Homeചർച്ചാവിഷയം

1971 ല്‍ ബംഗാള്‍ അതിര്‍ത്തിയിലെ സ്ത്രീകള്‍

മല്ലാരിക സിന്‍ഹാ റോയ്

ക്ഷിണേഷ്യയുടെ സമകാലിക ചരിത്രത്തില്‍ 1971 എന്ന വര്‍ഷം വളരെ പ്രാധാന്യത്തോടെ അടയാളപ്പെടുത്തിയിരിക്കുന്നു. 1967ല്‍ ഇന്ത്യയില്‍ ആരംഭിച്ച നക്സല്‍ബാരി പ്രസ്ഥാനം 1970കളുടെ അവസാനത്തോടെ അതിന്‍റെ ഏറ്റവും ഹിംസാത്മകമായ ഘട്ടത്തിലേക്കു കടന്നിരുന്നു. അക്കാദമിക ചരിത്രപഠനങ്ങളും പൊതുസ്മരണകളും 1971നെ രക്തച്ചൊരിച്ചിലിന്‍റെ വര്‍ഷമായാണ് വരച്ചിട്ടിട്ടുള്ളത്. സര്‍ക്കാരിന്‍റെ നിയമനിര്‍വ്വഹണ ഏജന്‍സികളായ പോലീസും സമാന്തര സൈനികട്രൂപ്പുകളും നക്സലേറ്റ് ഗൊറില്ല ഗ്രൂപ്പുകളുമായി പശ്ചിമബംഗാളില്‍ നിരന്തരം ഏറ്റുമുട്ടലുകള്‍ നടന്നു. വിമോചനയുദ്ധത്തിലായിരുന്നു കിഴക്കന്‍ പാകിസ്ഥാന്‍. എന്നാല്‍ അതിനെ ആഭ്യന്തരയുദ്ധമായി കണ്ട് കീഴടക്കാന്‍ പാകിസ്ഥാന്‍ തങ്ങളുടെ സൈനികശക്തിയുടെ ക്രൂരതയെ ആശ്രയിച്ചു. ശ്രീലങ്കയില്‍ ജനതാ വിമുക്തി പെരുമന (ജെ.വി.പി)യുടെ പ്രക്ഷോഭം സര്‍ക്കാരിനെതിരെ തീവ്ര ഇടതുപക്ഷത്തിന്‍റെ നേതൃത്വത്തിലുള്ള വിപ്ലവമായി അടയാളപ്പെടുത്തുന്നു. തെക്കുകിഴക്കന്‍ നേപ്പാളില്‍ ഇന്ത്യന്‍ അതിര്‍ത്തി ജില്ലയായ, ജാപ്പാ ജില്ലയില്‍, നക്സല്‍ബാരി പ്രസ്ഥാനത്തിന്‍റെയും മാവോയിസ്റ്റ് പ്രത്യയശാസ്ത്രത്തിന്‍റെയും പ്രചോദനം ഉള്‍ക്കൊണ്ട് നേപ്പാളീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി കാഠ്മണ്ഡുവിലെ പഞ്ചായത്ത് ഭരണത്തിനെതിരെ ആദ്യസൈനിക നീക്കം നടത്തി. ചുരുക്കത്തില്‍ 1971ല്‍ ദക്ഷിണേഷ്യ യുദ്ധത്തിലായിരുന്നു.
പൊതുസ്മരണകളിലും ഒട്ടുമിക്ക അക്കാദമിക ചരിത്രരചനയിലും ഈ സമരങ്ങളുടെയും പ്രക്ഷോഭങ്ങളുടെയും നായകന്‍/മുന്നണിപ്പോരാളി സാധാരണയായി അനിവാര്യമായും പുരുഷനായിരിക്കും. സായുധ രാഷ്ട്രീയപ്രവര്‍ത്തകയുടെ പ്രതിച്ഛായ അപൂര്‍വ്വമായെങ്കിലും സ്ത്രീയുടേതാവുന്നത് ശരിയായ സൂചനയല്ല.
എന്നാല്‍, രാഷ്ട്രീയ അതിക്രമങ്ങളിലെ ഇരയുടെ പ്രതിച്ഛായയില്‍ നിന്നും സ്ത്രീകള്‍ ഒഴിവാക്കപ്പെടുന്നില്ല. രാഷ്ട്രീയ അതിക്രമങ്ങളെ എളുപ്പമുള്ള ദ്വന്ദ്വങ്ങളായ സ്ത്രീ/പുരുഷന്‍, ഇര/ഏജന്‍റ് എന്നിങ്ങനെ വിഭജിക്കാനാണ് പൊതുസ്മരണ ശീലിച്ചിട്ടുള്ളത്. ഒരു സ്ത്രീയോദ്ധാവ്, പൊതുസ്മരണയില്‍ കൗതുകകരമായ സൃഷ്ടിയാണ്. എന്തുകൊണ്ടെന്നാല്‍ അവള്‍ അക്രമം ചെയ്യാന്‍ സാധ്യതയുള്ള കുറ്റവാളിയാണ്; എന്തുകൊണ്ടെന്നാല്‍ അവള്‍ ‘സാധാരണ’ അല്ല. 1971ലെ ചരിത്രത്തില്‍ ബംഗാള്‍ അതിര്‍ത്തിയിലുടനീളമുള്ള സാധാരണക്കാരല്ലാത്ത സ്ത്രീപ്രവര്‍ത്തകരെ പ്രതിഷ്ഠിക്കുമ്പോള്‍ ചുവടെ ചേര്‍ക്കുന്ന ചോദ്യങ്ങള്‍ ചോദിക്കാന്‍ നാം നിര്‍ബന്ധിതരാകും. വീട്ടിലെ സഖാവ് ആയുധങ്ങളുമായി പോരാടാനുള്ള തുല്യ അവകാശത്തിന് ആവശ്യപ്പെട്ടാല്‍ എന്തുസംഭവിക്കും? വിപ്ലവം വീടിന്‍റെ പടിവാതില്‍ കടക്കുമ്പോള്‍ എന്തു സംഭവിക്കും? അതിര്‍ത്തിയില്ലാത്ത പോരാട്ടത്തിന്‍റെ ഓര്‍മ്മകളും അക്രമത്തിന്‍റെ ഭയാനകമായ അനുഭവങ്ങളും സമന്വയിപ്പിക്കുന്ന സൂക്ഷ്മമായ ഒരു ചരിത്രപശ്ചാത്തലമാണ് 1971ലെ സ്ത്രീകള്‍ പരിചയപ്പെടുത്തുന്നത്; ഇതു പുതിയ അന്താരാഷ്ട്ര അതിര്‍ത്തികള്‍ സൃഷ്ടിക്കുന്നതിനു കാരണമാകുന്നു.

