സത്യജിത് റേയുടെ ശതാബ്ദി അനുസ്മരണങ്ങളുടെ ഭാഗമായി ഇന്‍സൈറ്റ് പബ്ലിക്ക ഇറക്കുന്ന സി.വി രമേശന്‍ എഡിറ്റ് ചെയ്ത പുസ്തകത്തില്‍, ഘോരേ ബായരെ എന്ന ചിത്രം തുറന്നിടുന്ന ചില വായനാസാധ്യതകളെകുറിച്ച് ഞാനെഴുതിയ ലേഖനത്തിന്‍റെ ചില ഭാഗങ്ങള്‍ ആണ് നവംബറിലെ വഴിത്താരകള്‍ നിങ്ങള്‍ക്ക് മുന്നില്‍എത്തിക്കുന്നത്.
ബിമലയെ വീണ്ടും കാണുമ്പോള്‍
“സ്ത്രീകള്‍ക്ക് ദുഷിച്ചവരാവാം;അത് പ്രശ്നമല്ല.അവരെ മനുഷ്യരാക്കുകയാണ് വേണ്ടത്.അത് തന്നെയാണ് അദ്ദേഹം ചെയ്തത്”.1 സത്യജിത് റേയുടെ സ്ത്രീകഥാപാത്രങ്ങളെ കുറിച്ച് ,അദ്ദേഹത്തിന്‍റെ ചിത്രത്തിലൂടെ, തന്‍റെ ചലച്ചിത്രജീവിതം ആരംഭിച്ച അപര്‍ണ സെന്നിന്‍റെ വാക്കുകളാണിവ . പിന്‍ തലമുറകളെ ആഴത്തില്‍ സ്വാധീനിച്ച ചലച്ചിത്രപ്രതിഭയായി റേ ആദരിക്കപ്പെടുമ്പോഴും, അദ്ദേഹത്തിന്‍റെ കലാസൃഷ്ടികളും,പ്രതിനിധാനങ്ങളും ബാക്കിവെച്ച ആശങ്കകളും,ആകുലതകളും, അവ ഉയര്‍ത്തിയ നിശിത വിമര്‍ശനങ്ങളും ആ കലാജീവിതത്തിന്‍റെ അവിഭാജ്യഘടകം തന്നെയാണ്.ഒരു കാലഘട്ടത്തിന്‍റെ സന്ദിഗ്ധാവസ്ഥയുടെ മുദ്രണങ്ങളാണ്.അവ്യക്തവും, അപൂര്‍ണ്ണങ്ങളുമായ സത്യങ്ങളുടെ ഇടയില്‍ പെട്ട് കുഴങ്ങുന്ന ജീവിതങ്ങളുടെ സൗന്ദര്യത്തെ അന്വേഷിക്കുന്ന സിനിമയാണ് റേയുടെ ഘോരേ ബായരെ. സമീപകാലത്തു ഇന്ത്യന്‍ ആനുകാലികങ്ങളില്‍ ഈ സിനിമയുടെ വിവിധ തലങ്ങള്‍ നമ്മുടെ സാംസ്കാരിക ലോകത്തു ചര്‍ച്ച ചെയ്യപ്പെടുന്നുണ്ട് . സ്ത്രീ വിമോചനത്തെ കുറിച്ചുള്ള ആശയങ്ങളും, ദേശീയതാവാദങ്ങളും,രാജ്യസ്നേഹത്തെ കുറിച്ചുള്ള വിചിന്തനങ്ങളും ഈ കൃതിയെ നമ്മുടെ സ്മൃതിപഥ ത്തിലേക്ക് പുനരാനയിക്കുന്നു.
….
