Homeവഴിത്താരകൾ

ശാന്തിപ്രിയയുടെ പാട്ടുവഴികളിലൂടെ …

ജാനകി

‘ശരീരം മുഴുവനും കൊണ്ടവര്‍ പാടി. ഏകതാരയും ഡുഗ്ഗിയും വായിച്ച് നൃത്തം ചെയ്തവര്‍ പാടി. വാക്കുകള്‍ക്ക് ഒരുപാട് പ്രധാന്യം നല്‍കി കഥ പറയുമ്പോലെ പാടി. ഒറ്റക്കൊരു സ്ത്രീ കാണിച്ച ലോകം അത്രയ്ക്ക് വലുതായിരുന്നു.”
പാര്‍വതി ബാവുള്‍ എന്ന സംഗീതോപാസകയെ പത്താം ക്ലാസ് കഴിഞ്ഞ ശാന്തി പ്രിയ എന്ന കൗമാരക്കാരിയായ സംഗീതകുതുകി നേരില്‍ കണ്ട അനുഭവ വിവരണമാണിത്.
ആ സംഗമം ശാന്തിയില്‍ കൊളുത്തിവിട്ട വികാരങ്ങള്‍, ആഗ്രഹങ്ങള്‍, തേടലുകള്‍ ഗഹനമായ അന്വേഷണങ്ങളായി മാറി. ഇന്ന് സ്വയം ഒരു ബാവുള്‍ ഉപാസകയായി അറിയപ്പെടുന്ന മുപ്പത്തിയാറുകാരിയായ ശാന്തിക്ക് തന്‍റെ സംഗീതയാത്രയിലെ നാള്‍വഴികളെക്കുറിച്ച് ഒരുപാട് ഓര്‍ത്തെടുക്കാനുണ്ട് . ആ ഓര്‍മകളില്‍ ഒരു നാടുണ്ട്-വയനാട്. കേരളം നെഞ്ചിലേറ്റിയ ഒരു കനവുണ്ട്. നാടുഗദ്ദിക പോലുള്ള നാടകാവതരണങ്ങളിലൂടെ കേരളത്തിന്‍റെ പൊതുബോധത്തെ പുതുതെളിച്ചങ്ങളിലേക്കു ഉണര്‍ത്തിയ കെ.ജെ.ബേബിയുടെയും ഷേര്‍ലി മേരി ജോസഫിന്‍റെയും മകളായ ശാന്തിപ്രിയക്ക് അരങ്ങു ഒരു കളിസ്ഥലമായിരുന്നു. തെരുവുകളിലും ഗ്രാമങ്ങളിലും ഒക്കെ അവതരിപ്പിക്കപ്പെട്ട ബേബിയുടെ നാടകയാത്രയില്‍ കുട്ടികളുണ്ടായിരുന്നു. പാട്ടു വരുമ്പോള്‍ സ്റ്റേജില്‍ ഓടിപ്പോയി പാടുകയും ഇഷ്ടമില്ലാത്ത സീനില്‍ നിന്ന് ഇറങ്ങി ഓടി കാണികള്‍ക്കിടയില്‍ പോയിരിക്കുകയും ചെയ്തിരുന്ന ബാല്യകാലമായിരുന്നു ശാന്തിയുടേത്.
