2019 ആഗസ്റ്റ് 5നാണു കശ്മീരിനു പ്രത്യേക പദവി അനുവദിച്ചിരുന്ന ഇന്ത്യന്‍ ഭരണഘടനയിലെ മുന്നൂറ്റി എഴുപതാം (370) വകുപ്പ് നരേന്ദ്ര മോഡി-അമിത് ഷാ സര്‍ക്കാര്‍ നീക്കിയത്.തീര്‍ത്തും ഏകപക്ഷീയവും ഹിന്ദുത്വ/തീവ്ര ദേശീയതാപരവുമായ നടപടിയായിരുന്നു അത്. ശേഷമുണ്ടായ സംവാദങ്ങളില്‍ ‘കശ്മീരി സ്ത്രീകളുടെ ഉന്നമനം’ നിരവധി തവണ പരാമര്‍ശിച്ചു കൊണ്ടായിരുന്നു അമിത്ഷാ നടപടിയെ ന്യായീകരിച്ചത്. സമാനമായി ഈ നീക്കത്തെ കാശ്മീരി സ്ത്രീകള്‍ സ്വാഗതം ചെയ്യുന്നതായി വരുത്തിത്തീര്‍ക്കാനുള്ള ശ്രമങ്ങള്‍ സംഘ് പരിവാരിന്‍റെ നേതൃത്വത്തില്‍ നടന്നു കൊണ്ടേയിരുന്നു. ജമ്മുവിലെ ആക്ടിവിസ്റ്റുകളും, രാജ്യത്തിന്‍റെ മറ്റു ഭാഗങ്ങളിലേക്ക് വിവാഹിതരായ കശ്മീരി പണ്ഡിറ്റ് സ്ത്രീകളും ഈ നീക്കത്തെ പിന്തുണക്കുന്നുവെന്ന വാര്‍ത്താ റിപ്പോര്‍ട്ടുകളും പ്രചരിപ്പിക്കപ്പെട്ടു.
ഇതിനു പ്രധാന കാരണമായി ചൂണ്ടിക്കാട്ടുന്നത് ഇന്ത്യന്‍ ഭരണഘടനയിലെ 35 എ വകുപ്പാണ്. അത് സ്ഥിര താമസക്കാര്‍ ആരാണെന്ന് നിര്‍വചിക്കാന്‍ ജമ്മു കശ്മീര്‍ നിയമസഭയെ അനുവദിക്കുന്നുണ്ട്. അതുപ്രകാരം, സ്ത്രീകള്‍ സംസ്ഥാനത്തിനു പുറത്ത് വിവാഹം കഴിച്ചുകഴിഞ്ഞാല്‍, അവരുടെ പൗരത്വത്തിന്‍റെ രൂപം തന്നെ മാറുന്നതായി കാണാനാവും. അവര്‍ക്ക് പിന്നെ സ്ഥാവര വസ്തുക്കള്‍ കൈവശം വയ്ക്കാനും സംസ്ഥാനത്ത് സ്ഥിര
മായ തസ്തികകളില്‍ ജോലി ചെയ്യാനുമുള്ള അവകാശം നഷ്ടപ്പെടും എന്നു മാത്രമല്ല, സ്കോളര്‍ഷിപ്പിനോ സംസ്ഥാന സര്‍ക്കാര്‍ നല്‍കുന്ന മറ്റ് സഹായങ്ങള്‍ സ്വീകരിക്കുന്നതിനോ ഉള്ള അവകാശം പോലും നഷ്ടമാവുന്നു. ചുരുക്കിപ്പറഞ്ഞാല്‍, പൂര്‍ണ്ണാര്‍ത്ഥത്തിലുള്ളൊരു പരിവര്‍ത്തനമാണ് കശ്മീരി സ്ത്രീകളുടെ കാര്യത്തില്‍ അത്തരത്തിലുള്ള വിവാഹത്തിനു ശേഷം സംഭവിക്കുക.
