പൗരത്വ സമരം: ഷഹീന്‍ ബാഗിലെ സ്ത്രീ മുന്നേറ്റം

Homeചർച്ചാവിഷയം

പൗരത്വ സമരം: ഷഹീന്‍ ബാഗിലെ സ്ത്രീ മുന്നേറ്റം

ആദില ടി.

പൗരത്വ നിയമ ഭേദഗതിക്കെതിരായ സമരങ്ങള്‍ക്ക് ഷഹീന്‍ ബാഗ് ഇന്നൊരു ക്രിയാത്മക മാതൃകയാണ്. എന്നാല്‍ പ്രസ്തുത സമരങ്ങള്‍ ശക്തിയാര്‍ജ്ജിച്ചത് അലിഗഡ് മുസ്ലിം യൂണിവേഴ്സിറ്റിയില്‍ നിന്നാണ്. അവിടുത്തെ വിദ്യാര്‍ത്ഥികള്‍ വന്‍ ജനസഞ്ചയമായി അലിഗഡ് പോലീസ് സ്റ്റേഷനിലേക്ക് മാര്‍ച്ച് നടത്തുകയും ഏകദേശം 25000 ത്തോളം വരുന്ന വിദ്യാര്‍ത്ഥികള്‍ അന്ന പാനീയങ്ങള്‍ ഉപേക്ഷിച്ച് ക്യാമ്പസിനകത്ത് മെസ്സ് അടച്ച് സമരം നടത്തുകയും ചെയ്തു. ആ സമരത്തെ ജാമിഅ: മില്ലിയ യൂനിവേഴ്സിറ്റി വിദ്യാര്‍ത്ഥികള്‍ ഏറ്റെടുക്കുകയും ജാമിഅ: കാമ്പസിനകത്തും പുറത്തും പൗരത്വ നിയമ ഭേദഗതിക്കെതിരെയുള്ള പ്രക്ഷോഭങ്ങള്‍ക്ക് തുടക്കം കുറിക്കുകയും ചെയ്തു.


ഇതിന്‍റെ തുടര്‍ച്ചയെന്നോണം ജാമിഅയിലെ വിവിധ വിദ്യാര്‍ത്ഥി സംഘടനകളുടെ നേതൃത്വത്തില്‍ 2019 ഡിസംബര്‍ 13 ന് പാര്‍ലമെന്‍റിലേക്ക് മാര്‍ച്ച് നടത്തുകയും ആ മാര്‍ച്ചിനെ പോലീസും ഹിന്ദുത്വ അക്രമകാരികളും ചേര്‍ന്ന് അതിദാരുണമായി അടിച്ചമര്‍ത്തുകയുമായിരുന്നു. തികച്ചും ഒരു യുദ്ധ ഭൂമിയില്‍ നില്‍ക്കുന്ന പ്രതീതി അവിടെ ഉള്ള ഓരോ വിദ്യാര്‍ത്ഥിക്കും അനുഭവപ്പെട്ടു. ക്യാമ്പസിനകത്ത് പോലീസ് പ്രവേശിക്കുകയും ലൈബ്രററിയില്‍ വായിച്ച് കൊണ്ടിരിക്കുന്ന നിരവധി വിദ്യാര്‍ത്ഥികളെ ഭീകരാന്തരീക്ഷം സൃഷ്ടിച്ച് അതി ക്രൂരമായി അക്രമിക്കുകയും ചെയ്തു. അതിന്‍റെ സി.സി.ടി.വി ദൃശ്യങ്ങള്‍ പിന്നീട് പുറത്ത് വരുകയും ചെയ്തു. നിരവധി പഠന സാധന സാമ
ഗ്രികള്‍ തകര്‍ക്കുകയും കേടുപാടുകള്‍ വരുത്തുകയും ചെയ്തിരുന്നു. ഭരണകൂടത്തിന്‍റെ ഒത്താശയോടെ പോലീസും സംഘപരിവാറും ഒരുമിച്ചാണ് അക്രമം നടത്തിയത്.