ശാന്തിപ്രിയയെ ഞാന്‍ ആദ്യം കാണുന്നത് 1996 ലാണ്. തൃശൂരിലെ ജവഹര്‍ ബാലഭവനില്‍ വയനാട്ടില്‍ നിന്നും കനവിന്‍റെ മക്കള്‍ ചുരമിറങ്ങി സമതലങ്ങളിലേക്കു ആദിവാസി ജീവിതങ്ങളുടെ താളമേളങ്ങളുമായി ഇറങ്ങി വന്ന ഒരു സായാഹ്നം. അവരുടെ കൂട്ടത്തില്‍ ബേബിയുടെയും ഷേര്‍ളിയുടെയും മക്കളായ ശാന്തിയും ഗീതിയും സജീവ സാന്നിധ്യമായിരുന്നെന്നു ഓര്‍ക്കുന്നു. “അപ്പ പാട്ടെഴുതുന്നു, പാട്ടു പാടുന്നു, പാട്ടു നിറയെ ശേഖരിക്കുന്നു… ഞങ്ങളെ തോളത്തിട്ടു പാട്ടു പാടി ഡാന്‍സ് കളിച്ചു ഉറക്കുന്നു. അമ്മ നിറയേ കഥകള്‍ പറഞ്ഞു തരുന്നു ബുദ്ധന്‍റെ, ത്യാഗരാജരുടെ, താന്‍സെന്‍റെ, മീരയുടെ, ബാവുളുകളുടെ ശാന്തിനികേതന്‍റെ ബീഥോവന്‍റെയുമൊക്കെ.”
ഔപചാരിക വിദ്യാഭ്യാസത്തിന്‍റെ രീതികളില്‍ നിന്ന് മാറി ജൈവമായ അറിവുകളും, ജീവന രീതികളും ആര്‍ജ്ജിക്കുന്ന പഠനമാതൃകകള്‍ പിന്തുടര്‍ന്ന കനവ് എന്ന സ്വപ്നത്തെ അത്ര പെട്ടെന്ന് നമുക്ക് മറക്കാനാവില്ല. ആ കൂട്ടായ്മയുടെ ആത്മാവായിരുന്നു കനവിന്‍റെ ഗാനങ്ങള്‍. “നാട് എന്‍ വീട് ഈ വയനാട്” എന്ന് തുടങ്ങിയുള്ള പാട്ടുകള്‍ മലയാളി സമൂഹത്തെ മറഞ്ഞു കിടന്ന ഒരു ചരിത്രത്തെ ഓര്‍മ്മിപ്പിച്ചു. കനവ് എന്ന സ്വപ്ന വിദ്യാലയം സഫലമാകുന്ന ആ ദിവസങ്ങള്‍ സംഗീത സാന്ദ്രമായിരുന്നു .മേപ്പയൂരില്‍ നിന്ന് വന്ന ശിവാനന്ദന്‍ മാഷിന്‍റെ ഹിന്ദുസ്ഥാനി സംഗീത സദസ്സില്‍ ചാരുകേശിയും മാല്‍കോണ്‍സും കേട്ട് രാത്രി വൈകും വരെ കുട്ടികള്‍ ഇരുന്നു.പലപ്പോഴും കേട്ട് കേട്ടവര്‍ ഉറങ്ങിപ്പോകുമായിരുന്നു.

പല ദേശങ്ങളില്‍ നിന്നും വന്ന ഗായകര്‍ അവരെ പാട്ടുകള്‍ പഠിപ്പിച്ചു. വിപ്ലവഗാനങ്ങള്‍, ഭജനുകള്‍, ഗോത്രസംഗീതങ്ങള്‍, ആഫ്രിക്കന്‍ ബ്ലൂസ്, കബീര്‍ദോഹകള്‍,സിനിമാപാട്ടുകള്‍ എന്നിങ്ങനെ വിവിധങ്ങളായ സംഗീത പാരമ്പര്യങ്ങള്‍ ശാന്തിയും കൂട്ടുകാരും വളരെ നേരത്തെ പരിചയിച്ചു. കനവിന്‍റെ പ്രവര്‍ത്തനത്തിന്‍റെ ഭാഗമായി സ്കൂളുകള്‍, ക്ലബ്ബുകള്‍, പള്ളി പറമ്പുകള്‍, ഉത്സവസ്ഥലങ്ങള്‍ എന്നിവിടങ്ങളിലും ബേബിയും കൊച്ചു കൂട്ടുകാരും നടന്നു പാടിയ കാലം ഒരു നാടിന്‍റെ തന്നെ ചരിത്രമാണ്.ക്രമേണ പാട്ടു ശാന്തിയുടെ ജീവിതത്തിന്‍റെ തന്നെ ഭാഗം ആയി മാറുകയായിരുന്നു. പാട്ടിന്‍റെ സൗന്ദര്യം ചോരാതെ, ശ്രുതി തെറ്റാതെ പാടുക എന്നത് ഒരു വലിയ ഉത്തരവാദിത്തമായി ശാന്തി തിരിച്ചറിയുകയായിരുന്നു.