അതോടൊപ്പം തന്നെ മറ്റു ചില വസ്തുതകള്‍ കൂടി പരിശോധിക്കേണ്ടതുണ്ടെന്നു തോന്നുന്നു. ഭരണകൂട ക്രൂരതയുടെ കനത്ത ആഘാതം നേരിടുന്നവരെന്ന നിലയില്‍ കശ്മീര്‍ താഴ്വരയില്‍ താമസിക്കുന്ന സ്ത്രീകള്‍ പലപ്പോഴും വലിയ വിഷയമാകാറില്ല എന്നത് രേഖപ്പെടുത്തേണ്ട വസ്തുതയാണ്. അവരും കശ്മീരിന്‍റെ തുല്ല്യ പങ്കാളികളാണെന്ന വസ്തുത അംഗീകരിക്കപ്പെടാറില്ല. അവര്‍ നിരന്തരമായി കനത്ത അവഗണനക്ക് വിധേയമാക്കപ്പെടുകയും മറപ്പിക്കപ്പെടുകയും ചെയ്യുന്നു. സൈനികവല്‍ക്കരണത്തിന്‍റെയും തീവ്രവാദത്തിന്‍റെയുമൊക്കെ ബാക്കി പത്രങ്ങള്‍ പതിറ്റാണ്ടുകളായി നേരിടുന്നവരാണ് താഴ്വരയിലെ സ്ത്രീകള്‍. അവരുമായി ഇടപഴകാന്‍ രാഷ്ട്രീയ പാര്‍ട്ടികളോ ഭരണകൂടമോ ഇതുവരെ തയ്യാറായിട്ടില്ല.
സാമ്പത്തിക, രാഷ്ട്രീയ അസമത്വങ്ങള്‍, മനുഷ്യാവകാശ ലംഘനങ്ങള്‍, മനുഷ്യ സുരക്ഷയുടെ അഭാവം, ഭരണകൂടം ഏകപക്ഷീയമായി പ്രവര്‍ത്തിക്കുമെന്ന നിരന്തരമായ ഭയം എന്നിവ ദീര്‍ഘകാലമായി അവിടെ തുടരുകയാണ്. എന്നാല്‍ ഇതൊക്കെ അവഗണിക്കപ്പെടാറാണ് പതിവ്. കാര്യങ്ങള്‍ മറന്നു പോകുന്നതുവരെ അവ അങ്ങനെ തന്നെ ആയിരിക്കട്ടെ എന്ന സ്റ്റേറ്റ് പുലര്‍ത്തി പോരുന്ന അപ്രഖ്യാപിത ഔദ്യോഗിക സമീപനമാണിതിന് കാരണം.
ലൈംഗിക അതിക്രമങ്ങളും സ്റ്റേറ്റ് ഇംപ്യൂണിറ്റിയും
കശ്മീരി സ്ത്രീകള്‍ക്കെതിരെയുള്ള ഇന്ത്യന്‍ സേനയുടെ ലൈംഗിക അതിക്രമങ്ങള്‍ വലിയൊരു ഉദാഹരണമാണ്. വളരെ എളുപ്പത്തില്‍, നിലനില്‍ക്കുന്ന സ്റ്റേറ്റ് ഇംപ്യൂണിറ്റിയുടെ സഹായത്തില്‍ ലോകത്തെ ഏറ്റവും വലിയ സൈനികവല്‍കൃത പ്രദേശത്ത് അവ ചര്‍ച്ച പോലുമാവാതെ തുടര്‍ന്നു കൊണ്ടിരിക്കുന്നു. പക്ഷെ, കശ്മീര്‍ പ്രശ്നം പരിഹരിക്കുന്നതിന്‍റെ ഭാഗമായി ഈ പ്രദേശത്തെ സ്ത്രീകള്‍ സൈനികവല്‍ക്കരണത്തിനും ലൈംഗിക അതിക്രമങ്ങള്‍ക്കും സാക്ഷ്യം വഹിച്ചതും അനുഭവിച്ചതും ഒരിക്കലും കണക്കിലെടുത്തിട്ടില്ല. മാത്രമല്ല, കശ്മീരിലെ സ്ത്രീകള്‍ നേരിടുന്ന അക്രമങ്ങളെയും അതോടൊപ്പം സൈനികവല്‍ക്കരണം അവരുടെ ദൈനംദിന ജീവിതത്തില്‍ വരുത്തിയ പരോക്ഷ ഫലങ്ങളെയും അദൃശ്യമാക്കാന്‍ സ്റ്റേറ്റ് സജീവമായി ശ്രമിച്ചുകൊണ്ടേയിരിക്കുന്നു എന്നതാണ് വസ്തുത.