ഇത്തരത്തില്‍ വിദ്യാര്‍ത്ഥികളെ അതിക്രൂരമായി അക്രമിച്ചതില്‍ പ്രതിഷേധിച്ചാണ് ജാമിഅ മില്ലിയ യൂണിവേഴ്സിറ്റിയോട് ചേര്‍ന്ന് കിടക്കുന്ന പ്രദേശങ്ങളായ ഷഹീന്‍ ബാഗിലെയും ജാമിഅ നഗറിലെയും സ്ത്രീകള്‍ ചേര്‍ന്ന് കൊണ്ട് ഹൈവേ ഉപരോധിച്ച് ചരിത്രപരമായ പൗരത്വ നിയമ ഭേദഗതി സമരത്തിന് മാതൃക കാണിച്ച് തുടക്കം കുറിച്ചത്. ഷഹീന്‍ ബാഗില്‍ മാത്രമല്ല രാജ്യത്തിന്‍റെ ഓരോ പ്രദേശങ്ങളിലും ഷഹീന്‍ ബാഗ് സ്ക്വയറുകള്‍ സ്ഥാപിക്കാന്‍ ഉള്ള ഊര്‍ജം അവരാണ് പകര്‍ന്ന് നല്‍കിയത്. പൗരത്വ പ്രക്ഷോഭങ്ങളിലെ സ്ത്രീകളുടെ പ്രാതിനിധ്യം ഇത്രയേറെ മുന്‍പന്തിയിലേക്ക് വരാന്‍ ഷഹീന്‍ ബാഗില്‍ അവര്‍ തീര്‍ത്ത ആ സമരാവേശം തന്നെ യാണ് കാരണമായത്.

സ്ത്രീകളും ഷഹീന്‍ ബാഗ് സമരവും


ഷഹീന്‍ ബാഗിലെ സ്ത്രീകള്‍ ഇതിന് മുമ്പ് ഭരണഘടനാപരവും ജനാധിപത്യപരവുമായ ആവശ്യങ്ങളും അവകാശങ്ങളും നേടിയെടുക്കുന്നതിന് വേണ്ടി ഇത് പോലെ പൊതു ഇടങ്ങളിലോ സമരപന്തലുകളിലോ ഒരുമിച്ച് ഇരുന്നിട്ടില്ല. അവര്‍ ഇന്ന് രാവെന്നോ പകലെന്നോ മഴയെന്നോ മഞ്ഞെന്നോ വ്യത്യാസമില്ലാതെ ഒരേ സ്വരത്തില്‍ ഒരുമിച്ച് ഹൈവേ ഉപരോധിച്ച് സമരം ചെയ്യുന്നു. അവര്‍ അങ്ങനെ റോഡ് ഉപരോധിച്ച് ഇരിക്കുന്നത് അവരും വേട്ടയാടപെടുന്നു എന്ന ഉത്തമ ബോധ്യം ഉള്ളത് കൊണ്ട് മാത്രമാണ്. നൂറ്റാണ്ടിലെ തന്നെ ഏറ്റവും വലിയ തണുപ്പില്‍ ഡല്‍ഹി നഗരം തണുത്തപ്പോഴും ഷഹീന്‍ ബാഗിന്‍റെ തെരുവ് രാജ്യത്തിന് തന്നെ ഊര്‍ജം നല്‍കുന്ന പ്രതിഷേധത്തിന്‍റെ ജ്വാല തീര്‍ത്തു. ഈ സമരത്തിന് അവര്‍ മുന്നിട്ടിറങ്ങിയത് കൊണ്ട് തന്നെ ചിലരുടെ യാഥാസ്ഥിതിക മനോഭാവങ്ങളുടെ പൊളിച്ചെഴുത്തിനും സ്ത്രീ ശബ്ദങ്ങളുടെ ഉയിര്‍ത്തെഴുന്നേല്‍പ്പിനും കാരണമായി.


പൗരത്വ ഭേദഗതി നിയമ വിരുദ്ധ സമരങ്ങളുടെ കേന്ദ്ര ബിന്ദു ഡല്‍ഹിയിലെ ഷഹീന്‍ ബാഗാണ്. പ്രസ്തുത സമരാവേശത്തിന്‍റെ അനുരണനമായാണ് രാജ്യത്ത് ഉടനീളം കാണുന്ന ഷഹീന്‍ ബാഗ് സ്ക്വയറുകളും മറ്റ് അനവധി പൗരത്വ നിയമ ഭേദഗതി വിരുദ്ധ സമര വേദികളും രൂപം നല്‍കിയിട്ടുള്ളത്. കൊല്‍ക്കത്തയിലെ പാര്‍ക്ക് സര്‍ക്കസ്, ബിഹാറിലെ സബ്ജി ബാഗ്, ചെന്നൈയിലെ ഷഹീന്‍ ബാഗ് സ്ക്വയര്‍, തിരുവനന്തപുരത്തെ ഷഹീന്‍ ബാഗ് സ്ക്വയര്‍ എന്നിവ ഉദാഹരണം. രാജ്യം മൊത്തം ഷഹീന്‍ ബാഗ് മാതൃക സ്വീകരിച്ച് മുന്നേറുകയാണ് ചെയ്തത്.