“പാട്ട് ഏറെ ഇഷ്ടമുള്ള കുട്ടി ആയിരുന്നു ഞാന്‍. ബസ്സില്‍ യാത്ര ചെയ്യുമ്പോഴും എന്ത് പണി ചെയ്യുമ്പോഴും പാടിക്കൊണ്ടിരുന്ന കുട്ടി. പാടുമ്പോള്‍ സ്വാതന്ത്ര്യവും സന്തോഷവും അനുഭവിച്ചിരുന്ന കുട്ടി.”
സിറിയക് മാഷിന്‍റെയും മോഹനന്‍ മാഷിന്‍റെയും മേല്‍നോട്ടത്തില്‍ കര്‍ണാടക സംഗീതത്തില്‍ ശിക്ഷണം ലഭിച്ചു.ഇതിനിടയില്‍ ടാന്‍സന്‍റെ ഗുരുവായ ഹരിദാസിന്‍റെ ഇരുപതാം തലമുറയില്‍ പെട്ട ബഹാവുദ്ദീന്‍ ഡാഗറിന്‍റെ പന്‍വേലിലുള്ള ഗുരുകുലത്തില്‍ പോയി രണ്ടു വര്‍ഷത്തോളം താമസിച്ചു ഹിന്ദുസ്ഥാനി സംഗീതം അഭ്യസിച്ചത് തന്‍റെ വളര്‍ച്ചയില്‍ ഒരു നിര്‍ണായക സ്വാധീനമായതു ശാന്തി സ്മരിക്കുന്നു. “പഠിച്ചതിനെക്കാളേറെ സംഗീതത്തിന്‍റെ അതിവിശാലമായ ലോകം കേള്‍ക്കുകയും അനുഭവിക്കുകയും ആണുണ്ടായത്. ബസന്ത് കേട്ടാല്‍ കാറ്റിനെ അതിന്‍റെ പല ഭാവങ്ങളെ അനുഭവിക്കാനാകുമെന്ന മാന്ത്രികത അറിഞ്ഞു.”

പക്ഷെ ഈ പരിശീലനങ്ങളൊന്നും ശാന്തിയുടെ അന്തര്‍ദാഹങ്ങളെ ശമിപ്പിച്ചില്ല. ഇവയിലൊന്നിലും പൂര്‍ണ്ണമായി താന്‍ സാക്ഷാത്ക്കരിപ്പെടുന്നില്ല എന്ന അലട്ടല്‍ തുടര്‍ന്നു. “ഞാനാകുന്ന മറ്റെല്ലാത്തതില്‍ നിന്നും അതെന്നെ റശരെീിിലരേ ചെയ്തു. അതില്‍ ശരീരം അപ്രസക്തമായിരുന്നു. യോഗയും കളരിയുമൊക്കെ ചെയ്തു വന്ന ശരീരം വളരെ അസ്വസ്ഥമായി.അത് പോലെ കവിത… റൂമിയും ഹാഫിസും മേരി ഒലിവറേയും ഒക്കെ ഇഷ്ടമുള്ള എനിക്ക് അവരുടെയും അഭാവം അനുഭവപ്പെട്ടു.” നാടന്‍ പാട്ടുകള്‍ ഒരുപാട് ഇഷ്ടമാണെങ്കിലും അവയുടെ കാലിക പ്രസക്തിയില്‍ മാത്രം തന്‍റെ അന്വേഷണത്തിന് സംതൃപ്തമാകാന്‍ കഴിയില്ലായിരുന്നു. കബീറിന്‍റെ ദോഹകള്‍ എന്നും എപ്പോഴും ഒരു സവിശേഷമായ അനുഭൂതി പ്രദാനം ചെയ്തിരുന്നു.