സ്ത്രീകളെ ക്രൂരമായി പീഡിപ്പിച്ച സംഭവങ്ങളാല്‍ നിറഞ്ഞു നില്‍ക്കുകയാണ് കശ്മീരിലെ പോരാട്ട ചരിത്രം. ഒരു വശത്ത് കുനന്‍പോഷ്പോറയുടെ വിചാരണ സംസ്ഥാനം നീട്ടിക്കൊണ്ടിരിക്കുമ്പോള്‍, മറുവശത്ത്, അതിജീവിച്ചവര്‍ക്കും അവരുടെ കുടുംബങ്ങള്‍ക്കും കിരാതമായ ആ ആക്രമണത്തിന്‍റെ വാര്‍ഷികങ്ങള്‍ അനുസ്മരിക്കാനുള്ള അനുവാദം പോലും നല്‍കാതിരിക്കാന്‍ അവര്‍ പ്രത്യേകം ശ്രദ്ധിക്കുന്നു.
മുബീന ഘാനി, ഹസീന, 1992 ല്‍ സോപോറിലെ ചക്സാദിപോരയില്‍ ബലാത്സംഗം ചെയ്യപ്പെട്ട ആറോളം സ്ത്രീകള്‍, അതേ വര്‍ഷം ഹരാനില്‍ നടന്ന ഗുരിഹാഖര്‍, അടുത്തിടെ 2009 ല്‍ നടന്ന ആസിയ, നീലോഫാര്‍ എന്നിവര്‍ക്ക് നേരെയുണ്ടായ ലൈംഗിക അതിക്രമങ്ങള്‍ തുടങ്ങിയവ സമാനമായ പ്രധാനപ്പെട്ട സംഭവങ്ങളാണ്. ഇവ കശ്മീരിലെ ജനങ്ങളുടെ പ്രതിഷേധങ്ങള്‍ ശക്തിപ്പെടുത്തുന്നതില്‍ കാരണമായ രേഖപ്പെടുത്തപ്പെട്ട കേസുകളാണ്.
സ്ത്രീകളുടെ ശരീരത്തിനു മേലുള്ള അക്രമവും കുറ്റവാളികളുടെ മഹത്വവല്‍ക്കരണവുമാണ് ഇത്തരത്തിലുള്ള സംഭവങ്ങളെ അടയാളപ്പെടുത്തുന്നതിനുള്ള പ്രതിഷേധത്തിന്‍റെ പ്രേരകശക്തിയായി വര്‍ത്തിക്കുന്നത്. അത് പിന്നീട്, എല്ലാവരുടെയും സ്വയം നിര്‍ണ്ണയത്തിനുള്ള അവകാശ സമരങ്ങളിലേക്ക് നീങ്ങുന്നതായി കശ്മീരിലെ സമരങ്ങളെ പരിശോധിച്ചാല്‍ നമുക്ക് മനപ്പിലാക്കാനാകും. അവിടെ, ലൈംഗിക അതിക്രമത്തിന്‍റെ ഒരു കേസില്‍ പോലും പ്രോസിക്യൂഷന് സ്റ്റേറ്റ് ഉത്തര വിട്ടിട്ടില്ല എന്നത് എത്രത്തോളമാണ് താഴ്വരയിലെ മുസ്ലിം സ്ത്രീകള്‍ക്ക് നല്‍കപ്പെടുന്ന പൗരത്വപരിഗണന എന്നത് മനസ്സിലാക്കിത്തരുന്നതാണ്.
