മുഖവുര-നവംബര്‍ ലക്കം

Homeമുഖവുര

മുഖവുര-നവംബര്‍ ലക്കം

ഡോ.ഷീബ കെ.എം.

ത്രയും വേദനയോടെയും നിരാശയോടെയുമാണ് ഒക്ടോബര്‍ മാസം കടന്നുപോയത്. വാളയാറിലെ പെണ്‍കുട്ടികള്‍ക്ക് നീതി ലഭിച്ചില്ല എന്ന സത്യം നമ്മുടെ പ്രതീക്ഷകളെ വല്ലാതെ കെടുത്തുന്നതായിരുന്നു. അന്വേഷണത്തിലെ ഗുരുതരമായ വീഴ്ചകള്‍, തെളിവ് നശിപ്പിക്കല്‍ തുടങ്ങി നീതി സാധ്യതകളെ അടച്ചു കളയുന്ന നടപടികള്‍ ഏറെയുണ്ടായി. ഭരണകൂടത്തിന്‍റെ രാഷ്ട്രീയ ഇച്ഛാശക്തിയുടെ കുറവ് രൂക്ഷമായി അനുഭവപ്പെട്ട സന്ദര്‍ഭം കൂടിയായി ഇത് മാറി. ശക്തമായ പ്രതിഷേധങ്ങള്‍ ഉണ്ടാവുമ്പോഴും അത് എളുപ്പം അവഗണിക്കാവുന്നതാണെന്ന സൂചന ഒരു ഭരണകൂടത്തിന്‍റെ ജനാധിപത്യബോധത്തെ പ്രതിക്കൂട്ടില്‍ നിര്‍ത്താന്‍ പോന്നതാണ്.

ലൈംഗികാതിക്രമങ്ങള്‍ക്ക് ഇരയാവുന്നവര്‍ കടന്നുപോകുന്ന അതിഭീകര മാനസിക – ശാരീരിക അവസ്ഥകള്‍ അതനുഭവിക്കാത്തവര്‍ക്ക് മനസ്സിലായെന്ന് വരില്ല. പക്ഷേ ഇരയോടൊപ്പം നില്‍ക്കാനും അതിജീവനത്തിന്‍റെ കൈത്താങ്ങാവാനും അനുതാപവും രാഷ്ട്രീയ ബോധവുംമാത്രമാണ് ആവശ്യം. അതില്ലാതെ അതിക്രമങ്ങള്‍ക്ക് കാരണം ഇര തന്നെയെന്നുംڔ ഇരയാക്കപ്പെട്ടാല്‍ മരണമല്ലാതെ മറ്റൊരു മാര്‍ഗ്ഗവും മുന്നിലില്ല എന്നും വിളിച്ചു പറയുന്നത് കടുത്ത ഹിംസയും സ്ത്രീവിരുദ്ധതയുമാണ്. ഈ പ്രതികരണം കേരളത്തിലെ സമുന്നത നേതാവായ മുല്ലപ്പള്ളി രാമചന്ദ്രനില്‍ നിന്നുമാകുമ്പോള്‍ പ്രശ്നം ഏറെ ഗുരുതരമാകുന്നു. നേതൃസ്ഥാനം ഏതു നീച നിലപാടുകളും വിളിച്ചുപറയാനുള്ള അവസരമാകുന്നതിനോടും ഇക്കൂട്ടര്‍ക്ക് ശിക്ഷയേതുമില്ലാതെ രക്ഷപ്പെടാന്‍ സാധിക്കുന്നതിനോടും കഠിനമായി പ്രതിഷേധിക്കുന്നു.

