Homeചർച്ചാവിഷയം

ട്രാന്‍സ് മരണങ്ങളോട് ഇനിയും നമുക്ക് നിസ്സംഗതയോ?

വിവിധങ്ങളായ കാരണങ്ങള്‍ കൊണ്ട് ജീവനും ജീവിതവും നഷ്ടപ്പെട്ടവരോ, കൊല്ലപ്പെട്ടവരോ, അല്ലെങ്കില്‍ സ്വയം ജീവിതം അവസാനിപ്പിക്കാന്‍ നിര്‍ബന്ധിതരായവരോ ആയ ട്രാന്‍സ് മനുഷ്യരുടെ ഓര്‍മ ദിനമായാണ് എല്ലാ വര്‍ഷവും നവംബര്‍ 20 ലോകവ്യാപകമായി ആചരിച്ചു വരുന്നത്. ഓരോ വര്‍ഷം ഈ ദിനം കടന്നുപോകുമ്പോഴും, നമുക്കിടയില്‍നിന്ന് ഒരുപാട് ട്രാന്‍സ് മനുഷ്യരുടെ ജീവനുകളാണ് പൊലിഞ്ഞു പോയിക്കൊണ്ടിരിക്കുന്നത്. പൊതുവിടങ്ങളില്‍ ട്രാന്‍സ് മനുഷ്യരുടെ ദൃശ്യത വാര്‍ത്തകളില്‍ നിറയുമ്പോള്‍ അസ്വസ്ഥതപ്പെടുത്തുന്ന മറ്റൊരു യാഥാര്‍ഥ്യമാണ് ട്രാന്‍സ് മനുഷ്യരുടെ കൊലപാതകങ്ങളും ആത്മഹത്യകളും. കേരളത്തില്‍ ട്രാന്‍സ് കമ്മ്യൂണിറ്റി അംഗങ്ങള്‍ക്ക് ലഭിക്കുന്ന സ്വീകാര്യതയെയും ദൃശ്യപരതയെയും കുറിച്ച് നമ്മള്‍ വാചാലരാകുമ്പോള്‍ ട്രാന്‍സ് കൊലപാതകങ്ങളെക്കുറിച്ചും, പ്രതികൂല സാഹചര്യം കൊണ്ട് ജീവിതം അവസാനിപ്പിക്കേണ്ടി വന്നവരെക്കുറിച്ചും നമ്മള്‍ മൗനം തുടരുകയാണ്. കേരളത്തില്‍ കഴിഞ്ഞ കുറച്ചു വര്ഷങ്ങളായി നിരവധി ട്രാന്‍സ് വ്യക്തികളുടെ മരണങ്ങള്‍ വാര്‍ത്തയായി. 2016 ല്‍ കൊല്ലം ജില്ലയില്‍ കൊല്ലപ്പെട്ട സ്വീറ്റ് മരിയ, 2017 എറണാകുളം ജില്ലയില്‍ കൊല്ലപ്പെട്ട ഗൗരി, 2019 കോഴിക്കോട് കൊല്ലപ്പെട്ട ശാലു, സ്വജീവിതം വെടിഞ്ഞ കണ്ണൂരുകാരി സ്നേഹ, അനന്യ കുമാരി അലക്സ് (നിയമ സഭ തിരഞ്ഞെടുപ്പില്‍ വേങ്ങര മത്സരിച്ച ആദ്യ ട്രാന്‍സ് വ്യക്തി, മോഡല്‍, റേഡിയോ ജോക്കി), ഈയടുത്ത് ജീവന്‍ വെടിഞ്ഞ ശ്രദ്ധ, തുടങ്ങി അറിയപ്പെടുന്നതും അറിയപ്പെടാത്തതുമായി ഒരുപാട് ട്രാന്‍സ് മനുഷ്യരാണ് നമ്മളെ വിട്ടു പോയിരിക്കുന്നത്.
സ്വീറ്റ് മരിയ: 2012 നവംബറില്‍, സ്വീറ്റ് മരിയയെ (35) കൊല്ലത്തെ വാടക മുറിയില്‍ ദുരൂഹ സാഹചര്യത്തില്‍ കൊല്ലപ്പെട്ട നിലയിലാണ് കണ്ടെത്തിയത്. ഒരു ജനപ്രിയ അവകാശ പ്രവര്‍ത്തകയായിരുന്നു സ്വീറ്റ് മരിയ. എല്ലാ വിധത്തിലും സജീവമായ മരിയ വര്‍ണ്ണാഭമായ സ്ത്രീവേഷത്തിലും, മഴവില്ല് ഷേഡുള്ള കുടയിലുമായിരുന്നു പൊതു പരിപാടികളില്‍ പ്രത്യക്ഷപ്പെട്ടിരുന്നത്. വളരെ ക്രൂരമായ രീതിയിലായിരുന്നു മരിയ കൊല്ലപ്പെട്ടത്. അവളുടെ കഴുത്ത് മുറിച്ചുമാറ്റപ്പെട്ടനിലയിലും, ശരീരം കത്തിയോ കഠാരയോ ഉപയോഗിച്ച് കുത്തി പരിക്കേല്‍പ്പിച്ച നിലയിലുമായിരുന്നു കണ്ടെത്തിയത്. മാധ്യമ റിപ്പോര്‍ട്ടുകള്‍ പ്രകാരം, അവളുടെ ശരീരത്തിന്‍റെ മുകള്‍ ഭാഗത്ത് നിരവധി മുറിവുകള്‍ കാണപ്പെടുകയും വയറ്റില്‍ കുത്തേറ്റ നിലയിലുമായിരുന്നു. ദേഹമാസകലം മുളകുപൊടി വിതറിയിരുന്നു, ആസ്ബറ്റോസ് ഷീറ്റ് കൊണ്ട് മൂടിയ രീതിയിലായിരുന്നു ശരീരം.