കശ്മീരില്‍ സ്ത്രീകള്‍ക്ക് അവരുടെ മുഴുവന്‍ അവകാശങ്ങളും തിരിച്ചറിയാന്‍ കഴിയാത്തതിന്‍റെ ഒരു തിരഞ്ഞെടുത്ത ചിത്രം ആഭ്യന്തരമന്ത്രി പാര്‍ലമെന്‍റില്‍ അവതരിപ്പിച്ചിരുന്നു. സര്‍ക്കാര്‍ തര്‍ക്ക പ്രദേശമായി പ്രഖ്യാപിച്ചിട്ടില്ലാത്തതും എന്നാല്‍ അഫ്സ്പ പോലുള്ള ക്രൂരമായ നിയമങ്ങള്‍ നിലവിലുള്ളതുമായ ഒരു സംസ്ഥാനത്ത് താമസിക്കുന്ന കശ്മീരി സ്ത്രീകളെ, രാജ്യത്തിന്‍റെ മറ്റ് ഭാഗങ്ങളിലെ സ്ത്രീകളുമായി താരതമ്യപ്പെടുത്തി അവകാശപട്ടിക തയ്യാറാക്കാനും അവര്‍ക്ക് തുല്യമായി കശ്മീരിലെ സ്ത്രീകളെ മാറ്റിയെടുക്കാന്‍ താല്‍പ്പര്യമുണ്ടെന്ന സര്‍ക്കാരിന്‍റെ വാദം തന്നെ വസ്തുതാ വിരുദ്ധമാണ്. മറ്റൊരു വിധത്തില്‍ പറഞ്ഞാല്‍, സ്ത്രീ വിമോചനത്തിനായാണ് വകുപ്പ് 370 നീക്കം ചെയ്യുന്നത് എന്ന വാദം തന്നെ പൂര്‍ണ്ണമായും അര്‍ത്ഥശൂന്യമാണ്. അവിടെയാണ് കശ്മീരില്‍ നിലനില്‍ക്കുന്ന വിവേചനങ്ങളെക്കാള്‍ കശ്മീരിനോടുള്ള സ്റ്റേറ്റിന്‍റെ വിവേചനം എങ്ങനെയാണ് അവരോടുള്ള ക്രൂരതയായി മാറുന്നത് എന്നത് മനസ്സിലാക്കിത്തരുക. അതും കൂടാതെ, കശ്മീരി മുസ്ലിങ്ങള്‍ക്ക് നേരെ സംഘ് പരിവാറിന്‍റെ ടാര്‍ഗറ്റിങ്ങ് കൂടിയാകുമ്പോള്‍ കാര്യങ്ങള്‍ കൂടുതല്‍ വഷളാക്കുന്നു. അല്ലെങ്കിലും, തങ്ങള്‍ക്കെന്താണ് വേണ്ടതെന്ന് കാലങ്ങളായി വിളിച്ചു പറഞ്ഞു കൊണ്ടേയിരിക്കുന്ന അവരുടെ ശബ്ദങ്ങളെ വകവെക്കാത്ത ഭരണകൂടത്തില്‍ നിന്ന് എങ്ങനെയാണവര്‍ നീതി പ്രതീക്ഷിക്കുക?
കശ്മീര്‍ സ്ത്രീകളോടുള്ള ഇന്ത്യന്‍ സൈനിക സമീപനം അവരുടെ ജീവിതത്തെ കൂടുതല്‍ ചുരുക്കുകയാണ് ചെയ്യുന്നത്. ഭരണകൂടത്തിന്‍റെ ഉത്തരവാദിത്തക്കുറവും ശിക്ഷാനടപടിയുടെ പ്രശ്നം പരിഹരിക്കുന്നതിലും ഈ സ്ത്രീകള്‍ക്ക് നീതി നല്‍കുന്നതിലും പരാജയപ്പെടുന്നത് എല്ലായ്പ്പോഴും ‘ദേശീയ താല്‍പ്പര്യം’ ആയി വേഷം മാറി, ശക്തികളുടെ മനോവീര്യം ഉയര്‍ത്തിപ്പിടിക്കുന്ന ആ പൊതു ബോധമാണ്. സായുധ സേന
യുടെ പ്രത്യേക അധികാര നിയമപ്രകാരം (AFSPA) ശിക്ഷാ ഇളവ് ചൂണ്ടിക്കാട്ടി താഴ്വരയിലെ മിക്ക ഗുരുതരമായ കുറ്റകൃത്യങ്ങളും സാധാരണമാക്കപ്പെടുന്നു.