സ്വാതന്ത്ര്യവും സമത്വവും നില നില്‍ക്കുന്ന ഒരു രാജ്യത്ത് അവകാശങ്ങള്‍ക്ക് വേണ്ടി പോരാടുക എന്നത് ഓരോ മനുഷ്യന്‍റെയും കടമയാണ്. അതിന് ജനാധിപത്യ രീതിയിലുള്ള സമര മാര്‍ഗങ്ങള്‍ പിന്‍പറ്റുക എന്നത് തികച്ചും ഭരണഘടനാപരമായ അവകാശമാണ്. ജനാധിപത്യ രീതിയിലുള്ള ഒരു സമര പോരാട്ടമാണ് ഷഹീന്‍ ബാഗില്‍ നടന്ന് കൊണ്ടിരിക്കുന്നത്. ഭരണകൂടം ഇന്ന് ആ ഷഹീന്‍ ബാഗിനെ ഭയപ്പെടുന്നു. കാരണം തികച്ചും സാധാരണക്കാരായ സ്ത്രീകള്‍ ആണ് ആ സമരത്തിന് നേതൃത്വം നല്‍കുന്നത്. ഈ പൗരത്വ നിയമം ഇന്ത്യയിലെ ഓരോ സാധാരണക്കാരെയും മത ന്യൂനപക്ഷങ്ങളെയും ബാധിക്കുന്ന പ്രശ്നം ആയത് കൊണ്ട് തന്നെയാണ് അവരുടെ പ്രാതിനിധ്യം ഈ സമരങ്ങളില്‍ എല്ലാം കാണാന്‍ കഴിയുന്നത്.


പൗരത്വ സമരങ്ങളില്‍ പങ്കെടുക്കുന്ന ഓരോരുത്തര്‍ക്കും ഷഹീന്‍ ബാഗ് നല്‍കുന്ന ആവേശം പറഞ്ഞറിയിക്കുന്നതിലും മുകളിലാണ്. ഇന്ന് സമരം എന്നത് ഷഹീന്‍ ബാഗ്കാര്‍ക്ക് അവരുടെ ജീവിത ദിനചര്യയുടെ ഭാഗമായി തീര്‍ന്നിരിക്കുന്നു. ഈ നിയമത്തിനെതിരെയും അത് പാസാക്കാന്‍ മുന്നിട്ടിറങ്ങിയ ഫാഷിസ്റ്റ് ശക്തികള്‍ക്കെതിരേയുമുള്ള വ്യത്യസ്ഥ ശൈലിയിലും ഭാഷയിലും താളത്തിലുമുള്ള മുദ്രവാക്യങ്ങള്‍ വിളിച്ച് ഇന്ത്യന്‍ ത്രിവര്‍ണ പതാകയുമായി നടക്കുന്ന കുട്ടികള്‍ ഷഹീന്‍ ബാഗിലെ തെരുവുകളിലെയും ഗല്ലികളിലെയും ആവേശകരമായ കാഴ്ചകളില്‍ ഒന്നാണ്. കലയും, വരയും, സംഗീതവും, കവിതയും, മുദ്രാവാക്യം വിളികളും, നാടകങ്ങളും അടങ്ങിയ സര്‍ഗാത്മകമായ പ്രതിഷേധ സ്വരങ്ങളും അടങ്ങിയതാണ് സമരത്തിന്‍റെ മറ്റൊരു കാഴ്ച. ഒട്ടും സ്വര തളര്‍ച്ചയില്ലാതെയും മറ്റുള്ളവര്‍ക്ക് ആവേശം പകര്‍ന്ന് നല്‍കിയും സമരക്കാരില്‍ 2 മാസം പ്രായം ആയ കുഞ്ഞ് മുതല്‍ 80-90 വയസ്സായ ദാദിമാര്‍ വരെ ഉണ്ട്. അവരോരുത്തരും ഉയര്‍ത്തുന്ന സ്വരം ഒന്നാണ്. അവര്‍ക്ക് പറയാനുള്ളതും ഒരേ വിഷയത്തെ സംബന്ധിക്കുന്നതാണ്. അത് കേള്‍ക്കാനുള്ള ക്ഷമ ഭരണകൂടത്തിന് ഇല്ല. അവര്‍ ഉയര്‍ത്തിയ ഒരേ ഒരു ആവശ്യം രാജ്യത്തിന്‍റെ പ്രധാനമന്ത്രിയെയോ ആഭ്യന്തരമന്ത്രിയോ ഞങ്ങളെ കേള്‍ക്കാന്‍ തയ്യാറാകണം എന്നതാണ്. എന്നാല്‍ വെറുപ്പിന്‍റെ പ്രത്യയശാസ്ത്രത്തില്‍ അടിയുറച്ച് വിശ്വസിക്കുന്ന ഭരണകൂടം ആ സ്ത്രീകളുടെ ശബ്ദങ്ങളെ വെറുക്കുക മാത്രമാണ് ചെയ്തത്. ആ വെറുപ്പിനെ ഡല്‍ഹി ഇലക്ഷനില്‍ അവര്‍ രാഷ്ട്രീയപരമായി ഉപയോഗപ്പെടുത്താനും ശ്രമിച്ചു. പക്ഷെ അതില്‍ അവര്‍ പരാജയപ്പെടുകയാണ് ചെയ്തത്.