ഗൗരി: തമിഴ്നാട് സ്വദേശിയായ ഗൗരി, എറണാകുളം ജില്ലയിലെ ആലുവയിലാണ് കുറച്ചുകാലമായി താമസിച്ചിരുന്നത്. 2017 ആഗസ്റ്റ് 16 ന് സെന്‍റ് സേവ്യേഴ്സ് കോളേജിന് സമീപമുള്ള കുറ്റിക്കാട്ടിലായിരുന്നു ഗൗരിയുടെ മൃതദേഹം കണ്ടെത്തിയത്. 28 വയസ്സുള്ള ഗൗരി നാട്ടിലെ സുപരിചിതമായ മുഖമായിരുന്നു. നിര്‍മ്മാണ തൊഴിലാളിയായി ജോലി ചെയ്തു സമാധാനപരമായ ജീവിതം നയിച്ച് വരികയായിരുന്നു. മരണശേഷം, അവളുടെ ബന്ധുക്കളെ കണ്ടെത്താന്‍ പോലീസിന്‍റെ ഭാഗത്ത് നിന്ന് ശ്രമങ്ങള്‍ നടന്നെങ്കിലും ആരെയും കണ്ടെത്താന്‍ സാധിച്ചിരുന്നില്ല. കൊല്ലപ്പെടുന്നതിന് മുന്‍പ് ജീവിതത്തിന് ഭീഷണി ഉണ്ടായിരുന്നതായി ഗൗരി സുഹൃത്തുക്കളോട് പറഞ്ഞിരുന്നു.

ഗൗരി

ശാലു: 35 കാരിയായ ശാലു കണ്ണൂര്‍ സ്വദേശിയായിരുന്നു. 2014 ല്‍ വീടുവിട്ടിറങ്ങിയ ശാലു മൈസൂരില്‍ വെച്ചായിരുന്നു ലൈംഗിക പുനര്‍നിര്‍ണയ ശസ്ത്രക്രിയയ്ക്ക് വിധേയയായത്. 2019 ഏപ്രില്‍ ഒന്നിനാണ് ശാലുവിനെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയതായി സ്ഥിരീകരിക്കപ്പെട്ടിരുന്നു. നഖങ്ങളും വിരലടയാളങ്ങളും മൂലമുണ്ടായ മുറിവുകള്‍ കഴുത്തിലും മുഖത്തും ശരീരഭാങ്ങളിലും കണ്ടെത്തിയിരുന്നു. ശാലു ഉപയോഗിച്ചിരുന്ന വാലറ്റും കാണാതായിരുന്നു. കേസിനാസ്പദമായ ഒരു പാട് തെളിവുകള്‍ ഉണ്ടായിരുന്നിട്ടും കുറ്റവാളികളെ കണ്ടെത്താന്‍ ഇതുവരെ പോലീസിന് കഴിഞ്ഞിട്ടില്ല. ട്രാന്‍സ് മനുഷ്യരുടെ കൊലപാതക കേസുകള്‍ പെട്ടെന്ന് അവസാനിപ്പിച്ചാല്‍ ആരും പരാതി നല്‍കില്ലെന്ന് പോലീസിന് ബോധ്യമുള്ളതുകൊണ്ട് തന്നെ ഇത്തരം കേസുകളില്‍ വേണ്ടത്ര അന്വേഷങ്ങള്‍ നടക്കുന്നില്ല.