ആഭ്യന്തര സുരക്ഷയെ സംബന്ധിച്ച്, സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ നിയമാനുസൃതമാക്കിയതിന് അഫ്സ്പ അവലോകനം ചെയ്യണമെന്ന് ജസ്റ്റിസ് വര്‍മ്മ കമ്മിറ്റി 2013ല്‍ ശുപാര്‍ശ ചെയ്തിരുന്നു. പക്ഷെ, ശുപാര്‍ശയുടെ തുടര്‍നടപടികളോ ചര്‍ച്ചകളോ ഉണ്ടായിരുന്നില്ല. ഇഋഉഅണ, യുഎന്‍ പ്രമേയങ്ങള്‍ 1325, 1820, ജനീവ കണ്‍വെന്‍ഷനുകളുടെ ആര്‍ട്ടിക്കിള്‍ 3, മനുഷ്യാവകാശങ്ങളുടെ സാര്‍വത്രിക പ്രഖ്യാപനം എന്നിവ പരാമര്‍ശിച്ച് ഇന്ത്യയിലെ സ്ത്രീ സംഘടനകളും ലോകമെമ്പാടുമുള്ള മനുഷ്യാവകാശ സംഘടനകളും ഈ ആശങ്കകള്‍ വീണ്ടും വീണ്ടും ഉന്നയിച്ചിട്ടുണ്ട്.
വ്യക്തിഗത സ്വാതന്ത്ര്യം അവസാനിക്കുന്നിടത്താണ് അഫ്സ്പ ആരംഭിക്കുന്നത്. അഫ്സ്പയുടെ നിഴലില്‍ ജീവിക്കുന്ന കശ്മീരി സ്ത്രീകള്‍ക്ക്, 370-ാം വകുപ്പ് നീക്കംചെയ്യുന്നത് ഒരിക്കലും സ്വീകാര്യമാകില്ലെന്നും അവരോടുള്ള നീതിയാവില്ലെന്നും തിരിച്ചറിയാന്‍ ബുദ്ധിമുട്ടില്ലാത്തൊരു വസ്തുതയാണ്. അതുകൊണ്ടു തന്നെ, കശ്മീരി സ്ത്രീകളുടെ വിമോചനത്തെയും ശാക്തീകരണത്തെയും കുറിച്ച് തീരുമാനമെടുക്കുന്നതിന് മുമ്പ് ഈ കാര്യങ്ങള്‍ പരിഗണിക്കേണ്ടത് പ്രധാനമാണ്.
സൈന്യവുമായി മുഖാമുഖം വരുന്ന സ്ത്രീകളുടെ, പ്രത്യേകിച്ചും ഉള്‍പ്രദേശങ്ങളിലുള്ളവരുടെ, ദൈനംദിന അനുഭവങ്ങളും, ഇവ അവരുടെ സാമൂഹിക ഇടപെടലുകളെയും സ്റ്റേറ്റിനോടുള്ള മനോഭാവത്തെയും എങ്ങനെ രൂപപ്പെടുത്തുന്നു എന്നതും, ഒരിക്കലും സ്റ്റേറ്റോ പൊതുജനങ്ങളോ ഡീകോഡ് ചെയ്തിട്ടില്ല.
ആണ്‍കോയ്മ ഭരണകൂടവും പൗരത്വത്തിന്‍റെ പരിമിതികളും
ലൈംഗിക അതിക്രമങ്ങള്‍ക്കു പുറമെ സൈനികവല്‍ക്കരണവും കശ്മീരി സ്ത്രീകളെ സാമൂഹിക ജീവിതത്തില്‍ നിന്നും പൊതു ഇടങ്ങളില്‍ നിന്നും മാറ്റി നിര്‍ത്തുന്നതില്‍ പ്രധാന പങ്ക് വഹിച്ചിട്ടുണ്ട്. അത് കുടുംബത്തിലടക്കമുള്ള അവരുടെ ഇടപെടലുകളെ രൂപപ്പെടുത്തുന്നുണ്ട്. കാലങ്ങളായി അക്രമത്തിന് സാക്ഷ്യം വഹിക്കുകയും അതിന്‍റെ ഇരകളാക്കപ്പെടുകയും ചെയ്യപ്പെട്ട അവരെയിത് കേവലം ഓര്‍മ്മയുടെ സൂക്ഷിപ്പുകാരാക്കി മാറ്റി. അങ്ങനെ, വര്‍ഷങ്ങളായി സ്റ്റേറ്റ് കേള്‍ക്കാന്‍ വിസമ്മതിക്കുന്ന വിധത്തില്‍ ആ ആഘാതങ്ങള്‍ അവര്‍ പ്രകടിപ്പിക്കുന്നതിനു പുതിയ വഴികള്‍ തേടി. മറ്റൊരര്‍ത്ഥത്തില്‍ ഇത് പൊതുജീവിതത്തിലേക്കുള്ള അവരുടെ പ്രവേശനം പരിമിതപ്പെടുത്തുകയും അവരുടെ സ്വകാര്യ ജീവിതങ്ങളെ പൊതു മണ്ഡലത്തിലേക്ക് വലിച്ചെറിയുകയും അവരുടെ ബന്ധങ്ങളെ രാഷ്ട്രീയവല്‍ക്കരിക്കുകയും ചെയ്തു.