ഇന്ത്യയില്‍ ഇന്ന് ഏറ്റവും കൂടുതല്‍ ചര്‍ച്ച ചെയ്യപ്പെടുന്നതും ഒരു പക്ഷെ ലോകത്ത് തന്നെ ഇന്ത്യയെക്കുറിച്ച് ചര്‍ച്ച ചെയ്യപ്പെടുന്നതും രാജ്യത്ത് തുടര്‍ന്ന് കൊണ്ടിരിക്കുന്ന പൗരത്വ പ്രക്ഷോഭങ്ങളെയും സമരങ്ങളെയും സംബന്ധിച്ചായിരിക്കും. ഈ പൗരത്വ പ്രക്ഷോഭങ്ങള്‍ ഇത്രയും ജനകീയമാക്കിയതിലെ മുഖ്യ പങ്ക് സ്ത്രീകളുടെതാണ്. ജാമിഅ മില്ലിയ യൂണിവേഴ്സിറ്റിയിലേയും ഷഹീന്‍ബാഗിലെയും പെണ്‍കുട്ടികളുടേയും സ്ത്രീകളുടേയും ധീരമായ ചുവടുകള്‍ ആണ് അതിന് മുഖ്യ കാരണമായത്.

സൗത്ത് ഡല്‍ഹിയിലെ ജാമിഅ നഗറും, ഷഹീന്‍ ബാഗും, ജാമിഅ മില്ലിയ യൂണിവേഴ്സിറ്റിയുമെല്ലാം നാളെ ചരിത്രത്തിന്‍റെ ഭാഗമാകാന്‍ പോകുന്ന പ്രദേശങ്ങളാണ്. ഇന്ത്യയുടെ രണ്ടാം സ്വാതന്ത്ര്യ സമരം എന്ന് പോലും നാമകരണം ചെയ്യപ്പെട്ട ഒരു സമരത്തില്‍ മുമ്പെ നടന്നവര്‍ എന്ന യാഥാര്‍ത്ഥ്യമാണ് അതിന് കാരണം. നാളെയുടെ ചരിത്രത്തിന്‍റെ ഭാഗമാകാന്‍ പോകുന്നത് നിരവധി സാധാരണ സ്ത്രീകള്‍ ആണെന്നുള്ളതാണ് അതിലെ ആകര്‍ഷണീയത.

ചരിത്രം സൃഷ്ടിക്കുമ്പോള്‍ ചരിത്രത്തെ വികലമാക്കി അവതരിപ്പിക്കുന്നവര്‍ക്കെതിരെയും ഇന്നലെയുടെ ഇന്ത്യന്‍ സ്വാതന്ത്ര്യ സമര ചരിത്രത്തില്‍ യാതൊരുവിധ സംഭാവനകളും പങ്കും ഇല്ലാത്തവര്‍ക്കെതിരെയുമാണ് സമരം ചെയ്യുന്നത് എന്നതാണ് വസ്തുത.

