Homeമുഖവുര

മുഖവുര-ഒക്ടോബര്‍ ലക്കം

ഡോ.ഷീബ കെ.എം.

ധിപത്യ പ്രത്യയശാസ്ത്രങ്ങൾക്കും  പ്രയോഗങ്ങൾക്കും മുന്നിൽ പ്രതിരോധങ്ങൾ ഉയരുമ്പോൾ അവയെ ഞെരിച്ചമർത്താനുള്ള തീവ്രശ്രമങ്ങളും ഒപ്പം രൂപം കൊള്ളുന്നത് കാണാം. നൂറ്റാണ്ടുകളുടെ നിശ്ശബ്ദസഹനങ്ങളിൽ നിന്ന് ഇന്ത്യൻ രാഷ്ട്രീയത്തിലേക്ക് ഇന്ന് ഉറച്ചുയരുന്ന ദലിത് സമരജിഹ്വകൾ ഹിന്ദുത്വത്തെ തീർത്തും അസ്ഥിരപ്പെടുത്തുന്നുണ്ട്. കൊന്നും കൊലവിളിച്ചും ദലിത് പെൺകുട്ടികളെ തിരഞ്ഞുപിടിച്ച് നിഷ്ഠുരമായി കൊലപ്പെടുത്തിയും സവർണ്ണഫാഷിസം ഈ അരക്ഷിതാവസ്ഥകൾ വെളിപ്പെടുത്തുന്നുമുണ്ട്. എന്നാൽ നാക്കറുത്തു കളയുന്ന നിശ്ശബ്ദപ്പെടുത്തലുകളിൽ നിന്നും ഉച്ചത്തിലുച്ചത്തിൽ ഈ ശബ്ദങ്ങൾ ഉയരുക തന്നെ ചെയ്യുമെന്ന വാഗ്ദാനമാണ് അന്തരീക്ഷത്തിൽ പ്രത്യാശയായുയരുന്നത്. ഹഥ്‌റാസിലെ പെൺകുട്ടിയുടെയും മറ്റനേകരുടേയും ജീവത്യാഗം പാഴിലാവില്ലെന്ന പ്രതീക്ഷ!

കുറച്ചു കാലമായി സമൂഹമാദ്ധ്യമങ്ങൾ സ്ത്രീവിരുദ്ധതയുടെ  അനിയന്ത്രിതവേദികളായി മാറിയതിൽ നാം തികച്ചും ആശങ്കപ്പെടേണ്ടതുണ്ട്. ഇത്തരം കുൽസിതശ്രമങ്ങൾ ഏതൊരു ജനാധിപത്യസമൂഹത്തിനും അപമാനകരമാണ്. സ്ത്രീവാദികളുടെ അടിവസ്ത്രങ്ങൾ അന്വേഷിച്ചു പോലും നീചൻമാർ ഇറങ്ങുന്ന കാലത്ത്  ഇതിനെതിരെയുള്ള പരാതികൾ ഭരണകൂടം അവഗണിക്കുമ്പോൾ നീതിയുടെ സാധ്യതകൾ പിന്നെ എവിടെയാണ് ആരായേണ്ടത് ?  സ്ത്രീവാദികൾ എന്ന നിലയിൽ ഹിംസയ്ക്കും ആൾക്കൂട്ട ആക്രമണത്തിനുമെതിരെ കടുത്ത നിലപാട് എടുക്കുമ്പോഴും പീഡിതരായ ജനത ഹിംസയിലേക്ക് എത്തിപ്പെടുന്നതിനെ പ്രശ്നവൽക്കരിക്കേണ്ടതായുണ്ട്. അടിച്ചമർത്തപ്പെട്ടവർ സ്വയം നവീകരിക്കുന്നതിന്‍റെ ഭാഗമായി കൂടി ഹിംസയെ കാണേണ്ടതുണ്ട് എന്ന് പ്രശസ്ത ചിന്തകൻ ഫ്രാൻസ് ഫാനൻ അഭിപ്രായപ്പെടുന്നുണ്ട്. നീതിയ്ക്കുള്ള എല്ലാ വാതിലുകളും അടയുമ്പോൾ  ഹിംസ ആത്മരക്ഷയ്ക്കുള്ള മാർഗ്ഗമായും മാറുന്നു. തന്‍റെ യൂട്യൂബ് ചാനലിൽ  വനിത കമ്മീഷൻ അധ്യക്ഷയെയും സ്ത്രീവാദികളെയും അധിക്ഷേപിച്ച വ്യക്തിയെ ഭാഗ്യലക്ഷ്മി, ശ്രീലക്ഷ്മി, ദിയ സന തുടങ്ങിയവർ  ‘കൈകാര്യം’ ചെയ്തതിനെതിരെ ഉയർന്ന രോഷപ്രകടനങ്ങൾ പല യാഥാർത്ഥ്യങ്ങളെയും തമസ്ക്കരിക്കുന്നതായിരുന്നു. അനേകം പരാതികൾ പല അധികാരികൾക്കും സമർപ്പിച്ചിട്ടും ഫലമില്ലാതായപ്പോൾ, തങ്ങൾക്കു നേരെയുള്ള വ്യക്തിഹത്യയിലേക്ക്  അയാൾ നിരന്തരം മുതിർന്നപ്പോൾ,  മറ്റ് വഴികളൊന്നും അവർ മുന്നിൽ തുറന്നു കണ്ടില്ല എന്നതാണ് വസ്തുത. ആരാണ് യഥാർത്ഥ സ്ത്രീവാദി എന്നുറപ്പിക്കാനുള്ള വ്യഗ്രവ്യവഹാരങ്ങളായിരുന്നല്ലോ തുടർന്നുണ്ടായത്. കേരളസമൂഹത്തിൽ ആഴ്ന്ന് വേരോടിയ ആൺകോയ്മാ മനോഭാവങ്ങളെയാണ് ഇവർ മൂന്നുപേർക്കുമെതിരെയുണ്ടായ പ്രതികരണങ്ങൾ തുറന്നു കാട്ടിയത്.