അഭ്രപാളിയില്‍ ആളിക്കത്തുന്ന തീയുടെ പശ്ചാത്തലത്തില്‍ ബിമല തന്‍റെ കഥ ഫ്ളാഷ്ബാക്കായി വിവരിക്കുന്നതിലൂടെയാണ് സിനിമ ആരംഭിക്കുന്നത്. മിക്കവാറും ബിമലയുടെ കാഴ്ചപ്പാടിലൂടെ നീങ്ങുന്ന ആഖ്യാനത്തിലേക്ക് ഇടയ്ക്കു മാത്രമാണ് , നിഖിലിലേക്കു ഫോക്കസ് വളരെ കുറച്ചു സമയത്തേക്ക് മാത്രം മാറുന്നത്.സ്ത്രീ അവളുടെ കഥ കുറ്റബോധത്തോടെ,പശ്ചാത്താപത്തോടെ പറയുന്ന ഈ പ്രക്രിയക്ക് ഒരു ഉച്ചാടനത്തിന്‍റെ സ്വഭാവമുണ്ട് . താന്‍ നിഖിലിനോട് ചെയ്ത അക്ഷന്തവ്യമായ അപരാധത്തിന്‍റെ കഥയായിട്ടാണ് പകിട്ടാര്‍ന്ന വസ്ത്രങ്ങള്‍ ധരിച്ചു കൊണ്ട് ബിമല (സ്വാതിലേഖ ചാറ്റര്‍ജി ) സമീന്ദാര്‍ കുടുംബത്തിലെ തന്‍റെ വൈവാഹിക ജീവിതത്തിന്‍റെ കഥ പറയുന്നത്.സമീന്ദാരായ നിഖില്‍ വിദ്യാഭ്യാസ സമ്പന്നനും,പരിഷ്കൃതനും,പടിഞ്ഞാറന്‍ സംസ്കാരങ്ങളെ ഉള്‍ക്കൊണ്ടിട്ടുള്ള ഉത്പതിഷ്ണുവായ, ചിന്താശീലനായ വ്യക്തിയാണ്. സ്വപത്നി ആംഗലേയ ഭാഷയും സംസ്കാരവും അറിയണമെന്നും,സ്ത്രീ ഒരു സ്വതന്ത്ര വ്യക്തിത്വത്തിന് ഉടമയാകണമെന്നും അയാള്‍ വിശ്വസിക്കുന്നു. …
അത്കൊണ്ട് തന്നെ താന്‍ ഗാഢമായി സ്നേഹിക്കുന്ന ബിമല, സന്ദീപിനെ പരിചയപ്പെടണമെന്നും സ്വദേശിപ്രസ്ഥാനത്തെ കുറിച്ച് അവള്‍ കൂടുതല്‍ അറിയണമെന്നും ,നിഖില്‍ തീവ്രമായി ആഗ്രഹിക്കുന്നു.സിനിമയുടെ ആദ്യഭാഗങ്ങള്‍ ഈ ദിശയിലേക്കു നീങ്ങുന്ന സ്വകാര്യനിമിഷങ്ങളുടെ ‘അക ‘ കാഴ്ചകളാണ്. ബിമലയെ സ്നേഹപൂര്‍വ്വം പരിഷ്കാരത്തിലേക്കു നിര്‍ബന്ധിക്കുന്ന നിഖില്‍,മിസ്സിസ് ഗില്‍ബിയുടെ മേല്‍നോട്ടത്തില്‍ നടക്കുന്ന ബിമലയുടെ പിയാനോ പരിശീലനം, കണ്ണാടിയുടെ മുന്‍പില്‍ നിന്ന് കൊണ്ട് പുതിയ തരത്തിലും വിധത്തിലുമുള്ള ബ്ലൗസുകള്‍ ധരിച്ചു തന്നില്‍ തന്നെ അഭിരമിക്കുന്ന ബിമല — ഇതെല്ലാം നോക്കി ഫ്രെയ് മിന്‍റെ ഒരു കോണില്‍ നില്‍ക്കുന്ന നിഖില്‍. അങ്ങിനെ നിഖിലിന്‍റെ നിരീക്ഷണ(സംരക്ഷണ) വലയത്തിനുള്ളില്‍ നിന്ന്കൊണ്ട് പുറം ലോകത്തെ അറിയുന്ന ബിമലയില്‍ നിന്നും, സ്വതന്ത്രമായി തനിക്കു ചുറ്റുമുള്ള ലോകവുമായി ഇടപഴകാന്‍ പുറത്തേക്കിറങ്ങുന്ന ബിമലയിലേക്കുള്ള മാറ്റവും അതിലൂടെ പഴയ ദാമ്പത്യ ജീവിതത്തിനു സംഭവിക്കുന്ന ഇടര്‍ച്ചകളുമാണ് നോവലിന്‍റെയും ചലച്ചിത്രത്തിന്‍റെയും ഒരു തലം.സവര്‍ണ്ണ യാഥാസ്ഥിതികതയുടെ ഇരുണ്ട ഭദ്രതയില്‍നിന്ന് , സമരത്തിന്‍റെയും സഹനത്തിന്‍റെയും അസ്ഥിരമായ ഒരു രാഷ്ട്രീയ / സാമൂഹ്യ അവസ്ഥയിലേക്കുള്ള നീക്കമാണ് ആഖ്യാനത്തിന്‍റെ മറ്റൊരു തലം.
