നടിയെ ആക്രമിച്ച കേസില്‍ അടുത്തകാലത്ത് ഉണ്ടായ ഒരു സംഭവമാണ് വിചാരണക്കോടതിയിലെ ജഡ്ജിക്ക് (അതും ഒരു സ്ത്രീ)യുടെ പ്രതിഭാഗത്തോടുള്ള തുറന്ന പക്ഷപാതിത്വം. സാക്ഷികളെ ഏതാണ്ട് എല്ലാവരെയും മൊഴിമാറ്റം ചെയ്യിക്കുന്നതില്‍ മുഖ്യപ്രതിയായ പ്രശസ്തനടന്‍ വിജയിച്ചു എന്ന് സാക്ഷി വിസ്താരങ്ങള്‍ തുടരുമ്പോള്‍ തന്നെ സംസാരമുണ്ടായിരുന്നു . എന്നാല്‍ വിധി പറയേണ്ട ജഡ്ജിയും ഇതുപോലെ നിറം മാറുന്നത് വേദനാജനകമാണ്. പ്രമാദമായ പല കേസുകളിലും ഇത് സംഭവിച്ചിട്ടുണ്ട് എന്നത് ചരിത്രമാണ് . അതുകൊണ്ട് സാമാന്യബുദ്ധിയുള്ള ആരും ഞെട്ടുന്നില്ല. എന്നാല്‍ നീതിയുടെ പ്രക്രിയ ഇത്ര നീതിരഹിതവും നിഷ്ഠൂരവുമാണെന്ന് മനസ്സിലാക്കിയ നമ്മുടെ നടി ജഡ്ജിയെ മാറ്റണമെന്ന ആവശ്യം ഹൈക്കോടതി മുമ്പാകെ ഉന്നയിച്ചിരിക്കുകയാണ് . ആ ആവശ്യത്തെ സര്‍ക്കാര്‍ നിയമിച്ച സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടറും പിന്തുണച്ചുകൊണ്ട് ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്. ആത്മധൈര്യത്തോടെ ഈ സാഹചര്യങ്ങളോട് പൊരുതിനിക്കുന്ന നമ്മുടെ നടിയോടൊപ്പം നില്‍ക്കുകയെന്നതാണ് ഈ വിഷയത്തില്‍ നമുക്ക് ചെയ്യാനുള്ളത്.
ഈ കേസിനെ ആസ്പദമാക്കി സിനിമാ മേഖലയില്‍ നടക്കുന്ന ലിംഗപരമായ വിവേചനങ്ങളും ചൂഷണങ്ങളും പീഡനങ്ങളും അന്വേഷിക്കാന്‍ ജസ്റ്റിസ് ഹേമ കമ്മീഷനെ സര്‍ക്കാര്‍ നിയമിച്ചിട്ട് രണ്ടു വര്‍ഷം കഴിഞ്ഞു. സര്‍ക്കാരിന് ഈ കമ്മീഷന്‍ റിപ്പോര്‍ട്ട് നല്‍കിയിട്ട് കുറച്ചുമാസങ്ങളായി എന്നും കേള്‍ക്കുന്നു. അതിലെ നിര്‍ദ്ദേശങ്ങള്‍ പ്രസിദ്ധീകരിക്കാനോ, പൊതുചര്‍ച്ചയ്ക്ക് വിടാനോ പോലും സര്‍ക്കാര്‍ ഇതുവരെയും തുനിഞ്ഞിട്ടില്ല. അതോടൊപ്പമാണ് വിചാരണ കോടതിയുടെ ഈ ശത്രുതാപരമായ നിലപാട്. സര്‍ക്കാര്‍ എപ്പോഴാണ് ഈ അനങ്ങാപ്പാറ നയം തിരുത്തുക?