അപ്രത്യക്ഷരായ വ്യക്തികളുടെ രക്ഷാകര്‍തൃ അസോസിയേഷനിലെ വനിതാ അംഗങ്ങള്‍, ഈ സാധാരണമല്ലാത്ത സാഹചര്യങ്ങള്‍ എങ്ങനെയാണ് സ്ത്രീകളെ പൊതുസഞ്ചയത്തിലേക്ക് വലിച്ചെറിയുകയും മാതൃത്വത്തെ രാഷ്ട്രീയവല്‍ക്കരിക്കുകയും ചെയ്യുന്നത് എന്നതിന്‍റെ ജീവിക്കുന്ന ഉദാഹരണങ്ങളാണ്. കാശ്മീരി സ്ത്രീകള്‍, ഡോഗ്ര ഭരണകാലം മുതല്‍ ഇന്നുവരെ, രാഷ്ട്രീയത്തില്‍ ഏര്‍പ്പെടാനുള്ള വഴികള്‍ എല്ലായ്പ്പോഴും കണ്ടെത്തിയിട്ടുണ്ട്. എന്നാല്‍ അവര്‍ക്ക് നേരിടേണ്ടി വന്നത് മാരകമായ അക്രമങ്ങള്‍ മാത്രമാണ്. ഇപ്പോള്‍ 2019 ലും ഇത് ആവര്‍ത്തിക്കുന്നു.
സമാധാനം പുന:സ്ഥാപിക്കുന്നതിലും തീരുമാനങ്ങള്‍ എടുക്കുന്നതിലും സ്ത്രീകളെ ഒഴിവാക്കുന്ന ഭരണകൂടം അധികാരത്തെ, അനിയന്ത്രിതമായി ഉപയോഗിക്കുന്നതിനെ ന്യായീകരിക്കുന്നതിന് അവരെ മുന്‍നിരയില്‍ നിര്‍ത്തുന്നത് പല തലങ്ങളിലും പ്രശ്നമുയര്‍ത്തുന്ന കാര്യമാണ്. ഒരു കൊളോണിയല്‍ ഡിപ്ലോമസിയാണ് ഇവിടെ ഉപയോഗിച്ചിട്ടുള്ളത്. മുത്തലാഖിന്‍റെ ക്രിമിനലൈസേഷനും ഹാദിയയുടെ വിവാഹത്തെ ലവ് ജിഹാദാക്കി മാറ്റിത്തീര്‍ക്കാന്‍ ശമിച്ചതുമൊക്കെ മറ്റു പല സര്‍ക്കാറുകളും കാണിച്ചിട്ടുള്ള ഒരു ഭരണകൂട, ഇസ്ലാമോഫോബിക്ക് നിലപാടിനെ ഇവിടെയും കാണാനാകും. സ്ത്രീകളുടെ അവകാശങ്ങള്‍ കണക്കിലെടുക്കാതെയും അവകാശ ലംഘനങ്ങള്‍ക്ക് കൂട്ട് നിന്നുമുള്ള ദേശ രാഷ്ട്ര ആണ്‍കോയ്മയാണ് ഇവിടെ പ്രവര്‍ത്തിച്ചിക്കുന്നത്.