1971 മാര്‍ച്ച് മുതല്‍ ഡിസംബര്‍ വരെയുള്ള കാലഘട്ടത്തിലെ കടുത്ത രാഷ്ട്രീയ അതിക്രമങ്ങളില്‍ സ്ത്രീകള്‍ അനുഭവിച്ച അക്രമങ്ങളുടെ സങ്കീര്‍ണ്ണതയെ സംബന്ധിച്ച് ബംഗ്ലാദേശ് യുക്തി ജുദ്ദോയില്‍ വന്ന (1971ലെ സ്ത്രീകളെക്കുറിച്ചുള്ള) പഠനത്തില്‍ വെളിപ്പെടുത്തുന്നു. 1971 ഡിസംബറില്‍ പശ്ചിമ പാകിസ്ഥാന്‍ സൈന്യം കീഴടങ്ങിയപ്പോള്‍ ഇന്ത്യന്‍ സൈന്യവും മുക്തിബാഹിനിയും നിരവധി ബംഗാളിസ്ത്രീകളെ (സൈനികരെ ആനന്ദിപ്പിക്കാന്‍ പാര്‍പ്പിച്ചിരുന്ന) സൈനിക ബാരക്കുകളില്‍ നിന്നും രക്ഷപ്പെടുത്തി.

