Homeചർച്ചാവിഷയം

ക്യാമറയുടെ ടീച്ചറാവാം

ണ്ണഞ്ചിക്കുന്ന വിസ്മയക്കാഴ്ചകള്‍ തരുന്ന സിനിമ പ്രായ ഭേദമെന്യേ മനുഷ്യരെ കീഴടക്കുന്ന ഒന്നാണല്ലൊ. സിനിമയും അതിനോടനുബന്ധിച്ച കലകളും ഇല്ലാത്ത ഒരു ലോകം നമുക്ക് സങ്കല്‍പ്പിക്കാന്‍ പോലുമാവില്ല. അതിന്‍റെ പിന്നണിയിലേക്ക് നോക്കിയാല്‍ ഇന്നും ചില വിഭാഗങ്ങളില്‍ സ്ത്രീകള്‍ കടന്നുവരാന്‍ മടിക്കുന്ന അല്ലെങ്കില്‍ അവരെ അകറ്റി നിര്‍ത്താന്‍ പ്രേരിപ്പിക്കുന്ന ഘടകങ്ങളുണ്ട്.

കേരളത്തില്‍ സിനിമാ ഛായാഗ്രഹണ മേഖലയിലേക്ക് കടന്നുവരാന്‍ ഇന്നും സ്ത്രീകള്‍ മടിക്കുകയാണ്. കൂടുതല്‍ കായികാധ്വാനവും അര്‍പ്പണബോധവും വേണ്ട ജോലിയായത് കൊണ്ടായിരിക്കും എന്നൊക്കെ പറയാമെങ്കിലും, സിനിമയില്‍ അസ്സോസിയേറ്റ് ക്യാമറാ പെര്‍സണായും, ഷോര്‍ട്ട് ഫിലിം, സീരിയല്‍, ഡോക്യുമെന്‍ററി എന്നിവയിലും, ചാനലുകളിലെ പ്രോഗ്രാം സെക്ഷനിലും, ന്യൂസിലും ജോലി ചെയ്തിട്ടുള്ള എക്സ്പീരിയന്‍സും വെച്ച് ഞാന്‍ മനസ്സിലാക്കിയിട്ടുള്ളത് എല്ലായിടത്തും ഏറ്റക്കുറച്ചിലുകളോടെ ആണ്‍കോയ്മ മൂലമുണ്ടാകുന്ന പ്രതിസന്ധികള്‍ സ്ത്രീകള്‍ക്കുണ്ടെന്നതാണ്. അത് ഏറ്റവും കൂടുതല്‍ നിലനില്‍ക്കുന്നത് സിനിമയിലാണ്. സിനിമ പണത്തിനോടടുത്തു നില്‍ക്കുന്ന മേഖലയാണ്. താരങ്ങള്‍ക്കുള്ള പരിഗണനക്കപ്പുറം മറ്റു ജോലിക്കാരുടെ അടിസ്ഥാന സൗകര്യങ്ങളെ വെട്ടിക്കുറച്ച് ചിലവ് നിയന്ത്രിക്കുന്ന രീതിയാണവിടെ പ്രധാനമായും കാണാറുള്ളത്. സിനിമയില്‍ അഭിനയമൊഴിച്ച് മറ്റു വിഭാഗങ്ങളില്‍ സ്ത്രീകള്‍ വിരലിലെണ്ണാവുന്നവര്‍ മാത്രമാണിപ്പോഴും. അതില്‍ ഫൗസിയയും അഞ്ജലിയുമൊഴിച്ചാല്‍ (ഇവര്‍ മലയാളത്തില്‍ സിനികള്‍ ചെയ്തിട്ടുണ്ടെങ്കിലും മലയാളികളല്ലതാനും) മലയാള സിനിമയില്‍ ക്യാമറയില്‍ സ്ത്രീകള്‍ ഇല്ലാത്ത അവസ്ഥയാണ്…