സംഘപരിവാര്‍ ഭരണകൂടം കശ്മീരിലെ സ്ത്രീകളുടെ രക്ഷകരാവാന്‍ ശ്രമിക്കുമ്പോള്‍, ഒരു ഇരമിശിഹാ ദ്വന്ദ്വത്തെ സൃഷ്ടിക്കുന്നുണ്ട്. ഇത് കാശ്മീരി പുരുഷന്മാരെ വെറുക്കപ്പെട്ട നിയമലംഘകരാക്കി മാറ്റുന്നു. അങ്ങനെ സൃഷ്ടിക്കപ്പെട്ട ശത്രു കശ്മീരി പുരുഷനായിരുന്നു. തങ്ങളുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിനാണെന്ന ന്യായീകരണമുയര്‍ത്തിയതുകൊണ്ടു മാത്രം, നിരന്തരമായി തങ്ങളുടെ പുരുഷന്മാരെ വേട്ടയാടുന്ന ഭരണ
കൂടത്തെ അംഗീകരിക്കാന്‍ കശ്മീരി സ്ത്രീകള്‍ എങ്ങനെ തയ്യാറാകും? 24 വര്‍ഷങ്ങള്‍ക്ക് മുമ്പ് കാണാതാക്കപ്പെട്ട തങ്ങളുടെ പ്രിയപ്പെട്ടവരെ കാത്തിരിക്കുന്നവരാണവര്‍. അതായത്, സ്റ്റേറ്റ് അവര്‍ക്ക് നല്‍കാന്‍ വിസമ്മതിക്കുന്നതും അവരില്‍ നിന്ന് മറച്ചുവെക്കുന്നതുമായ ഉത്തരങ്ങളെയാണ് അവര്‍ തേടിക്കൊണ്ടിരിക്കുന്നത്. ഭരണകൂടത്തിന്‍റേയും പട്ടാളത്തിന്‍റേയും അതിക്രമങ്ങള്‍ക്ക് ദൈനംദിന ജീവിതത്തില്‍ ഇരയാക്കപ്പെടുന്ന കശ്മീരിലെ സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും കുട്ടികള്‍ക്കും ‘വികസനം’ കൊണ്ട് എന്താണ് അര്‍ത്ഥമാക്കുന്നത് എന്നത് അമിത്ഷാ വിശദീകരിച്ചതായി കണ്ടില്ല. എന്നാല്‍ അടിസ്ഥാന അവകാശങ്ങളെല്ലാം നിഷേധിച്ചുകൊണ്ട് കേന്ദ്രത്തില്‍ അധികാരത്തിലിരിക്കുന്ന പുരുഷന്മാരുടെ ഭരണപരിധിയിലേക്ക് ഔദ്യോഗികമായി കശ്മീരി സ്ത്രീകളെ തള്ളിയിട്ട കാഴ്ചയാണ് നാം കാണുന്നത്. ഇത് സൂചിപ്പിക്കുന്നത് കശ്മീരിന്‍റെ സാഹചര്യത്തില്‍ സ്ത്രീ അവകാശങ്ങള്‍ എന്നത് ഭരണകൂട നടപടികളെ ന്യായീകരിക്കുന്നതിനുള്ള ഒരു ഉപകരണം മാത്രമായി മാറുന്നു എന്നതാണ്. ഇത് പൗരത്വത്തെ കുറിച്ചുള്ള പുനഃരാലോചനകള്‍ക്ക് ആക്കം കൂട്ടുന്നുണ്ട്. പൗരന്മാരെന്ന നിലയിലുള്ള അവകാശങ്ങളും മനുഷ്യരെന്ന പരിഗണനയും പലപ്പോഴും നിഷേധിക്കപ്പെടുന്ന കശ്മീരി സ്ത്രീകളുടെയും പുരുഷന്‍മാരുടെയും കാര്യത്തില്‍ ഒരു പക്ഷെ, ഈ പൗരത്വചര്‍ച്ചകളത്രയും നിരര്‍ത്ഥകമായേക്കാം.
ആയിഷ നൗറിന്‍
എം.എ. മീഡിയ ഗവേണന്‍സ് വിദ്യാര്‍ത്ഥിനി,
ജാമിയ്യ മില്ലിയ്യ ഇസ്ലാമിയ
സര്‍വ്വകലാശാല
COMMENTS