കബീര്‍ എപ്പോഴും ശാന്തിയോട് സംവദിച്ചു കൊണ്ടിരുന്നു. ഹിമാലയത്തില്‍ നിന്ന് വന്ന ആനന്ദ്ജിയാണ് കബീര്‍ ദോഹകള്‍ പഠിപ്പിച്ചു തന്നത്. ഉഡ് ജായേഗാ ഹംസ് അകേല, ജഗ് ദര്‍ശന്‍ കാ മേള എന്ന പാട്ട് ശാന്തിക്ക് ഏറെ പ്രിയപ്പെട്ടതായി. അങ്ങിനെയിരിക്കെ പത്താം ക്ലാസ്സ് പരീക്ഷക്ക് മുന്‍പ് ഉണ്ടായ ഒരു ബാംഗ്ലൂര്‍ യാത്രയിലാണ് പാര്‍വതി ബാവുളിന്‍റെ പാട്ടു കാണുന്നതും,കേള്‍ക്കുന്നതും. ആ കണ്ടുമുട്ടലിന്‍റെ നേര്സാക്ഷ്യമാണ് ഈ ലേഖനത്തിന്‍റെ തുടക്കത്തില്‍ ഞാന്‍ ഉദ്ധരിച്ച ശാന്തിയുടെ വാക്കുകള്‍.

ഇന്ത്യന്‍ സംഗീതത്തിലെ പെണ്‍സ്വരങ്ങള്‍ പല വിധത്തില്‍ നിയന്ത്രിക്കപ്പെടുന്നതിനെ കുറിച്ച് അടുത്ത കാലത്തു ഒരുപാട് ചര്‍ച്ചകളും നിരീക്ഷണങ്ങളും പഠനങ്ങളും നടന്നിട്ടുണ്ട്. വരേണ്യ സ്ത്രീ സ്വത്വനിര്‍മ്മിതിയുടെ ഭാഗമാണ് സ്ത്രീശബ്ദത്തെ മെരുക്കി എടുക്കുക എന്നത്. തുറന്ന ശബ്ദവും സ്വതന്ത്രമായ ശരീര ചലനങ്ങളും ഇന്നും അംഗീകരിക്കാന്‍ മധ്യവര്‍ഗ്ഗത്തിനു പ്രയാസമാണ്. അവധൂത പാരമ്പര്യമായ ബാവുള്‍ സംഗീതം സ്ത്രീയുടെ ശബ്ദത്തെയും ശരീരത്തെയും ഒരൊറ്റ അനുഭവമാക്കി മാറ്റുന്ന ആത്മീയപ്രവര്‍ത്തനം കൂടി ആയി മാറുന്നു.പാര്‍വതി ബാവുളിന്‍റെ കൂടെ താന്‍ പോയിക്കോട്ടെ എന്ന് ചോദിച്ച ശാന്തിയോട് അമ്മയായ ഷേര്‍ലി ‘പരീക്ഷ കഴിഞ്ഞിട്ടാവാം’ എന്ന ഉറപ്പു കൊടുത്തു.അതിനു ശേഷം മറ്റൊരു കണ്ടുമുട്ടല്‍ ശാന്തിയെ ബാവുള്‍ ഗീതങ്ങളിലേക്ക് കൂടുതല്‍ അടുപ്പിച്ചു. അത് ബംഗ്ലാദേശി ഗായകരായ അനുഷേയെയും ആദിലിനെയും കോഴിക്കോട് സര്‍വകലാശാലയില്‍ വെച്ച് കാണാനും കേള്‍ക്കാനും ഇടയായതാണ്. ബാവുള്‍ സംഗീതം തന്‍റെ നിയോഗമാണെന്നു ശാന്തി ഒന്ന് കൂടി ഉറപ്പിച്ചു.