കേരളത്തില്‍ ഒരു സ്ത്രീ ക്യാമറ ചെയ്യാനിറങ്ങി പുറപ്പെട്ടാല്‍ ആദ്യം പറയുന്നത് ‘ഓ അവള്‍ക്ക് മതിലു കേറാനും, മരം കേറാനും, ക്രെയിനില്‍ കേറാനും ഒന്നും കഴിയില്ല’ എന്നായിരിക്കും. ഇതിനെല്ലാം തയ്യാറായാലും അസോസിയേറ്റായും, അസിസ്റ്റന്‍റായും പുരുഷനായിരിക്കും കൂടെയുണ്ടാവുക. ക്യാമറാവനിതയുടെ ആവശ്യ പ്രകാരം ഒരു ലൈറ്റെടുത്ത് പൊസിഷനില്‍ വെക്കാനോ ക്യാമറാ സ്റ്റാന്‍റെടുത്ത് വെക്കാനോ ഒന്നും അവര്‍ പൂര്‍ണ്ണ മനസ്സോടെ തയ്യാറായെന്നു വരില്ല. നിര്‍ബന്ധിതമായി ചെയ്യേണ്ടി വരുന്നത് കൊണ്ട് തികഞ്ഞ ആണ്‍ ബോധത്തോടെ മനപൂര്‍വ്വം അവര്‍ തെറ്റുകള്‍ വരുത്തിക്കൊണ്ടേയിരിക്കും. മനം മടുത്തു നാം പിന്‍മാറേണ്ട ഗതികേടിലേക്കോ, അവരുടെ സഹകരണമില്ലാതെ പ്രതീക്ഷിച്ച പെര്‍ഫെക്ഷനിലേക്ക് വര്‍ക്ക് എത്താതെ പഴി കേള്‍ക്കേണ്ടി വരുന്ന വലിയ മാനസിക സമ്മര്‍ദ്ദത്തിലേക്കോ നാം പതിച്ചു പോകും… ഡേറ്റും സമയവുമില്ലാത്ത അഭിനേതാക്കളെ; കിട്ടുന്ന സമയം കൊണ്ട് പരമാവധി സീനില്‍ അഭിനയിപ്പിച്ചെടുക്കാന്‍ സംവിധായകന്‍ പാടുപെടുമ്പോള്‍  (ഇത്തരം ഒളിഞ്ഞിരിക്കുന്ന നിസ്സഹകരണങ്ങള്‍ കൊണ്ട്) ക്യാമറ ചെയ്യുന്ന ആളുടെ ഭാഗത്ത് നിന്നും താമസം വരുന്നത് പൊറുക്കാന്‍ കഴിയാത്ത തെറ്റായി മാറും… എങ്കില്‍ ഇന്ത്യയില്‍ സ്ത്രീകള്‍ ക്യാമറ ചെയ്യുന്നില്ലേയെന്നും, കേരളത്തിലേക്കാളും പാട്രിയാര്‍ക്കി ഇന്ത്യയില്‍ മറ്റു സംസ്ഥാനങ്ങളിലില്ലേ എന്നും ചോദ്യം വരാം. ശരിയാണെന്ന് തോന്നാമെങ്കിലും അതിലെ വൈരുദ്ധ്യം, കേരളത്തില്‍ ഇതുപോലെ ചില മേഖലകളില്‍ ആണ്‍കോയ്മ ശക്തമായി ഇന്നും നിലനില്‍ക്കുന്നുണ്ടെന്ന് തന്നെയാണ്…