………
ബിമലയെ ഈ നൂറ്റാണ്ടിലും ചര്‍ച്ച ചെയ്യാന്‍ തക്ക വണ്ണം അവള്‍ നമ്മെ ആകര്‍ഷിക്കുന്നത് എന്ത് കൊണ്ടാണ്?കേവലം ആണ്കോയ്മയില്‍ അധിഷ്ഠിതമായ ഒരു കുടുംബ സാമൂഹ്യ വ്യവസ്ഥയുടെ ഉത്കണ്ഠയാണോ ഈ സിനിമയില്‍ മുന്തിനില്‍ക്കുന്ന ആഖ്യാന തന്തു ? പ്രത്യക്ഷ പാഠങ്ങളെ മറി കടന്നു പോകുന്ന ചിന്താധാരകള്‍
സ്ത്രീക്ക് തന്‍റെ വിമോചന സങ്കല്‍പ്പങ്ങളെ സ്വയം നെയ്തെടുക്കാനുള്ള സ്വാതന്ത്ര്യത്തെ അന്വേഷിക്കുന്നുണ്ട് .ബിമലയുടെ ആഗ്രഹത്തിന്‍റെ പൂര്‍ത്തീകരണമാണോ അതോ നിഖിലിന്‍റെ പുരോഗമനേച്ഛയുടെ സാക്ഷാത്ക്കാരമാണോ ഇവിടെ നിര്‍വഹിക്കപ്പെടുന്നത് ?രണ്ടു പുരുഷകര്‍തൃത്വങ്ങള്‍ സൃഷ്ടിച്ചെടുക്കുന്ന വിമോചിതയായ സ്ത്രീയെ കുറിച്ചുള്ള സങ്കല്പങ്ങളുടെ തടവുകാരിയാണ് ബിമല. ആ കണ്ണാടിബിംബങ്ങളില്‍ നിന്ന് അവള്‍ മോചിത ആകേണ്ടതുണ്ട്. വര്‍ണ്ണ ശബളമായ വസ്ത്രങ്ങള്‍ ധരിച്ചു തന്‍റെ ദുഃഖകഥ പറഞ്ഞു തുടങ്ങിയ ബിമല സിനിമയുടെ അവസാനത്തില്‍ മൂന്നു ഡിസോള്‍വുകളിലൂടെ വൈധവ്യത്തിന്‍റെ നിറംകെട്ട വെളുപ്പിലേക്കു കടക്കുന്ന രംഗം ഹൃദയഭേദകമായ കാഴ്ചയാണ് . സദാചാരത്തിന്‍റെയും സമ്പ്രദായികതയുടെയും ലക്ഷ്മണരേഖകള്‍ ലംഘിച്ചതിന് ബിമല ശിക്ഷിക്കപ്പെടുകയാണ് എന്ന തരത്തിലുള്ള ലളിതവത്കരണങ്ങളെ നിരാകരിച്ചുകൊണ്ട്
ഡാരിയസ് കൂപ്പര്‍ ഇങ്ങിനെ കുറിക്കുന്നു:”വീട്ടിനകത്തും പുറത്തുമല്ലാത്ത ഒരിടത്ത് സ്വയം പ്രതിഷ്ഠി ക്കാന്‍ അവളെ നിര്‍ബ്ബന്ധിക്കുന്ന ചരിത്രത്തിന്‍റെ അനിവാര്യമായ ഇരയാക്കി അവളെ റേ മാറ്റുകയാണ് .”5