ലാലോന്‍ ഫക്കീറിന്‍റെ പാട്ടു അനുഷേ പാടിയതിന്‍റെ അനുഭവം ശാന്തി വര്‍ണ്ണിക്കുന്നത് അനന്യമായ ശൈലിയിലാണ്. ആ പാട്ടു നമ്മളെ എല്ലാവരെയും കൂട്ടി കൊണ്ട് പോയി ആകാശം തൊട്ടു. അത് ഹൃദയത്തില്‍ ഒരു മുറിവുണ്ടാക്കി. പിന്നീട് ‘കനവി’ല്‍ വന്നപ്പോള്‍ അനുഷേ തനിക്കു മറ്റൊരു ബാവുള്‍ പാട്ടു പഠിപ്പിച്ചു. “നോദിര്‍ കൂലരെ ലാഗി അമി കാന്ദി” എന്ന ആ പാട്ടായിരുന്നു പിന്നെ കുറേക്കാലം ശാന്തിയുടെ പാട്ട്.
എന്നിട്ടും ഉടനെയൊന്നും പാര്‍വതിയുടെ അടുത്ത് ശാന്തി എത്തിയില്ല എന്നതാണ് രസകരം. യാത്രകള്‍ വേറെയും നടത്താനുണ്ടായിരുന്നു. പിന്നീട് ശാന്തിക്ക് ഇംഗ്ലണ്ടില്‍ ജിദ്ദു കൃഷ്ണമൂര്‍ത്തി സ്ഥാപിച്ച ബ്രോകവൂഡ് പാര്‍ക്ക് സ്കൂളില്‍ പോകാന്‍ അവസരം ഉണ്ടായി. തോട്ടത്തില്‍ പണിയെടുത്തും അടുക്കളനടത്തിയും, വായിച്ചും, ചര്‍ച്ചചെയ്തും, മൗനം ദീക്ഷിച്ചും, മലകയറിയും തന്‍റെ അന്വേഷണങ്ങള്‍ തുടരുമ്പോഴും ആ പഴയ അസ്വസ്ഥത തന്നെ പിന്തുടര്‍ന്നുണ്ടായിരുന്നു. വാക്കിന്‍റെ മറ നീക്കി അന്വേഷിക്കാന്‍ കൃഷ്ണമൂര്‍ത്തി അവരോട് പറഞ്ഞു കൊണ്ടിരുന്നു. ആ മന്ത്രം അവരുടെ സന്തതസഹചാരി ആയതു കൊണ്ടാകാം ഒരു നിയോഗം പോലെ വീണ്ടും ശാന്തി പാര്‍വതി ബാവുളിലേക്കു തിരിച്ചെത്തിയത്. അനിയത്തി ഗീതിയാണ് അത് ഓര്‍മ്മിപ്പിച്ചത്. താന്‍ ഫോണ്‍ ചെയ്യുമ്പോഴൊക്കെ പാര്‍വതി ഇപ്പോള്‍ ആരെയും പഠിപ്പിക്കുന്നില്ല എന്നാണു പറഞ്ഞിരുന്നത്. ശാന്തി പിന്നീട് നേരിട്ട് പോയി കാണാന്‍ തീരുമാനിച്ചതോടെ പാര്‍വതി ഇരുകൈയും നീട്ടി ശാന്തിയെ പൂര്‍ണ്ണമനസ്സോടെ സ്വീകരിക്കുകയായിരുന്നു. പാട്ടിന്‍റെ അര്‍ഥം പറഞ്ഞു കൊടുത്തുകൊണ്ടാണ് ശാന്തിയെ പാര്‍വതി പഠിപ്പിച്ചത്. ഏകതാരയും ഡുഗ്ഗിയും വായിച്ചു പാടാന്‍ പഠിപ്പിച്ചു. ശാന്തിയുടെ ആ വിവരണത്തില്‍ എനിക്ക് ഏറ്റവും ഹൃദ്യമായി തോന്നിയത് ബാവുല്‍ സംഗീത ഉപാസനയിലെ പരിവ്രാജക സ്വഭാവമാണ്. പാടി അലയുന്ന അവധൂത പാരമ്പര്യത്തില്‍ ശാന്തി വീണ്ടും കനവിലെ ജീവിതം അനുഭവിക്കുകയായിരുന്നു. ബംഗാളിലെ ഉള്‍നാടുകളിലൂടെയും, പാര്‍വതിയുടെ ഗുരുക്കന്മാരുടെ ആശ്രമങ്ങളിലൂടെയും പാടിക്കൊണ്ടുള്ള യാത്രകള്‍, ശാന്തിയുടെ സംഗീതത്തിനെയും വ്യക്തിത്വത്തെയും മിനുക്കി കൊണ്ടേയിരുന്നു. കനവിലെ ജീവിതത്തിന്‍റെ തുടര്‍ച്ചകളായിരുന്നു ബംഗാളിന്‍റെ ഗ്രാമങ്ങളില്‍ ശാന്തി ആസ്വദിച്ചത്. പാട്ടും നൃത്തവും ദൈനംദിനതയുടെ ഭാഗമാവുന്ന ജീവിതതാളം. കേള്‍ക്കുന്നയാളും പാടുന്ന ആളും തമ്മില്‍ അകലങ്ങളില്ലാത്ത നാദപ്രപഞ്ചം .പാര്‍വതി ദീദിയിലൂടെ താന്‍ നേടിയ സംഗീതദര്‍ശനത്തെ കുറിച്ചുള്ള ശാന്തിയുടെ നിരീക്ഷണം ഒരുപോലെ ലളിതവും, അഗാധവുമാണ്. “അത് അതിസൂക്ഷ്മവും അതിവിശാലവുമാണെന്നു കണ്ടു നമ്മള്‍ അതിശയിക്കുന്നു.എല്ലാവരുടെയും ഉള്ളില്‍ നമ്മള്‍ അറിയാതെ ഉള്ള തേടലായിരിക്കാം അത്. ഓരോരുത്തര്‍ക്കും അവരുടെ സ്വന്തമായ ഭാവത്തില്‍ അത് വെളിവാകുന്നുണ്ടാകും….വീടിനു പുറത്തേക്കു കാലു വെച്ച് ആദ്യമായി ആകാശത്തേക്ക് നോക്കിയ പോലെ ഒരു അനുഭവം.”

ശാന്തിയുടെ പാട്ടുവഴിയിലെ മറ്റൊരു പ്രധാന ഗുരു പ്രഹ്ലാദ് സിംഗ് ടിപ്പാനിയ ആണ്.ഒരു സ്കൂള്‍ അധ്യാപകനായ ടിപ്പാനിയ എല്ലാവരെയും കബീറിന്‍റെ ലോകത്തിലേക്കും, അറിവിലേക്കും ഉണര്‍ത്താന്‍ സദാ ശ്രമിച്ചുകൊണ്ടിരുന്നു.വാമൊഴിയായി പാട്ടിലൂടെ കൈമാറ്റം ചെയ്യപ്പെട്ട അറിവുകളുടെ ഗുരുവാണി അഥവാ ശബ്ദഗാന പാരമ്പര്യമാണിത്.കശ്മീരിലെ ലല്ല, ഗുരുനാനക്ക്സാഹബ്, കബീര്‍, അക്കമഹാദേവി, ജ്ഞാനേശ്വര്‍, കേരളത്തില്‍ ശ്രീനാരായണഗുരു എന്നിവരുടെ പാട്ടുകള്‍ ഒരൊറ്റ ജ്ഞാനശരീരമായി വര്‍ത്തിക്കുന്നു എന്ന് ശാന്തി അടിവരയിടുന്നു.