ബലാല്‍ക്കാരങ്ങളുടെ കൂടുതല്‍ ഞെട്ടിക്കുന്നതും ഭയപ്പെടുത്തുന്നതുമായ അനുഭവങ്ങളും അതിന്‍റെ ഫലമായുണ്ടായ ഗര്‍ഭധാരണങ്ങളും വെളിച്ചത്തുവരാന്‍ തുടങ്ങിയതോടെ ആ സ്ത്രീകളുടെ അവസ്ഥ അവഗണിക്കാന്‍ കഴിയാതെയായി. വിജയദിവസത്തിനു ശേഷമുള്ള (1971, ഡിസംബര്‍ 16) കലാപം നിറഞ്ഞ മാസങ്ങളില്‍ ഷെയിഖ് മുജാബിര്‍ റഹ്മാന്‍റെ കീഴില്‍ സ്ഥാപിതമായ പുതിയ ബംഗ്ലാദേശ് സര്‍ക്കാറിനു പീഡനത്തിനിരയായ സ്ത്രീകളെ സംബന്ധിച്ചുള്ള ചോദ്യങ്ങള്‍ അവഗണിക്കാനോ കര്‍ശനവും നിയമബദ്ധവുമായ രീതിയില്‍ അവയെ പരിഗണിക്കാനോ കഴിഞ്ഞില്ല. 1972 ഫെബ്രുവരിയില്‍ ശത്രുക്കളാല്‍ വലയം ചെയ്യപ്പെട്ട സര്‍ക്കാര്‍ പീഡനത്തിനിരയായ എല്ലാ സ്ത്രീകള്‍ക്കും വീരാംഗന എന്ന പദവി നല്‍കി (എന്നാല്‍ ബംഗ്ലാദേശിലെ സാമൂഹ്യവ്യവഹാരത്തില്‍ ‘ധീരയായ വനിത’ യുടെ അര്‍ത്ഥം യുദ്ധനായികയെന്നാണ്). നീലമാ എബ്രഹാം, ബേബി മൗദൂദ്, ഷഹീറാ അഹമ്മദ്, നൂര്‍ജഹാന്‍ മൂര്‍ഷദ് തുടങ്ങിയ പ്രമുഖ വനിതാ സാമൂഹ്യപ്രവര്‍ത്തകരും മറ്റനവധി പേരും ബലാത്സംഗത്തിനിരയായ സ്ത്രീകളെ മോചിപ്പിക്കുന്നതിനും പുനരധിവസിപ്പിക്കുന്നതിനുമുള്ള സര്‍ക്കാര്‍ ഉദ്യമത്തില്‍ പങ്കുചേര്‍ന്നു. ഇതിനായി ഒരു കേന്ദ്രബോര്‍ഡ് രൂപികരിക്കപ്പെട്ടു. പിന്നീടത് നാരീ പുനര്‍ബാഷോണ്‍ കേന്ദ്രമെന്ന പേരില്‍ പുനഃസംഘടിപ്പിക്കപ്പെട്ടു. ബോര്‍ഡ് വൈദ്യസഹായം വാഗ്ദാനം ചെയ്യുകയും (പലപ്പോഴും ഗര്‍ഭിണികളായ സ്ത്രീകളെ അവരുടെ സമ്മതത്തോടെ ഗര്‍ഭമലസിപ്പിക്കുന്നതിനു ക്ലിനിക്കുകളില്‍ എത്തിക്കാന്‍ ബോര്‍ഡ് ഇടപ്പെട്ടു), സാമ്പത്തിക സ്വാതന്ത്ര്യത്തിനായി അവരെ തൊഴില്‍ പരിശീലനസ്ഥാപനങ്ങളിലേക്കു മാറ്റുകയും ചെയ്തു. മനസ്സാക്ഷിയുള്ള ചെറുപ്പക്കാര്‍ വീരാംഗനകളെ വിവാഹം ചെയ്യാന്‍ മുന്നോട്ടു വന്നാല്‍ വിവാഹത്തിനാവശ്യമായ പണവും അവര്‍ ഒരുക്കിക്കൊടുത്തു. ഇത്തരം സര്‍ക്കാര്‍ ഉദ്യമങ്ങളെക്കുറിച്ചും യാഥാസ്ഥിതികവും യുദ്ധത്തില്‍ തകര്‍ന്നതുമായ ഒരു സമൂഹത്തില്‍ അവര്‍ അനുഭവിക്കുന്ന പരിമിതികളെ സംബന്ധിച്ച് നയാനിക മുഖര്‍ജിയും ബിനാ.ഡികോസ്റ്റയും സൂക്ഷ്മമായ വിശകലനങ്ങള്‍ നടത്തിയിട്ടുണ്ട്.