സ്ത്രീകള്‍ക്കുനേരെ അടിച്ചമര്‍ത്തപ്പെട്ട വിഭാഗങ്ങള്‍ക്ക് നേരെ, പാര്‍ശ്വവല്‍ക്കരിക്ക പ്പെട്ടവര്‍ക്കു നേരെ നടക്കുന്ന ഇത്തരം അക്രമങ്ങള്‍ക്ക് നീതിയുടെ പ്രക്രിയ എല്ലായ്പ്പോഴും ഒരു മരീചികയായി തുടരുമെന്ന സന്ദേശമാണോ പൊതു സമൂഹം ഇതില്‍ നിന്ന് ഉള്‍ക്കൊള്ളേണ്ടത്. സ്ത്രീകളെ ലൈംഗികവൈകൃതത്തോടെ ഫേസ്ബുക്കില്‍ കുറെ നാളുകളായി തെറി വിളിച്ചു കൊണ്ടിരുന്ന ഒരു വിദ്വാനെതിരെ ഭാഗ്യലക്ഷ്മി, ദിയ സന, രോഷ്ന എന്നിവര്‍ ശക്തമായി പ്രതികരിച്ചപ്പോള്‍ അവര്‍ക്കെതിരെ ജാമ്യമില്ലാത്ത വകുപ്പ് പ്രകാരം പോലീസ് കേസെടുത്തു . ആ ‘മഹാനെ’തിരെ എളുപ്പത്തില്‍ ജാമ്യത്തിലിറങ്ങാവുന്ന വകുപ്പു പ്രകാരമാണ് കേസെടുത്തത്. മുന്‍കൂര്‍ ജാമ്യം നിഷേധിക്കപ്പെട്ട ഭാഗ്യലക്ഷ്മിയും കൂട്ടുകാരും ഇപ്പോള്‍ സര്‍ക്കാരിന്‍റെ ഔദാര്യത്തില്‍ പുറത്തു കഴിയുന്നു . അവരെ അറസ്റ്റ് ചെയ്യുന്ന ഒരു നടപടിയുണ്ടായാല്‍ കേരളത്തിലെ സ്ത്രീസമൂഹം ഒന്നടങ്കം പ്രതിഷേധിക്കുമെന്ന് സര്‍ക്കാറിന് അറിയാം. സ്വന്തം മക്കളെ കൊണ്ട് സ്വന്തം നെഞ്ചത്ത് ചിത്രം വരപ്പിച്ചു ഫേസ്ബുക്കിലിട്ട രഹനഫാത്തിമ ക്കെതിരെ ജാമ്യമില്ലാത്ത വകുപ്പു പ്രകാരം കേസെടുത്ത സംഭവവും നടന്നിട്ട് അധികകാലമായിട്ടില്ല. അപ്പോള്‍ സൈബര്‍ നിയമങ്ങള്‍ ഇല്ലാത്തത് കൊണ്ടല്ല അത് പുരുഷനെതിരെ പൊതുവേ പ്രയോഗിക്കാന്‍ നീതിയുടെ സംവിധാനങ്ങള്‍ തയ്യാറാവുന്നില്ല എന്നാണ് ഇതിനര്‍ത്ഥം.
കോഴിക്കോട് ഐസ്ക്രീം പാര്‍ലര്‍, സൂര്യനെല്ലി, വിതുര , കിളിരൂര്‍ ,കവിയൂര്‍ തുടങ്ങിയ ദശകങ്ങള്‍ക്ക് മുമ്പുള്ള കേസുകളുടെ അതേ സ്ഥിതി തന്നെയാണ് ഇപ്പോഴും തുടരുന്നത് എന്ന് ഇത്തരം ഓരോ അനുഭവവും നമ്മെ പഠിപ്പിക്കുന്നു. ജിഷാ വധക്കേസും വാളയാറും പാലത്തായിയുമൊക്കെ നമ്മുടെ കണ്‍മുമ്പിലുണ്ടല്ലേ? ഇനി വരാന്‍ പോകുന്ന മറ്റൊരു പ്രധാനമായ കേസാണ് ബിഷപ്പ് ഫ്രാങ്കോ പ്രതിയായിട്ടുള്ള കേസ്. അതിന്‍റെ ചരിത്രവും ഇതുപോലൊക്കെ തന്നെയാകുമോ? നീതിയുടെ പ്രക്രിയ എല്ലായ്പ്പോഴും ഇരയ്ക്ക്, പീഡനമേല്‍ക്കുന്നവര്‍ക്ക്, ആക്രമിക്കപ്പെടുന്നവര്‍ക്ക് കയ്യെത്തിപ്പിടിക്കാനാവാത്ത വിധം അകലെയാണോ? ഇത്തരം സാഹചര്യങ്ങളോട് ജനാധിപത്യത്തിന്‍റെ എല്ലാ സാധ്യതകളുമുപയോഗിച്ച് നമുക്ക് ചെറുത്തു നിന്നേ പറ്റൂ.
COMMENTS