ശാലു

സ്നേഹ: 2020 ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ കണ്ണൂര്‍ കോര്‍പറേഷനിലേക്കു കിഴുന്ന വാര്‍ഡില്‍ നിന്ന് മത്സരിച്ച സ്ഥാനാര്‍ത്ഥിയായിരുന്നു സ്നേഹ. ട്രാന്‍സ്ജെന്‍ഡര്‍ സ്ഥാനാര്‍ത്ഥിയെന്ന നിലയില്‍ വലിയ ജനശ്രദ്ധ ലഭിച്ച സ്നേഹ തീ കൊളുത്തി മരിക്കുകയാണ് ഉണ്ടായത്. ട്രാന്‍സ് ജെന്‍ഡര്‍ ഉന്നമനത്തിനും അവരുടെ അവകാശങ്ങള്‍ക്കും വേണ്ടി ശക്തമായി ശബ്ദിച്ച ഒരു സാമൂഹ്യപ്രവര്‍ത്തകയായിരുന്ന സ്നേഹയുടെ ആകസ്മികമായ മരണം എല്ലാവര്‍ക്കും ഒരു ഞെട്ടലും വേദനയുമായി.

അനന്യ കുമാരി അലക്സ്: കേരള നിയമസഭാ തിരഞ്ഞെടുപ്പില്‍ (വേങ്ങര) മത്സരിച്ച ആദ്യ ട്രാന്‍സ്ജെന്‍ഡര്‍ വ്യക്തി, കേരളത്തിലെ ആദ്യ ട്രാന്‍സ്ജെന്‍ഡര്‍ റേഡിയോ ജോക്കി, പ്രൊഫഷണല്‍ മേക്കപ്പ് ആര്‍ട്ടിസ്റ്, ഫ്രീലാന്‍സ് ഫാഷന്‍ സ്റ്റൈലിസ്റ്റ്, അവതാരക തുടങ്ങി നിരവധി മേഖലകളില്‍ ഇരുപത്തിയെട്ടു വയസ്സില്‍ തന്നെ ഒരുപാട് നേട്ടങ്ങള്‍ കൈവരിച്ച വ്യക്തിയായിരുന്നു അനന്യ. ലിംഗമാറ്റ ശസ്ത്രക്രിയ പരാജയപ്പെട്ടതിനെ തുടര്‍ന്നു അനന്യ ജീവിതമവസാനിപ്പിക്കുകയായിരുന്നു. അനന്യ കുമാരി അലക്സിന്‍റെ ആത്മഹത്യയും ആശുപത്രിയുടെ ഭാഗത്തു നിന്നുണ്ടായ കുറ്റകരമായ അനാസ്ഥ, അവഗണന, നീതി നിഷേധം, ഭരണകൂടത്തിന്‍റെ ഭാഗത്തുനിന്ന് കിട്ടാതെ പോയ പിന്തുണ തുടങ്ങിയവ ആ സമയത്ത് മാധ്യമ ശ്രദ്ധയും ചര്‍ച്ചയും ആയിത്തീര്‍ന്നെങ്കിലും അതിനു ശേഷം ആശുപത്രി അധികാരികള്‍ക്കെതിരെ നടപടികളോ കാര്യക്ഷമമായ ഇടപെടലുകളോ ഉണ്ടായിട്ടില്ല.