വീരാംഗനകളുടെ പുനരധിവാസ പദ്ധതി, ബംഗ്ലാദേശിനെ ഒരു വ്യത്യസ്ത മുസ്ലീംരാജ്യമായി; ഒരു ആധുനിക സഹിഷ്ണുതയുള്ള പോസ്റ്റ് കൊളോണിയല്‍ ദേശ രാഷ്ട്രമായി സ്വയം അടയാളപ്പെടുത്തുന്നതിനുള്ള പ്രധാന സൂചകമായി. എന്നിരുന്നാലും ‘അമി ബീരാംഗനാ ബോല്‍ചി’ (ഞാന്‍, വീരംഗന സംസാരിക്കുന്നു, 1996)- എട്ടു വീരാംഗനമാരുടെ ജീവിതാഖ്യാനങ്ങള്‍- എന്ന തന്‍റെ പുസ്തകത്തിലെ വീരാംഗനകളുമായി ഒരു തരത്തിലും ബന്ധപ്പെടാന്‍ ശ്രമിക്കരുതെന്നു എഴുത്തുകാരി നീലിമ എബ്രഹാം നടത്തിയ അഭ്യര്‍ത്ഥന ഓര്‍ത്താല്‍ മതി ഈ വ്യത്യസ്തതയുടെ അവകാശവാദം ദീര്‍ഘകാലം നിലനില്‍ക്കില്ലെന്നു ബോധ്യമാവാന്‍. പീഡനത്തിനിരയായ ആ സ്ത്രീകള്‍ തങ്ങള്‍ക്ക് നേരിട്ട ഭയാനകമായ അനുഭവങ്ങള്‍ തന്നോടു വിവരിച്ചതിനു ശേഷം അല്‍പ്പം സമാധാനം കിട്ടിയിട്ടുണ്ടാകുമെന്നും എന്നാല്‍ ഒരു തവണകൂടി അവരെ തിരിച്ചറിയുന്ന വേദനയില്‍ നിന്നും അവരെ ഒഴിവാക്കിയാല്‍ തന്‍റെ വായനക്കാരോടു താന്‍ കടപ്പെട്ടിരിക്കുമെന്നും നീലിമ പുസ്തകത്തിന്‍റെ ഹ്രസ്വമായ ആമുഖത്തില്‍ എഴുതുന്നു.