മറ്റൊന്നു നമ്മുടെ താമസസൗകര്യമാണ്. താരങ്ങളും, സംവിധായകരുമൊഴിച്ച് ബാക്കി ക്രൂ എല്ലാം മൂന്നും നാലും പേര്‍ ഒരു റൂം ഷെയര്‍ ചെയ്യുകയാണ് പതിവ്. ക്യാമറാ സ്ത്രീക്ക് വേണ്ടി ഒറ്റക്കൊരു റൂം എത്ര വലിയ ബഡ്ജറ്റ് സിനിമയാണെങ്കിലും അവര്‍ക്ക് അതിന് വേണ്ടി ചിലവാക്കാന്‍ മനസ്സു വരില്ല. ചാനലുകളില്‍ നമ്മുടെ സുരക്ഷിതത്വം കമ്പനിയുടെ കൂടി ഉത്തരവാദിത്വമാകുമ്പോള്‍ സിനിമയിലത് നമ്മുടെ സ്വന്തം ബാധ്യത മാത്രമാവുന്നു. അതുകൊണ്ട് തന്നെ ആരും ചോദിക്കാനും പറയാനുമില്ലാത്ത ഒരു അരക്ഷിതാവസ്ഥ എപ്പോഴും നമ്മെ പൊതിഞ്ഞു നില്‍ക്കും… ചിലപ്പോള്‍ ഒരുപാട് പുരുഷക്കൂട്ടങ്ങള്‍ക്കിടയിലെ ഏക സ്ത്രീയായിരിക്കും നാം. ഇവള്‍ക്ക് വേറെന്തെങ്കിലും പണിക്ക് പോയിക്കൂടെ ഇത് തന്നെ ചെയ്യണമെന്ന് എന്താ ഇത്ര വാശി എന്നായിരിക്കും മിക്കവാറും ആളുകളുടെ മനോഭാവം. ആദ്യ കാലങ്ങളിലൊക്കെ പല കോണുകളില്‍ നിന്നും ഞാനിത് കേട്ടിട്ടുണ്ട്…
ടെക്നിക്കല്‍ കാര്യങ്ങളില്‍ സ്ത്രീകള്‍ക്ക് കഴിവ് കുറവായിരിക്കുമെന്ന ഒരു മിഥ്യാ പൊതുബോധവും നമുക്കിടയിലുണ്ട്. നിര്‍ഭാഗ്യമെന്ന് പറയട്ടെ ഈ മേഖലയില്‍ ജോലി ചെയ്യുന്ന സ്ത്രീകള്‍ക്കിടയിലാണ് അത് കൂടുതലായുള്ളത്. നമ്മുടെ സമൂഹത്തില്‍ ടീച്ചര്‍ ക്ലര്‍ക്ക് ജോലിക്കുള്ള ഒരു (അലിഖിത) മഹത്വം പോലെ സിനിമയില്‍ അഭിനയത്തിനും, സംവിധാനത്തിനോ സംവിധാന സഹായത്തിനോ മാത്രമേ സ്വാഭാവികതയുള്ളതായി പലരും കരുതുകയുള്ളൂ… കോസ്റ്റ്യൂം ഡിസൈനര്‍, ഡാന്‍സ്മാസ്റ്റര്‍ എല്ലാം അതിന് താഴെയാണ്. (സ്ത്രീയാണെങ്കിലും ഇപ്പോഴും ‘മാസ്റ്റര്‍’ തന്നെയാണ്). ഛായാഗ്രഹണം പുരുഷന്മാരുടെ കുത്തകയും!
ഒരു സിനിമാട്ടോഗ്രാഫറാവുക എന്ന ആഗ്രഹത്തോടെ മുമ്പ് ഫീല്‍ഡിലേക്ക് വന്നയാളാണ് ഞാന്‍. അസിസ്റ്റന്‍റായി വര്‍ക്കു ചെയ്യുന്നതിനിടെ തന്നെ പുരുഷ കോട്ടയില്‍ നിന്ന് യാതൊരു സഹകരണവുമുണ്ടാവുകയില്ലെന്നും, സ്വന്തം സുരക്ഷയ്ക്ക് യാതൊരു ഗ്യാരണ്ടിയുമില്ലെന്നും തിരിച്ചറിഞ്ഞ് വിഷമത്തോടെ TV മേഖലയിലേക്ക് മടങ്ങിയതാണ്… അതുപോലെ ആദ്യമൊക്കെ ചാനലുകളിലും അസിസ്റ്റന്‍സിനൊക്കെ ഒരു ക്യാമറാവുമണെന്ന നിലയില്‍ ഞാന്‍ പറയുന്നത് അനുസരിക്കാന്‍ വലിയ ബുദ്ധിമുട്ടായിരുന്നു! പ്രത്യേകിച്ചും സ്റ്റ്യൂഡിയോ വിട്ടുള്ള പൊതുസ്ഥലങ്ങളില്‍…
(ഒരു ഉയര്‍ന്ന IPS ഉദ്യോഗസ്ഥ എവിടെയോ പറഞ്ഞതായോര്‍മ്മയുണ്ട്. സ്ത്രീയായതു കൊണ്ട് സാദാ കോണ്‍സ്റ്റബിളിന് പോലും അവരെ സല്യൂട്ടടിക്കാന്‍ വിമുഖതയാണെന്ന്.) പാട്രിയര്‍ക്കി കൊടികുത്തി വാഴുന്നിടമാണ് സിനിമ. അത്രത്തോളമില്ലെങ്കിലും മറ്റുള്ള വിഷ്വല്‍ മീഡിയയും അതില്‍ നിന്ന് വിഭിന്നമല്ല…

