവ.ആര്‍ട്സ്& സയന്‍സ് കോളേജ്, ഒല്ലൂര്‍

 

COMMENTS

COMMENT WITH EMAIL: 0