ഈ പൗരത്വ സമരങ്ങളില്‍ ഇന്ത്യയിലെ സ്ത്രീകളുടേയും പെണ്‍കുട്ടികളുടേയും പങ്കാളിത്തം പറഞ്ഞറിയിക്കുന്നതിലും വലുതാണ്. അവരുടെ നേതൃത്വപരമായ മുന്നേറ്റമാണ് ഈ സമരങ്ങളിലെ പ്രധാന ആകര്‍ഷക ഘടകവും. സ്ത്രീകളുടെ ജനാധിപത്യ ബോധ്യത്തെയും സാമൂഹിക പ്രശ്നങ്ങളിലെ തങ്ങളുടേതായ ഇടങ്ങള്‍ മനസ്സിലാക്കിയുള്ള ഇടപെടലുകളുമാണ് ഈ സമരങ്ങളില്‍ വ്യക്തമാകുന്നത്. രാജ്യം ഭരിക്കുന്നത് ഹിന്ദുത്വ ഫാഷിസ്റ്റ് പ്രത്യയ ശാസ്ത്രത്തിന്‍റെ വക്താക്കളാണ്. അങ്ങനെയുള്ള ഒരു ഭരണകൂടത്തിന് കീഴില്‍ സ്ത്രീ സ്വാതന്ത്ര്യവും സമത്വവും തുല്യ നീതിയുമെല്ലാം എത്രമാത്രം സങ്കുചിതമാണെന്ന് നാം കണ്ടറിയേണ്ടതും കണ്ടറിയുന്നതുമാണ്. സ്ത്രീകള്‍ സ്ത്രീകളുടെ മാത്രം സബ്ജക്ടീവായ പ്രശ്നങ്ങളില്‍ ഇടപെടലുകള്‍ നടത്തുന്നതിലുപരി പൊതു പ്രശ്നങ്ങളിലും സ്ത്രീകളുടെ ശബ്ദം കൂടുതല്‍ കരുത്തോടെ തന്‍റേതായ ഇടങ്ങള്‍ സൃഷ്ടിച്ച് മുന്നേറണ്ടതുണ്ട് എന്നാണ് പൗരത്വ സമരങ്ങളിലെ സ്ത്രീ പ്രാതിനിധ്യം വിളിച്ച് പറയുന്നത്.

അവകാശങ്ങള്‍ക്കു വേണ്ടിയുള്ള പോരാട്ടം


പൗരത്വ പ്രക്ഷോഭങ്ങള്‍ ഇത്രയും വലിയ രീതിയില്‍ രാജ്യത്തുടനീളം ശക്തി പ്രാപിക്കാന്‍ കാരണം ഇതൊരം ഭരണഘടനാ പ്രശ്നമാണ് എന്നതാണ്. ഇന്ത്യയുടെ ഭരണഘടന ഇന്ത്യയില്‍ ജീവിക്കുന്ന ഓരോ വ്യക്തിക്കും നല്‍കുന്നത് തുല്യ അവകാശവും സ്വാതന്ത്ര്യവും സമത്വവുമാണ്. ഈ ഭരണഘടനാമൂല്യങ്ങള്‍ക്ക് ഘടകവിരുദ്ധമാണ് പൗരത്വനിയമഭേദഗതി.


2020 ലെ അന്താരാഷ്ട്ര വനിത ദിനത്തിന്‍റെ പ്രമേയം ‘ഞാനാണ് തുല്യതയുടെ തലമുറ’ എന്നതാണ്. എന്നാല്‍ ഇന്ത്യയിലെ സ്ത്രീകള്‍ ഇന്ന് തെരുവുകളില്‍ ഇറങ്ങി ചോദിക്കുന്നത് തുല്യതക്ക് വേണ്ടി മാത്രമല്ല. ഇന്ത്യയുടെ ബഹുസ്വരതക്കും ഐക്യത്തിനും നിലനില്‍പിനും പ്രശ്നമായ സംഘപരിവാര്‍ അജണ്ടകള്‍ നടപ്പാക്കുന്ന രണ്ടാം മോദി സര്‍ക്കാറിന്‍റെ വര്‍ഗീയ അജണ്ടകള്‍ക്കും രാഷ്ട്രത്തിലെ ജനങ്ങളെ മതത്തിന്‍റേയും ജാതിയുടേയും അടിസ്ഥാനത്തില്‍ വേര്‍തിരിച്ച് പൗരത്വം നല്‍കുന്ന പൗരത്വ നിയമ ഭേദഗതിക്കെതിരെയും കൂടിയാണ്.