ഇപ്പോള്‍ ഏറ്റവും ഇളയ തലമുറയില്‍ ചെറിയ മാറ്റങ്ങള്‍ കണ്ടു തുടങ്ങിയത് പ്രതീക്ഷയുണര്‍ത്തുന്നുണ്ട്.
ക്യാമറ കൊണ്ട് അമ്മാനമാടുന്നതാണ് ക്യാമറാ വര്‍ക്കെന്ന് വിഷ്വല്‍ മേഖലയില്‍ത്തന്നെയുള്ള പലരും തെറ്റിദ്ധരിച്ചു വച്ചിട്ടുണ്ട്. അതിന് അതിന്‍റേതായ അളവുകളും, കണക്കുകളും, രാഷ്ട്രീയവും, എതിക്സും എല്ലാം ഉണ്ട്.

ഓരോ ഫ്രെയിമിലും സ്ത്രീയുടേയും പുരുഷന്‍റേയും കാഴ്ചകളും ആങ്കിളുകളും വ്യത്യസ്ഥമായിരിക്കും. ഓരോ കാഴ്ചകള്‍ക്കും പല പല അര്‍ത്ഥങ്ങള്‍ കൂടിയുണ്ടാകും… സിനിമ സംവിധായകന്‍റെ കലയാണെന്ന് പറയുമെങ്കിലും ആ പരിമിതികള്‍ക്കുള്ളില്‍ നിന്ന് ചെയ്യേണ്ടതാണെങ്കിലും, കാഴ്ചകളില്‍ ഉള്‍ക്കാഴ്ചയും മനഷ്യത്വപരമായ വീക്ഷണവും കൂടിയുണ്ടാവേണ്ടത് ക്യാമറാ
പ്രവര്‍ത്തകര്‍ക്ക് ആവശ്യമാണ്. സങ്കല്‍പ്പങ്ങളും യാഥാര്‍ത്ഥ്യങ്ങളും രണ്ടാണ്. അവ ചിത്രീകരിക്കേണ്ട രീതിയും രണ്ടാണ്. സങ്കല്‍പ്പത്തിനെ യാഥാര്‍ത്ഥ്യത്തിലേക്ക് കൊണ്ടുവരും പോലെ യാഥാര്‍ത്ഥ്യത്തെ ചിത്രീകരിക്കാനാവില്ല. പലപ്പോഴും ജോലിയും സോഷ്യല്‍ കമ്മിറ്റ്മെന്‍റും തമ്മില്‍ നേര്‍ക്കുനേര്‍ ഏറ്റുമുട്ടല്‍ നടക്കും. ചിലപ്പോള്‍ അതിന്‍റെ ആഘാതങ്ങള്‍ ദിവസങ്ങളോളം അലട്ടിക്കൊണ്ടിരിക്കും… ആണ്‍ കൂട്ടങ്ങള്‍ക്ക് മുമ്പില്‍ വന്നു നില്‍ക്കുന്ന സ്ത്രീയെ വ്യൂഫൈന്‍ഡറിലൂടെ നോക്കിയിട്ട് വെര്‍ബല്‍ അബ്യൂസ് ചെയ്യുന്നതും മറ്റും പലപ്പോഴും എതിര്‍ക്കപ്പെടേണ്ടി വന്നിട്ടുണ്ട്. പലപ്പോഴും സ്ത്രീകള്‍ പറയാറുണ്ട് നിങ്ങള്‍ ക്യാമറക്ക് പിന്നില്‍ നില്‍ക്കുന്നത് ഞങ്ങള്‍ക്ക് വളരെയധികം ആശ്വാസം തരുന്നുണ്ടെന്ന്! അതിജീവിതമാരുടെ ഇന്‍റര്‍വ്യൂ ഒക്കെ എടുക്കുമ്പോള്‍ എന്‍റെ ഭാഗത്തു നിന്ന് പരമാവധി അവര്‍ക്ക് മാനസിക പിരിമുറുക്കങ്ങള്‍ കൊടുക്കാതിരിക്കാന്‍ ശ്രമിക്കാറുണ്ട്…