രാഷ്ട്രീയപ്രവര്‍ത്തനങ്ങളുടെ നേരും നെറിയും തീരുമാനിക്കപ്പെടുന്നതിന്‍റെ ഭാഗമായി
സ്ത്രീപക്ഷചിന്തകള്‍ ഉള്‍ക്കൊള്ളപ്പെടാറുണ്ടോ? നവംബര്‍ ഒന്ന് കേരളപ്പിറവി ദിനമായി ആചരിക്കപ്പെടുമ്പോള്‍ സംസ്ഥാനമൊട്ടാകെ ഒരു പ്രതിഷേധ ദിനം കൂടിയാവുകയാണ് ഈ ദിവസം . സ്ത്രീകള്‍ക്കെതിരെയുള്ള ലൈംഗിക അതിക്രമങ്ങള്‍ക്കും ദലിത് ആദിവാസി മുസ്ലിം ലിംഗലൈംഗികസ്വത്വ പീഡനങ്ങള്‍ക്കുമെതിരെ പ്രതിഷേധജ്വാല ഉയരുന്ന ദിവസമാവും അത്. ഒരു ചങ്ങലയുടെ യഥാര്‍ത്ഥ ശക്തി അതിന്‍റെ ഏറ്റവും ദുര്‍ബലമായ കണ്ണിയെ മുന്‍നിര്‍ത്തിയാണ് അളക്കേണ്ടതെന്ന പ്രമാണം ഇവിടെ ശരിവെക്കപ്പെടുന്നു. ഈ സര്‍ക്കാറിന്‍റെ നേതൃത്വത്തില്‍ പല മേഖലകളിലും ഏറെ പുരോഗമനപരമായ പദ്ധതികളും നടപടികളും ഉണ്ടാവുമ്പോഴും സ്ത്രീ വിരുദ്ധതകളെ കാര്യക്ഷമമായി നേരിടാനുള്ള കരുത്തും ലക്ഷ്യബോധവും ആശങ്കാജനകമാം വിധം പിറകിലാണെന്ന് കാണുന്നു. മേല്‍ സൂചിപ്പിച്ച കോണ്‍ഗ്രസ്സ് നേതാവ് പറഞ്ഞതിനോടുള്ള ഔദ്യോഗിക പ്രതികരണം പോലും ഇതിന് ഉദാഹരണമാണ്.

സാമ്പത്തിക സംവരണത്തെക്കുറിച്ചുള്ള സര്‍ക്കാര്‍ മുന്‍തീരുമാനം ജാതി എന്നത് വെറുമൊരു വര്‍ഗ്ഗാനുഭവം മാത്രമാക്കി ചുരുക്കിക്കളഞ്ഞു. ഈ പരിപ്രേക്ഷ്യം ജാതിവ്യവസ്ഥ എന്ന അധികാരശ്രേണിയില്‍ നൂറ്റാണ്ടുകളായി നിലനിന്ന സ്വാധീനങ്ങളുടെ (പ്രിവിലേജ്) സാന്നിധ്യം തീരെ അവഗണിച്ചു കളഞ്ഞു. ചരിത്രപരമായ അനുഭവങ്ങളുടെ നിഷേധമായി ഇത് പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നു എന്ന് അവലോകന കണക്കുകള്‍ തെളിയിക്കുകയും ചെയ്യുന്നു. ജാതി എന്ന സംവര്‍ഗ്ഗം അതിന്‍റെ തന്നെ യാഥാര്‍ത്ഥ്യങ്ങളില്‍ മനസ്സിലാക്കപ്പെട്ട് അഭിമുഖീകരിക്കപ്പെടേണ്ടതാണ്. സര്‍ക്കാര്‍ പദ്ധതികളിലും നിയമന ഉത്തരവുകളിലും ഇത് ഫലപ്രദമായി പ്രതിഫലിക്കുന്നതിലാവണം ജനാധിപത്യ സാമൂഹ്യനിര്‍മ്മിതിയുടെ അടിസ്ഥാനവും.

മാതൃഭാഷയ്ക്ക് വേണ്ടിയുള്ള പ്രചാരണം ഏറ്റവും ശക്തമായ രീതിയില്‍ ഏറ്റെടുക്കപ്പെട്ട കാലം ആണല്ലോ ഇത്. ഭാഷയെ പരിപോഷിപ്പിക്കാനും ഭരണഭാഷയായി മാറ്റാനും ‘തനത് ‘ എന്ന ഭാഷാസ്വത്വബോധത്തെ ദൃഡപ്പെടുത്താനും ഒരു പ്രസ്ഥാനം തന്നെ രൂപപ്പെടേണ്ടി വന്നു. അധിനിവേശ ആശയങ്ങള്‍  ഭാഷയിലൂടെ സംസ്ക്കാരത്തെ കീഴടുക്കുന്നതില്‍ നിന്നുമുള്ള വിടുതി ഭാഷയ്ക്കുമപ്പുറമുള്ള ഒരു രാഷ്ട്രീയ പ്രശ്നമാണ്. ഈ കരുത്ത് അധിനിവേശാനന്തര സമൂഹങ്ങളിലെ എല്ലാ ഭാഷാ പ്രസ്ഥാനങ്ങളിലും കാണാം. എന്നാല്‍ ഭാഷയുടെ രാഷ്ട്രീയത്തിന്‍റെ സൂക്ഷ്മവശങ്ങള്‍ കൂടി ചര്‍ച്ചയ്ക്ക് വിധേയമാകേണ്ടതുണ്ട്. ദലിതര്‍ ഇംഗ്ലീഷിലൂടെ പുരോഗമനം നേടുന്നതിനെക്കുറിച്ചുള്ള വ്യവഹാരങ്ങളും (ഇംഗ്ലീഷിങ്ങ് ദലിത്സ്) , ആദിവാസികള്‍ മലയാള ഭാഷയുടെ സമ്മര്‍ദ്ദങ്ങളില്‍ സ്വന്തമായ അനേകം ഭാഷകളില്‍ നിന്നും അകന്നുപോകേണ്ടി വരുന്ന യാഥാര്‍ത്ഥ്യങ്ങളും എല്ലാം പരിഗണിക്കപ്പെടുന്ന ഒരു ജൈവചര്‍ച്ച ഇതോടനുബന്ധിച്ച് നടക്കേണ്ടതുണ്ട് എന്നാണ് അഭിപ്രായം.