പാട്ടിന്‍റെ വാമൊഴി പാരമ്പര്യം അമൂല്യമായ ഒരു ഖനിയാണ്. കണ്ണ് കാണാത്ത എഴുത്തും വായനയും അറിയാത്ത ബംഗാളിലെ കാനായ്ദായെ കുറിച്ച് ശാന്തി വാചാലയാകുന്നു. “ആയിരത്തോളം പാട്ടുകള്‍ അറിയുന്ന കാനായ്ദാ തന്നെത്തന്നെ ഒരു പുസ്തകമായാണ് കാണുന്നത്.” ബാവുള്‍ എന്ന അവധൂത പാരമ്പര്യം ശ്രദ്ധ പതിപ്പിക്കുന്നത് പാട്ടിനേക്കാളേറെ പാട്ടിലൂടെ കൈമാറ്റപ്പെടുന്ന അറിവിലാണ്. വ്യത്യസ്ത സംഗീതധാരകള്‍ തമ്മിലുള്ള അതിര്‍വരമ്പുകള്‍ അത്ര കണിശമല്ലെന്നാണ് ശാന്തിയുടെ തെളിഞ്ഞ നിരീക്ഷണം. ഹൃദയംകൊണ്ട് പാടുമ്പോള്‍ സംവാദം എന്നും സാധ്യമാണ്.

ബാവുള്‍ സംഗീതമാണ് തന്‍റെ അടിസ്ഥാനം.ഏകതാരയും ഡുഗ്ഗിയും വായിച്ചു കബീര്‍ദോഹകളും നാരായണഗുരു കൃതികളും ശാന്തി പാടാന്‍ ശ്രമിക്കുന്നുണ്ട്. “പാട്ടുകളില്‍ കാലവും ദേശവും അപ്പോഴത്തെ സാധാരണ ജീവിതവും ഒക്കെ പ്രതിഫലിക്കുന്നുണ്ട്.പക്ഷെ ആ പുറംകവചത്തിനുള്ളില്‍ അടങ്ങിയിരിക്കുന്നത് ഗുരുവാണിയാണ്. അത് ഏതൊരു ദേശത്തോടും, കാലത്തോടും, നേരിട്ട് നമ്മുടെ ഹൃദയത്തോടും സംവദിക്കുന്നതുമായിട്ടുള്ള അറിവാണ്.ആ രീതിയില്‍ ഞാനിതിനെ ഒന്നായിട്ടാണ് കാണുന്നത്.”

“എനിക്ക് ഈ പാട്ടുവഴിയാണിഷ്ടം” എന്മ്പറയുമ്പോഴും ഗായിക എന്നതിനേക്കാള്‍ തന്നെത്തന്നെ ജീവിതത്തിന്‍റെ വിദ്യാര്‍ത്ഥിയായി കാണാന്‍(a student of life ) സ്വയം ആഗ്രഹിക്കുന്നു എന്നും ശാന്തി വ്യക്തമാക്കുന്നു. ഒരു ആറു വയസ്സുകാരന്‍റെ അമ്മയെന്ന നിലയില്‍ തന്‍റെ ഓരോ ദിവസവും കളിയും കഥപറച്ചിലും ഭക്ഷണംപാകം ചെയ്യലും എല്ലാം കൊണ്ട് തിരക്കേറിയതാണ്. അതിന്‍റെയൊക്കെ ഭാഗമാണ് തന്‍റെ പാട്ടും. ജീവിതവഴിയും പാട്ടുവഴിയും ഒന്ന് തന്നെയാണ്.