കഴിഞ്ഞ ഇരുപത്തഞ്ചുവര്‍ഷത്തിനിടെ മുക്തിജദ്ദോയിലെ സ്ത്രീപങ്കാളിത്തത്തെക്കുറിച്ചുള്ള വാമൊഴി ചരിത്രങ്ങളുടെ ശേഖരത്തില്‍ വീരാംഗനകളുടെ ഓര്‍മ്മക്കുറിപ്പുകളാണധികവും. അതാവേണ്ടതുമാണ്. കാരണം, ലൈംഗികാതിക്രമങ്ങള്‍ മൂലമുണ്ടാവുന്ന മാനസികവും സാമൂഹ്യവും ഭൗതികവുമായ ചെലവുകള്‍ (ഹ്യൂമന്‍ കോസ്റ്റ്) പീഡനത്തിനിരയായ സ്ത്രീകളെ സംബന്ധിച്ച് ഗണനാതീതമാണ്. മുക്തിജദ്ദോയുടെ കാലത്തും അതിനു ശേഷവും സ്വാതന്ത്ര്യസമര സേനാനികളില്‍ നിന്നും അവരുടെ അനുഭാവികളില്‍ നിന്നും ബീഹാറികള്‍ (1947നു ശേഷം ഇന്ത്യയില്‍ നിന്നും കുടിയേറിയ ബംഗാളി ഇതര ഉറുദ്ദു സംസാരിക്കുന്ന മുസ്ലീങ്ങള്‍) അനുഭവിച്ച അതിക്രമങ്ങള്‍ ചൂണ്ടിക്കാട്ടി പണ്ഡിതരായ യാസ്മിന്‍ സൈക്കിയ, നയിം മൊഹൈമന്‍ തുടങ്ങിയവര്‍ ബലാത്സംഗം, കൊലപാതകം കൂട്ടക്കൊല എന്നിവയുടെ ആഖ്യാനങ്ങളെ സങ്കീര്‍ണ്ണമാക്കി. ബീഹാറി സ്ത്രീകള്‍ നേരിട്ട ലൈംഗികാതിക്രമങ്ങളെക്കുറിച്ചുള്ള ദീര്‍ഘകാല നിശ്ശബ്ദതയ്ക്ക് സര്‍ക്കാരില്‍ നിന്നും സ്വീകാര്യത ലഭിച്ചില്ല. 1971 ലെ സ്ത്രീകളുടെ പദവിയിലേക്ക്, മുക്തി ജദ്ദോ സ്ത്രീകളുടെ ദൃശ്യത മുക്തി ജദ്ദോയുടെ ചരിത്രം വിപുലീകരിക്കാനും സ്ത്രീ ഇരകള്‍ എന്ന ബിംബത്തിനു വ്യത്യസ്തമായ ആഴം കൊണ്ടുവരാനും കാരണമായി. താരിഖ് മസൂദിന്‍റെ (1999) മണ്‍മറഞ്ഞു പോയ ഗ്രാമീണ മുക്തിജദ്ദോകളെ കുറിച്ചുള്ള ഡോക്യുമെന്‍ററി സിനിമയായ ‘മുക്തിര്‍ കഥ’യില്‍ പാകിസ്ഥാന്‍ സൈന്യത്തിനെതിരെ 1971 മെയ് മാസത്തില്‍ നടന്ന പ്രത്യാക്രമണത്തില്‍ സ്ത്രീകള്‍ തുല്യ പങ്കാളികളാണെന്നാണ് ഫരീദാപൂര്‍ ജില്ലയിലെ ഛോട്ടോ പൈതക്കാന്‍ഡി ഗ്രാമത്തിലെ നിരവധി സ്ത്രീകള്‍ പ്രസ്താവിച്ചത്. ഒരു ഗ്രാമീണസ്ത്രീ തന്‍റെ അനുഭവങ്ങള്‍ വിവരിച്ചുക്കൊണ്ടിങ്ങനെ പറഞ്ഞു : തന്‍റെ അമ്മായിഅമ്മ ഏറ്റുമുട്ടലില്‍ കൊല്ലപ്പെടുകയായിരുന്നുവെന്നും സ്ത്രീകള്‍ ധീരമായി പോരാടിയെങ്കിലും മുക്തിജദ്ദോയുടെ ചരിത്രാഖ്യാനത്തില്‍ അവര്‍ അറിയപ്പെടാതെപ്പോയെന്നും ഔദ്ധത്യപൂര്‍വ്വം പറഞ്ഞു. താരാമൊണ്‍ ബീഗം, കാകോന്‍ ബീബി (മുക്തി ജോദ്ദോയുടെ മകള്‍ എന്നറിയപ്പെടുന്ന) കോര്‍ഫുലി ബയോ, പിയര്‍ മന്ദ്, സയിദ് സീനത്ത് അറബീഗം, ബീതികാ ബിശ്വാസ്, ഷിഷില്‍ കോനാ, ഹാലിമാ പര്‍വീണ്‍, ഫാത്തിമാഖത്തന്‍, കരുണാബീഗം, നജ്മാബീഗം എന്നീ ഓരോ പേരും മുക്തിജദ്ദോയുടെ ചരിത്രകാരന്മാര്‍ സ്ത്രീകളുടെ ധൈര്യം, വിഭവശേഷി, സ്കൗട്ട് ടീമുകളെയും ഗറില്ലാ ആക്രമണങ്ങളെയും നയിക്കാനും ഗ്രനേഡ് എറിയാനും മെഷീന്‍ഗണ്ണുകള്‍ ഉപയോഗിക്കാനുമുള്ള അവരുടെ ശാരീരിക ക്ഷമത എന്നിവയെക്കുറിച്ചുള്ള കഥകള്‍ പറയാന്‍ ഉപയോഗിക്കുന്നു.