ചാനലുകളിലെ വിനോദ, വിജ്ഞാന പരിപാടികളില്‍ ദൃശ്യങ്ങള്‍ ുലൃളലരേ ആയിരിക്കേണ്ടത് കൊണ്ട് ക്യാമറാ പെര്‍സണ്‍സിന് പ്രൊഡ്യൂസറോളം (സംവിധായകര്‍) തന്നെ പ്രാധാന്യമുണ്ട്. പക്ഷെ ന്യൂസ് ചാനലുകളില്‍ ക്യാമറാ പെര്‍സണ്‍സിനെ പൊതുവേ ഒരു രണ്ടാം കുടിക്കാരായിട്ടാണ് കാണുന്നത്. അതൊരു സ്ത്രീയാണെങ്കില്‍ കുറച്ചു കൂടെ കാഠിന്യം കൂടും. ഒരേ ജോലിക്ക് ആണിനേക്കാള്‍ കുറഞ്ഞ വേദനവും, പ്രമോഷനുകളുമായിരിക്കും കിട്ടുക. റിപ്പോര്‍ട്ടിംങ്ങിനിടയില്‍ ക്യാമറാ വനിതയുടെ പേരെടുത്ത് പറയാന്‍ വിമുഖത കാണിക്കുന്നവരുമുണ്ട്!.. യാഥാര്‍ത്ഥ്യം ഇങ്ങിനെയൊക്കെയായിട്ടും ഇതെല്ലാം മൂടിവച്ച് ഈ മേഖലയെ ഗ്ലാമറൈസ് മാത്രം ചെയ്യാന്‍ ശ്രമിക്കുന്നവരുണ്ടാവാം…

ആവേശം മൂത്ത് എന്‍റടുത്ത് ഉപദേശം ചോദിക്കാന്‍ വരുന്ന പെണ്‍കുട്ടികളോട് ഞാന്‍ പറയാറുള്ളത്. ഇത്തരം യാഥാര്‍ത്ഥ്യങ്ങള്‍ മനസ്സിലാക്കി ഇപ്പോഴുള്ള രീതികളെ പൊളിച്ചെഴുതണമെങ്കില്‍ നിങ്ങളേപ്പോലുള്ള പെണ്‍കുട്ടികള്‍ എല്ലാം തരണം ചെയ്ത് ധാരാളമായി ഈ മേഖലയിലേക്ക് കടന്നുവരണമെന്നാണ്…

സിനിമയില്‍ ഇന്‍റേണല്‍ കമ്മിറ്റിയൊക്കെ പ്രവൃത്തിച്ചു തുടങ്ങുമ്പോള്‍ എല്ലാറ്റിനും മാറ്റങ്ങള്‍ സംഭവിക്കുമെന്ന് തന്നെയാണ് പ്രതീക്ഷ…
മരം കേറാനും മതില് കേറാനും മാനത്ത് പോവാനും തയ്യാറായി പെണ്ണുങ്ങളുണ്ട്. മാറ്റം വരേണ്ടത് പ്രാചീനമായ സിസ്റ്റത്തിനാണ്… എല്ലാറ്റിലും മതം പറഞ്ഞ് പുറകോട്ട് നടന്നാല്‍ ഒന്നിനും ഒരു മാറ്റവും വരാന്‍ പോകുന്നില്ല…

ലൈല കല്ലാരം
ക്യാമറാ പെര്‍സണ്‍
ഫ്രീലാന്‍സര്‍

COMMENTS

COMMENT WITH EMAIL: 0