സ്വന്തം അവകാശങ്ങള്‍ ചോദിച്ച് വാങ്ങുന്നിടത്ത് നിന്ന് സമൂഹത്തിന്‍റെ രാഷ്ട്രീയ പ്രശ്നങ്ങളില്‍ ഇടപെടലുകള്‍ നടത്തി സ്ത്രീകളുടെ ആവശ്യകത പൊതു പ്രശ്നങ്ങളില്‍ എത്രമാത്രം പ്രാധാന്യം അര്‍ഹിക്കുന്നു എന്ന് സമൂഹത്തിന് മുമ്പില്‍ വ്യക്തമാക്കി കൊടുക്കുന്നു. സമൂഹത്തിലെ പ്രശ്നങ്ങളുടെ പരിഹാരത്തിന് സ്ത്രീ അവരുടേതായ പരിഹാര മാര്‍ഗങ്ങളും പ്രതികരണ ശേഷിയും സമര പാടവങ്ങളും കണ്ടെത്തി എന്നിടത്താണ് പൗരത്വ സമരങ്ങളിലെ സ്ത്രീകളുടെ നേതൃത്വപരമായ പങ്ക് വ്യക്തമാകുന്നത്. ഈ പൗരത്വ സമരങ്ങളില്‍ സമര നായകന്‍മാര്‍ക്ക് ഉപരിയായി സമര നായികമാര്‍ പ്രാധാന്യം അര്‍ഹിക്കുന്നതും അത്കൊണ്ട് തന്നെയാണ്.


ജനാധിപത്യ മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിച്ച് ഭരണഘടന സംരക്ഷിക്കാന്‍ ഇറങ്ങി തിരിച്ച ഏതൊരു സമരത്തിനും നേരിടേണ്ട പ്രതിസന്ധികള്‍ തന്നെയാണ് ഷഹീന്‍ ബാഗിനെയും തേടിയെത്തിയിരിക്കുന്നത്. സ്വത്വത്തേയും സ്വത്വ ബോധത്തേയും വംശീയമായും വര്‍ഗീയമായും ഇല്ലായ്മ ചെയ്യാന്‍ ശ്രമിക്കുന്ന വെറുപ്പിന്‍റെ ഫാഷിസ്റ്റ് പ്രത്യയശാസ്ത്രത്തില്‍ അധിഷ്ടിതമായ ഭരണകൂടം അവരുടെ സ്വത്വ ബോധത്തെ ദേശ ദ്രോഹത്തിന്‍റേയും തീവ്രവാദത്തിന്‍റേയും മുദ്രകളാല്‍ അടച്ചമര്‍ത്താന്‍ ശ്രമിക്കുന്നതാണ് കണ്ട് കൊണ്ടിരിക്കുന്നത്.

‘ഗോലി മാരോ സാലോം കോ’ എന്ന മുദ്രാവാക്യമാണ് രാജ്യത്തുടനീളം സംഘപരിവാരം അഴിച്ച് വിട്ടത്. അത്തരത്തില്‍ ഒരു വാക്ക് പറഞ്ഞതിന്‍റെ പേരില്‍ ഒരു സംഘപരിവാര്‍ വക്താവിനെയും രാജ്യത്തെവിടെയും അറസ്റ്റ് ചെയ്തതായി കണ്ടിട്ടില്ല, പക്ഷെ റോഡ് ഉപരോധിച്ച് സമരം ചെയ്യുന്നതിന് തീവ്രവാദ പട്ടവും രാജ്യദ്രോഹ കുറ്റവുമാണ് ചാര്‍ത്തപ്പെടുന്നത്. ഇത്തരത്തിലാണ് ഇന്ന് ഇന്ത്യയിലെ ജനങ്ങളോട് ഭരണകൂടത്തിനുള്ള കാഴ്ചപ്പാട്. സംഘപരിവാര്‍ വക്താക്കള്‍ അത്തരത്തിലുള്ള ഒരു വാക്ക് പറഞ്ഞതിന്‍റെ അടിസ്ഥാനത്തില്‍ പൗരത്വ സമരങ്ങളില്‍ ഡല്‍ഹിയിലും യുപിയിലും കര്‍ണാടകയിലുമായി നഷ്ടപ്പെട്ടത് 80ല്‍ പരം മനുഷ്യ ജീവനുകളാണ്.