കേരള പോലീസ് ആക്ട് ഭേദഗതി ചെയ്ത് അതിൽ 118 (A) എന്ന വകുപ്പ് കൂട്ടിച്ചേർക്കാനുള്ള നടപടി നാം കണ്ടു:  ഏതെങ്കിലും വ്യക്‌തിയെ അപായപ്പെടുത്താനോ അപകീർത്തിപ്പെടുത്താനോ ഉദ്ദേശിച്ച് സന്ദേശങ്ങൾ പ്രചരിപ്പിക്കുന്നതും പ്രസിദ്ധീകരിക്കുന്നതും 10, 000 രൂപ പിഴയോ അഞ്ചു വർഷം ജയിൽ ശിക്ഷയോ  ഇത് രണ്ടുമോ അനുഭവിക്കേണ്ടിവരുന്ന കുറ്റകൃത്യം ആയി പരിഗണിക്കപ്പെടും എന്നതാണ് ഈ ഭേദഗതിയുടെ സൂചന. ഒറ്റനോട്ടത്തിൽ ഗുണപരമെന്ന് തോന്നുമെങ്കിലും സൂക്ഷ്മമായി നിർവചിച്ചില്ലെങ്കിൽ ജനാധിപത്യത്തിനും അഭിപ്രായസ്വാതന്ത്ര്യത്തിനും പീഡനപരാതികൾക്കും വരെ വിലക്കേർപ്പെടുത്തുന്നതാവും ഈ ഭേദഗതി എന്ന് നാം തിരിച്ചറിയണം. പ്രതിഷേധത്തിന്‍റെ ഇടങ്ങൾ നാൾക്കുനാൾ അടഞ്ഞുകൊണ്ടിരിക്കുമ്പോൾ നമ്മുടെ ജാഗ്രത അത്രമേൽ ശക്തമാവേണ്ടതുണ്ട്. നിയമങ്ങളും ഭേദഗതികളും ഗുണത്തേക്കാളേറെ ദോഷമാണോ സൃഷ്ടിക്കുന്നതെന്ന് ആവർത്തിച്ച് ഉറപ്പുവരുത്തേണ്ടതുമുണ്ട്.