പശ്ചിമബംഗാളിലെ അതിര്‍ത്തിയിലുടനീളം നക്സല്‍ബാരി പ്രസ്ഥാനത്തില്‍ വനിതാപ്രവര്‍ത്തകരെ അക്രമകാരികളായല്ല ഇരകളായാണ് അടയാളപ്പെടുത്തിയിട്ടുള്ളത്. അതുകൊണ്ട് തന്നെ സ്ത്രീശരീരം ഭാഗികമായി മാത്രമാണ് വിപ്ലവകാരിയെന്ന നിലയില്‍ രേഖപ്പെടുത്തിയിട്ടുള്ളത്. പോലീസുമായുള്ള സായുധാക്രമണത്തില്‍ സ്ത്രീകളുടെ പങ്കാളിത്തം അപൂര്‍വ്വമാണെന്നതാണതിനുള്ള ലളിതമായ വിശദീകരണം. സ്ത്രീകളെ കൊല്ലുന്നതില്‍ നിന്നും പോലീസുകാര്‍ വിട്ടുനിന്നു. എന്നാല്‍ സ്ത്രീകളെ പീഡിപ്പിക്കുന്നതില്‍ ഈ നിയന്ത്രണം അവര്‍ക്ക് തടസ്സമായില്ല. പോലീസ് കസ്റ്റഡിയില്‍ സ്ത്രീകള്‍ അനുഭവിച്ച അതിക്രമങ്ങളുടെ ഓര്‍മ്മക്കുറിപ്പുകള്‍ വെളിപ്പെടുത്തുന്നത്. വസ്ത്രാക്ഷേപവും , മര്‍ദ്ദനവും മറ്റു പല തരത്തിലുള്ള പീഡനവും നക്സലേറ്റു തടവുകാര്‍ക്കു ആചാരവിധി പോലെ കിട്ടുന്നതായിരുന്നു. അതു കൂടാതെയായിരുന്നു അവിശ്വസനീയമായ രീതിയില്‍ വാക്കുകള്‍ കൊണ്ടുള്ള പീഡനവും കുത്തുവാക്കുകളും. 1974ല്‍ പോലീസ് കസ്റ്റഡിയില്‍ ആഴ്ചകളോളം പീഡനമനുഭവിച്ച അര്‍ച്ചനാ ഗുഹയുടെ കേസ് ആംനസ്റ്റി ഇന്‍റര്‍നാഷണല്‍ റിപ്പോര്‍ട്ട് ഉയര്‍ത്തിക്കാട്ടുകയുണ്ടായി. പിന്നീട് പീഡനത്തിനിരയായവരുടെ നീതിക്കു വേണ്ടിയുള്ള പോരാട്ടത്തില്‍ അര്‍ച്ചനാഗുഹാ കേസ് ഉത്തമസാക്ഷ്യമായി.