സിനിമാലോകം പൊതുവില്‍ ആണുങ്ങളുടെയും ആണത്തത്തിന്‍റെയും മേഖലയായാണ് അനുഭവപ്പെട്ടു വന്നിട്ടുള്ളത്. ചലച്ചിത്ര സംവിധാനം ഒരു തൊഴില്‍ പോലും ആയിരുന്നില്ലാത്ത കാലത്ത് 1896ല്‍ ‘ദ് കേബേജ് ഫെയ്റി’ എന്ന ആദ്യ ചലച്ചിത്രം സംവിധാനം ചെയ്ത ഏലിസ് ഗീ ബ്ലാഷേ യെڔ പിന്‍തള്ളി 1915 ല്‍ ‘ബര്‍ത്ത് ഒഫ് എ നേഷന്‍ ‘ എന്ന സിനിമ സംവിധാനം ചെയ്ത
ഡേവിഡ് വാര്‍ക്ക് ഗ്രിഫിത്തിനെയാണ് ഹോളിവുഡ് സിനിമയുടെ പിതാവായി അവരോധിച്ചിട്ടുള്ളത്. ഇത്തരം ആണ്‍ലോക കാഴ്ചകള്‍ മാത്രമേ നമ്മുടെ ചരിത്രത്തില്‍ ഉള്ളൂ. ഒന്നേകാല്‍ നൂറ്റാണ്ട് മുമ്പ് ഫ്രാന്‍സില്‍ ഏലീസ് കൊളുത്തിയ തീനാളം ഈ കാലമത്ര കഴിഞ്ഞിട്ടും ആളിക്കത്തിയിട്ടില്ല. അത്രമേല്‍ തടസ്സങ്ങളും പിന്തിരിപ്പിക്കലുകളും അവഗണനകളും നിറഞ്ഞതായി തുടരുകയാണ് സ്ത്രീകള്‍ക്കിന്നും സിനിമ എന്ന തൊഴില്‍രംഗം. എന്നാല്‍ കുറച്ചു കാലങ്ങളായി
ലോകത്താകമാനം സ്ത്രീകള്‍ ഇതിനെതിരെ സംഘടിച്ചു ശക്തരാവുന്നതും ശബ്ദമുയര്‍ത്തുന്നതും ഏറെ പ്രതീക്ഷകള്‍ക്ക് വക നല്‍കുന്നു. ഒറ്റപ്പെട്ടു പോകുന്ന, പക പോക്കലുകള്‍ക്ക് മുന്നില്‍ തൊഴില്‍ പോലും നഷ്ടമാവുന്ന പ്രതിരോധങ്ങളാണെന്നറിഞ്ഞിട്ടും സിനിമ എന്ന തൊഴില്‍ രംഗം സ്ത്രീകള്‍ക്ക് കൂടി അവകാശപ്പെട്ടതാക്കാന്‍ നടക്കുന്ന പ്രയത്നങ്ങളെ അവലോകനം ചെയ്യുകയാണ് ദീദി ദാമോദരന്‍ അതിഥി പത്രാധിപയായ നവംബര്‍ മാസം സംഘടിത . വായനയ്ക്കും പിന്‍ബലത്തിനുമായി സമര്‍പ്പിക്കുന്നു.

 

COMMENTS

COMMENT WITH EMAIL: 0