അതെ, ബിമല അവിടെ ഒടുങ്ങുന്നില്ല. സ്വാതത്ര്യത്തിന്‍റെ ക്രിയാത്മകമായ സാധ്യതകള്‍ അവള്‍ അന്വേഷിക്കുന്നത് തുടരും.നിഖിലിന്‍റെയോ സന്ദീപിന്‍റെയോ പ്രതീക്ഷകള്‍ക്കനുസരിച്ചു ചലിക്കുന്നതല്ല ബിമലയുടെ സ്വച്ഛന്ദമായ വളര്‍ച്ച.ആണ്കോയ്മയുടെ പരിരക്ഷണത്തില്‍ നിന്ന് പുറത്തേക്ക് സാഹസികമായി കടക്കുമ്പോള്‍ അപകടങ്ങള്‍ ഉണ്ടാവാം,കണക്കു കൂട്ടലുകള്‍ പിഴച്ചേക്കാം—എന്നാല്‍ ആ അഗ്നിപരീക്ഷയും ബിമലയുടെ പരിവര്‍ത്തനത്തിന്‍റെ മുഖ്യഘടകം തന്നെയാണ്. അവരെ മറി കടന്നു കൊണ്ട് തന്‍റെ തന്നെ ശക്തിസ്രോതസ്സുകളെ സ്വയം കണ്ടെത്തുമ്പോഴാണ് ബിമല ഒരു വ്യക്തിയായിത്തീരുന്നത്.അവിടെയാണവള്‍ പൂര്‍ണ്ണയാകുന്നതും.മാത്രമല്ല ബിമലയിലെ മാറ്റങ്ങളെ പരിഭ്രമത്തോടെ വീക്ഷിക്കുന്ന വേലക്കാരികള്‍,വിധവയായതു കൊണ്ട് മാത്രം ചുരുങ്ങിയ ജീവിതം ജീവിച്ചു തീര്‍ക്കുന്ന നാത്തൂന്‍ —ഈ സ്ത്രീകളെ കൂടി ഉള്‍കൊള്ളുമ്പോഴാണ് ബിമലയുടെ രാഷ്ട്രീയബോധം തിടം വെക്കുകയുള്ളൂ.ഭദ്രമഹിള എന്ന തന്‍റെ സാമൂഹ്യപദവി തനിക്കു വെച്ച് നീട്ടുന്ന വിശേഷ അധികാരങ്ങളെ അവള്‍ തിരിച്ചറിയുകയുള്ളൂ.ഇടനാഴികളില്‍ നിന്ന് പൊതുസ്ഥലത്തേക്ക് ആത്മവിശ്വാസത്തോടെ ഒറ്റയ്ക്ക് ഇറങ്ങി വരുന്ന ബിമലയെ പ്രതീക്ഷിച്ചുകൊണ്ടാണ് സിനിമ തന്‍റെ ഭാവിജീവിതം ഉറപ്പാക്കുന്നത്. സ്ത്രീയുടെ സ്വാതന്ത്ര്യ പ്രഖ്യാപനത്തെ അതിന്‍റെ എല്ലാ അര്‍ത്ഥത്തിലും ഉള്‍കൊള്ളാന്‍ ഇനിയും ഇന്ത്യന്‍ സമൂഹം തയ്യാറായിട്ടുണ്ടോ എന്ന പ്രകോപിപ്പിക്കുന്ന ചോദ്യമാണ് സിനിമയുടെ അവസാനദൃശ്യത്തിലെ വിധവയായ ബിമലയുടെ ഫ്രണ്ടല്‍ ഷോട്ട് . അതെ, റേയുടെ ബിമല നമ്മളെ കാണുകയാണ്.ചരിത്രത്തിന്‍റെ ഇടനാഴികളിലൂടെ.
(കോഴിക്കോട് സര്‍വ്വകലാശാല
ഇംഗ്ലീഷ് വിഭാഗം അദ്ധ്യാപിക)
COMMENTS