 

പ്രസ്ഥാനത്തിനുള്ളില്‍ സ്ത്രീകളുടെ അനുഭവങ്ങള്‍ സങ്കീര്‍ണ്ണമായിരുന്നു. മരണവും പീഡനവും തമ്മിലുള്ള അന്തരം വലുതാണെന്നു പറയേണ്ടതില്ല, പീഡനത്തിനിരയായ വ്യക്തിയെന്ന നിലയില്‍ കടുത്ത കഷ്ടപ്പാടുകള്‍ക്കിയിലും ജീവിച്ചു പോവുകയാണ്. എന്നിരുന്നാലും മരണത്തിന്‍റെ ലിംഗപരമായ അര്‍ത്ഥങ്ങള്‍ കണക്കിലെടുത്താല്‍ രക്തസാക്ഷിത്വത്തിന്‍റെ അല്ലെങ്കില്‍ മരണത്തിന്‍റെ അര്‍ത്ഥം വിപുലീകരിക്കുന്നത് വ്യാഖ്യാനത്തിനുള്ള വിശാലമായ സാധ്യതകള്‍ തുറന്നു തരുന്നു. പോലീസുകാരാല്‍ കൊല്ലപ്പെട്ട വനിതാപ്രവര്‍ത്തകരെ രക്തസാക്ഷിയുടെ വിധവയായി ആദരിക്കുകയും അവരെ ത്യാഗത്തിന്‍റെ പ്രതീകങ്ങളായി പ്രതിഷ്ഠിക്കുകയും ചെയ്യുന്നു. സ്ത്രൈണസദ്ഗുണങ്ങളെ വിപ്ലവസദ്ഗുണങ്ങളിലേക്ക് വിചിത്രമായ രീതിയില്‍ കൂട്ടിച്ചേര്‍ത്ത് രക്തസാക്ഷിത്വം അവരുടെ ശരീരത്തിലേക്ക് വിന്യസിപ്പിക്കുന്നു. ജീവിതത്തില്‍ പുതിയ പുതിയ പ്രണയ ബന്ധങ്ങളുമായി മുന്നോട്ടു പോകാനുള്ള അവരുടെ ആഗ്രഹങ്ങളെ പുരുഷസഖാക്കള്‍ നിശിതമായി വിമര്‍ശിച്ചു. പ്രചോദനം നല്‍കുന്ന വ്യക്തികളെന്ന നിലയില്‍ അവരുടെ പങ്ക് ത്യാഗോജ്വലരായ പങ്കാളികളെന്നതായി നിജപ്പെടുത്തിയിട്ടുണ്ട്. മരണം ജീവിതത്തിലടയാളപ്പെടുത്തിയിട്ടുണ്ട്. ആ അടയാളത്തെ മറികടക്കാന്‍ ജീവിച്ചിരിക്കുന്നവര്‍ക്കു അവസരം നിഷേധിച്ചു. അതുകൊണ്ടുതന്നെ പീഡനം, രക്തസാക്ഷിത്വം, കഷ്ടത, കടമ എന്നിവയെല്ലാം സംയോജിച്ചതാണ് നക്സല്‍ബാരി പ്രസ്ഥാനത്തില്‍ സ്ത്രീഅതിക്രമങ്ങളുടെ അനുഭവങ്ങള്‍.ഇരയും കുറ്റവാളിയുമെന്ന തീവ്രവിഭാഗങ്ങള്‍ക്കിടയിലെ വര്‍ഗ്ഗീകരണത്തിന്‍റെ അളവുകോലുകളെ ആശയക്കുഴപ്പത്തിലാക്കുന്ന അനേകം അര്‍ത്ഥങ്ങളുണ്ടെന്നാണ് ഈ ഇഴയടുപ്പമുള്ള അതിക്രമങ്ങള്‍ സൂചിപ്പിക്കുന്നത്.