ജാമിഅ മില്ലീയ യൂണിവേഴ്സിറ്റി വിദ്യാര്‍ത്ഥികള്‍ക്ക് നേരെയും ഷഹീന്‍ ബാഗിലെ സമരക്കാര്‍ക്ക് നേരെയും സംഘപരിവാര്‍ ഭീകരര്‍ വെടിയുതിര്‍ക്കുകയുണ്ടായി. അതില്‍ ജാമിഅ: മില്ലിയ യൂണിവേഴ്സിറ്റിയില്‍ വെടിയുതിര്‍ത്ത ഹിന്ദുത്വ ഭീകരനെ പ്രായപൂര്‍ത്തി ആയിട്ടില്ല എന്ന ന്യായം പറഞ്ഞ് വസ്തുതാ പരമല്ലാത്ത കൃത്രിമ രേഖകള്‍ കാണിച്ച് കേസില്‍ ഇളവ് വരുത്തി. ഷഹീന്‍ ബാഗില്‍ വെടിയുതിര്‍ത്ത കപില്‍ ഗുജ്ജാറിന് ജാമ്യം അനുവദിക്കുകയും ചെയ്തു. അതെ സമയം ഡോ കഫീല്‍ ഖാനെയും ഷര്‍ജീല്‍ ഇമാമിനെയും പോലെയുള്ള നിരവധി സാമൂഹികരാഷ്ട്രീയ പ്രവര്‍ത്തകര്‍ എന്‍.എസ്.എയും (NSA) പി.എസ്.എയും (PSA) ചുമത്തി ജയിലറകള്‍ക്കുള്ളിലാണ്.

പ്രതിഷേധത്തിന്‍റെ സ്വരങ്ങള്‍ ഉയര്‍ന്ന് വരുന്ന ഓരോ ഇടങ്ങളും ഇനിയും കൂടുതല്‍ ശക്തിപ്പെടുകയും സംഘപരിവാറിന്‍റെ വര്‍ഗീയ അജണ്ടകളെ എതിര്‍ത്തും ജനകീയമായി ജനാധിപത്യത്തെയും ഭരണഘടനയെയും മുറുകെ പിടിച്ചും രാജ്യത്ത് ഇനിയും ഷഹീന്‍ ബാഗുകള്‍ ഉയര്‍ന്ന് വരേണ്ടതുണ്ട്. ഇരകള്‍ക്ക് നീതി ലഭിക്കാന്‍ ഭരണഘടനയിലുള്ള അവരുടെ വിശ്വാസം നഷ്ടപ്പെടാത്ത രീതിയില്‍ കൂടുതല്‍ ദൃഢതയുള്ളതാക്കേണ്ടതുണ്ട്. ഈ പൗരത്വ ഭേദഗതി നിയമത്തിനെതിരെയുള്ള സമരങ്ങളില്‍ കക്ഷി രാഷ്ട്രീയങ്ങള്‍ക്കും സംഘടന സങ്കുചിതത്വങ്ങള്‍ക്കും, ജാതി, മത, വര്‍ഗ ഭേദങ്ങള്‍ക്കും ഉപരിയായ ഒരു ഐക്യം കാലഘട്ടത്തിന്‍റെ അനിവാര്യതയാണന്നോണം ഉണ്ടായിത്തീരേണ്ടതുണ്ട്. ഷഹീന്‍ ബാഗ് പറഞ്ഞ് തരുന്ന പാഠവും അത് തന്നെയാണ്. ഷഹീന്‍ ബാഗില്‍ നിന്ന് ഉയര്‍ന്ന ഓരോ ആസാദിയും പ്രതീക്ഷയുടേതാണ്. ഒരു വിപ്ലവത്തിന് ശേഷമുള്ള വസന്തത്തിന് വേണ്ടിയുള്ള കാത്തിരിപ്പിലാണ് രാജ്യത്തെ ജനാധിപത്യ മതേതര വിശ്വാസികളും ഭരണഘടന സംരക്ഷകരും.



ആദില ടി.

നിയമ വിദ്യാര്‍ത്ഥിനി
നോയിഡ

COMMENTS

COMMENT WITH EMAIL: 0