ഏത് പ്രതികൂലസാഹചര്യങ്ങളെയും അതിജീവിച്ച് സ്ത്രീകൾ മുന്നേറുന്ന അഭിമാനനിമിഷങ്ങളാണ് നൊബേൽ സമ്മാന പ്രഖ്യാപനങ്ങൾ നൽകിയത്. നൊബേലിന്‍റെ 120 വർഷത്തെ ചരിത്രത്തിൽ ഇതുവരെ കേവലം 57 സ്ത്രീകളാണ് പുരസ്കൃതരായത്. അവരിൽ കൂടുതലും പേർ സമാധാനത്തിനും. വളരെ കാലത്തിനുശേഷം 2009 ൽ എലീനർ ഒസ്ത്രോമും 2019 ൽ എസ്തർ ദുഫ്ലോയും സാമ്പത്തികശാസ്ത്ര നൊബേൽ കരസ്ഥമാക്കി. ഊർജ്ജതന്ത്ര, രസതന്ത്ര വിഭാഗത്തിൽ 599 പുരുഷൻമാരെ അപേക്ഷിച്ച് 23 സ്ത്രീകളാണ് ഇതു വരെ പുരസ്ക്കാരം നേടിയിരുന്നത്. ഈ അസന്തുലിത അംഗീകാരപഥത്തിലേക്കാണ് ജെന്നിഫർ ദൗദയും ഇമ്മാന്വൽ ഷാർപ്പന്‍റ്യറും അഭിമാനപൂർവം രസതന്ത്ര നൊബേൽ സമ്മാനവുമായി നടന്ന് കയറിയത് എന്നത് ആഹ്ളാദകരമാണ്. ജീൻ എഡിറ്റിങ്ങ് എന്ന സുപ്രധാന ഗവേഷണങ്ങളെ മുൻനിർത്തി ആയിരുന്നു ഈ അംഗീകാരം. സാഹിത്യത്തിനുള്ള പുരസ്ക്കാരം നേടി ലൂയിസ് ഗ്ലുക്ക് ഈ ആഹ്ളാദത്തിന് മാറ്റ് കൂട്ടി. നേട്ടങ്ങളും അവക്കുള്ള അംഗീകാരങ്ങളും ഒരേ ദിശയിൽ സഞ്ചരിക്കാത്ത സ്ത്രീചരിത്രങ്ങൾ തിരുത്തിയെഴുതപ്പെടുന്നത് അഭിമാനവും പ്രത്യാശയും ഉളവാക്കുന്നു.

പ്രതിനിധാനങ്ങൾ എന്ന നിലകളിൽ ചലച്ചിത്രങ്ങളും ഹ്രസ്വചിത്രങ്ങളും സാമൂഹ്യബോധത്തെയും ആസ്വാദനത്തെയും സ്വാധീനിച്ചു പോന്ന നിർണ്ണായകഘടകങ്ങളാണ്.  ജീവിതാധാര ചലച്ചിത്രങ്ങൾ (Documentary)ക്കാകട്ടെ ഈ കാര്യത്തിലുള്ള സ്വാധീനം വളരെ ഗൗരവപ്പെട്ടതാണ് താനും. ഒരു കാലത്ത് ക്യാമ്പസ്സുകളിലും സിനിമാ ക്ലബ്ലുകളിലും ഫിലിം  സൊസൈറ്റികളിലുമൊക്കെ സജീവമായി ജീവിതാധാര ചലച്ചിത്രമേളകളുണ്ടായിരുന്നു. ലോകത്തിന്‍റെ നാനാഭാഗത്തു നിന്നുമുള്ള പുതുരാഷ്ട്രീയ ചുവടു വെപ്പുകളും ചെറുത്തു നില്പുകളുമൊക്കെ പരിചയപ്പെടാൻ സഹായിച്ചതും ഇവയൊക്കെയായിരുന്നു എന്നത് ഓർക്കാവുന്നതാണ്. പതുക്കെയാണെങ്കിലും  ഉണർവ്വിലായ സ്ത്രീകളുടെ ജീവിതാധാര ചലച്ചിത്രലോകം ചർച്ച  ചെയ്യുകയാണ് അശ്വതി സേനൻ അതിഥിപത്രാധിപയായ ഒക്ടോബർ മാസം സംഘടിത. വായനയ്ക്കായി സമർപ്പിക്കുന്നു.

COMMENTS

COMMENT WITH EMAIL: 0