ഇന്ന് തിരുവണ്ണാമലയിലെ മരുതം വിദ്യാലയത്തില്‍ ജീവിതപങ്കാളിയായ സുനിലിനും മകന്‍ വനമാലിക്കുമൊപ്പം താമസിച്ചു സംഗീതം പഠിപ്പിക്കുമ്പോഴും ആ തേടല്‍ തുടര്‍ന്നുകൊണ്ടേയിരിക്കുന്നു.കുട്ടികളില്‍ സ്വാഭാവികമായും തുറന്നുപാടാനുള്ള ഒരു സിദ്ധിയുണ്ട് . അത് പ്രോത്സാഹിപ്പിക്കുന്നതാണ് തന്‍റെ ദൗത്യമെന്നു ശാന്തിയിലെ അധ്യാപിക കരുതുന്നു. കുട്ടിക്കാലത്തു കേള്‍ക്കുന്ന കബീറിന്‍റെ ഒരു കുഞ്ഞു ദോഹ ഒരു വിത്തായി, എന്നെന്നേക്കുമുള്ള ഒരു കൂട്ടായി കൂടെയുണ്ടാകും. നാരായണഗുരുവിന്‍റെ പാട്ടുകളുടെ ആഴം ശാന്തിയെ ആകര്‍ഷിക്കുന്നുണ്ട്. “ലോകത്ത് ഒരുപാട് പാട്ടുകള്‍ ശേഖരിക്കപ്പെടാതെ കിടക്കുന്നുണ്ട്. ഒരു സമയത്തു ഒരു പാട്ടു നമ്മളെ യാദൃച്ഛികമായി തേടി എത്തും.അത് മീരയുടേതാകാം ബസവണ്ണന്‍റെയാകാം ബോബ് ഡിലന്‍റേതാകാം. അങ്ങിനെ നമ്മളെ തേടി എത്തുന്ന പാട്ടിനെ ഞാന്‍ എന്‍റെ മാലയില്‍ കോര്‍ത്ത് വെക്കുന്നു.”ശാന്തിപ്രിയ എന്ന ഗായികക്ക് , അന്വേഷകക്ക് ആസ്വാദകരോട് ഇനിയും ധാരാളം അറിവനുഭവങ്ങള്‍ പങ്കുവെക്കാനുണ്ടെന്നു വ്യക്തം. ഒരുപാട് ദിവസങ്ങളായി ഞങ്ങള്‍ നടത്തിയ നിരവധി സംഭാഷണങ്ങളിലൂടെ ശാന്തി ആര്‍ജിച്ചെടുത്ത പാട്ടറിവുകളുടെ വക്കിലേ ഞാന്‍ തൊട്ടിട്ടുള്ളൂ എന്ന് ഞാന്‍ മനസ്സിലാക്കുന്നു. ശാന്തിയുടെ യാത്രയെ ഇനിയുള്ള കാലം ഞാന്‍ സശ്രദ്ധം പിന്തുടരുമെന്നു ഉറപ്പാണ്. ഇത് എഴുതിത്തീരുമ്പോള്‍ ശാന്തിയുടെ ശബ്ദത്തിലൂടെ, സ്വരതാളങ്ങളിലൂടെ ഞാനും മൂളുന്നു ആ കബീര്‍ ഭജന്‍.ഒരു ദിവസം ഒറ്റയ്ക്ക് പറന്നു പോകുന്ന ഹംസത്തെ കുറിച്ചുള്ള പാട്ട്… “ഉഡ് ജായേഗ ഹംസ് അകേല ജഗ് ദര്‍ശന്‍ കാ മേള…”

നിങ്ങളുടെ വിലപ്പെട്ട പ്രതികരണങ്ങള്‍ feedbackvazhithaarakal@gmail.com എന്ന മെയിലിലേക്ക് അയക്കുക

ജാനകി
കോഴിക്കോട് സര്‍വ്വകലാശാല
ഇംഗ്ലീഷ് വിഭാഗം അദ്ധ്യാപിക

COMMENTS

COMMENT WITH EMAIL: 0