വിപ്ലവകാരികളുടെ അതിക്രമങ്ങളും സദ്ഗുണങ്ങളും വംശീയമായ അതിക്രമങ്ങള്‍, ദേശീയവാദം, സൈനികക്രൂരത, ദേശീയസുരക്ഷാ ഏജന്‍സികളുടെ അതിക്രമം എന്നിങ്ങനെ വിവിധ വിഷയങ്ങളില്‍ 1971ലെ ബംഗാളിലെ സ്ത്രീകളെ കുറിച്ച് എഴുതപ്പെട്ടുകൊണ്ടിരുന്നു. ഈ സങ്കീര്‍ണ്ണ ഭൂതകാല ത്തിന്‍റെ നിലനില്പ്പിനെ അനുരഞ്ജനപരമായ രീതിയില്‍ വേര്‍പ്പെടുത്താന്‍ ഇനിയും കഴിഞ്ഞിട്ടില്ല. 2001ല്‍ ലാഹോറില്‍ നടന്ന വനിതാപഠന കോണ്‍ഫറന്‍സില്‍ പാക്കിസ്ഥാനിലെ വനിതാപണ്ഡിതര്‍ 1971ല്‍ നടന്ന ബലാത്സംഗങ്ങള്‍, കൊലകള്‍, ലൈംഗിക അതിക്രമങ്ങള്‍ എന്നിവയ്ക്ക് ബംഗ്ലാദേശിലെ വനിതാപണ്ഡിതരോടു മാപ്പു പറഞ്ഞതായും 1971ല്‍ പാക്കിസ്ഥാനിലെ സ്ത്രീകള്‍ ബംഗ്ലാദേശിലെ നടന്നുകൊണ്ടിരിക്കുന്ന അതിക്രമങ്ങള്‍ക്കെതിരെ ശബ്ദമുയര്‍ത്തിയതെങ്ങിനെയാണെന്നും വിശദീകരിച്ചതായി പ്രമുഖ ഫെമിനിസ്റ്റ് പണ്ഡിതയായ ഉമാചക്രവര്‍ത്തി ഓര്‍ക്കുന്നു. അത്തരമൊരു അഭിപ്രായ പ്രകാശനത്തിന്‍റെ പ്രാധാന്യം വലുതായിരുന്നുവെങ്കിലും ഒന്നോ രണ്ടോ ദിവസത്തിനുള്ളില്‍ 1971 ല്‍ സ്ത്രീകള്‍ക്കെതിരെ നടന്ന അതിക്രമങ്ങളുടെ നിര്‍ദയത്വത്തെ ചൊല്ലി പാക്കിസ്ഥാനിലെയും ബംഗ്ലാദേശിലെയും പണ്ഡിതര്‍ തമ്മില്‍ കടുത്ത വാദപ്രതിവാദങ്ങള്‍ നടന്നു. എല്ലാവരില്‍ നിന്നും പരിചരണം ആവശ്യമുള്ള മുറിവിനെ സംബന്ധിച്ച് ചക്രവര്‍ത്തി നമുക്ക് മുന്നറിയിപ്പ് നല്‍കുന്നു. എന്നാല്‍ അന്താരാഷ്ട്രരാഷ്ട്രീയത്തിന്‍റെ ചതുരംഗപ്പലകയില്‍ അതു വീണ്ടും വീണ്ടും മുറിവുണങ്ങാനനുവദിക്കാതെ.

 

മല്ലാരിക സിന്‍ഹാ റോയ്
സ്ത്രീപഠന കേന്ദ്രം, ജെ.എന്‍.യു

 

 

 

വിവര്‍ത്തനം :
രോഷ്നി പത്മനാഭന്‍
റിസര്‍ച്ച് ഓഫീസര്‍, കേരള സ്റ്റേറ്റ് പ്ലാനിംഗ് ബോര്‍ഡ്

COMMENTS

COMMENT WITH EMAIL: 0