അനന്യ കുമാരി അലക്സ്

ശ്രദ്ധ: കൊല്ലം സ്വദേശിനിയായ ഇരുപത്തിയൊന്നുകാരി ശ്രദ്ധയെ കൊച്ചിയിലെ വാടകവീട്ടില്‍ ഈയടുത്ത ദിവസമാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. പഠനാവശ്യത്തിനായി കൊച്ചിയില്‍ താമസമാക്കിയ ശ്രദ്ധ സാമ്പത്തിക ബുദ്ധിമുട്ടുകൊണ്ടും, ഐഡന്‍റിറ്റി പ്രശ്ങ്ങള്‍കൊണ്ടും മാനസിക ബുദ്ധിമുട്ടുകള്‍ അനുഭവിച്ചിരുന്നു എന്നാണ് സുഹൃത്തുക്കള്‍ പറയുന്നത്.

ശ്രദ്ധ

എങ്ങുമെത്താത്ത ട്രാന്‍സ് കൊലപാതക അന്വേഷണങ്ങളും, രണ്ട് വരി വാര്‍ത്തകളില്‍ മാത്രം ഒതുങ്ങിപോകുന്ന ട്രാന്‍സ് ആത്മഹത്യകളും കേരള സമൂഹം ട്രാന്‍സ് മനുഷ്യരെ അത്രത്തോളം നിസ്സംഗതയോടെയാണ് ഇപ്പോഴും നോക്കിക്കാണുന്നത് എന്നതിന്‍റെ തെളിവാണ്. ട്രാന്‍സ് കൊലപാതകങ്ങളെക്കുറിച്ചു അന്വേഷണം വേണമെന്ന ആവശ്യങ്ങള്‍ക്കും പ്രതിഷേധ യോഗങ്ങള്‍ക്കും അധികം ആയുസ്സുണ്ടാവുന്നില്ല. ട്രാന്‍സ് വ്യക്തികളുടെ ആത്മഹത്യയുടെ എണ്ണത്തിന് കൃത്യമായ സ്ഥിതിവിവരക്കണക്കുകളൊന്നുമില്ല. കുടുംബം, സമൂഹം, പോലീസ്, ഉദ്യോഗ സമൂഹം, ആരോഗ്യ-വിദ്യാഭ്യാസ മേഖല എന്നിവിടങ്ങളില്‍ നിന്നൊക്കെ ട്രാന്‍സ്ജെന്‍ഡര്‍ മനുഷ്യര്‍ ഇപ്പോഴും സാമൂഹിക ഒറ്റപ്പെടലും ക്രൂരമായ പെരുമാറ്റങ്ങളും നേരിടേണ്ടി വരുന്നുണ്ട്. ട്രാന്‍സ് മനുഷ്യര്‍ക്കായി നിയമമുണ്ട്, നയമുണ്ട്, പക്ഷേ ആക്രമണങ്ങളും അവകാശനിഷേധങ്ങളും തുടര്‍ന്ന് കൊണ്ടിരിക്കുന്നു. എല്ലാ മേഖലയിലും ട്രാന്‍സ്ജെന്‍ഡര്‍ മനുഷ്യര്‍ പൂര്‍ണ അര്‍ത്ഥത്തില്‍ അംഗീകരിക്കപ്പെട്ടാല്‍ മാത്രമേ ഇത്തരം പ്രവണതകള്‍ ഇല്ലാതാക്കാന്‍ പറ്റത്തുള്ളു. അതുകൊണ്ട് തന്നെ കമ്മ്യൂണിറ്റി അംഗങ്ങളും അവരുടെ സഖ്യകക്ഷികളും ട്രാന്‍സ് മനുഷ്യരോട് ഐക്യപ്പെടുന്നതിന് പുറമെ സമൂഹത്തിന്‍റെ ഭാഗത്തുനിന്നും ഇത്തരത്തിലുള്ള മാറ്റങ്ങള്‍ ഉണ്ടാകേണ്ടത് അത്യാവശ്യമാണ്. സമൂഹത്തിന്‍റെ ഭാഗമെന്ന രീതിയില്‍ അവരുടെ പ്രശ്നങ്ങള്‍ കേള്‍ക്കുകയും അവ പരിഹരിക്കപ്പെടുകയും ചെയ്യണം. വേണ്ട പരിഗണനയും കൗണ്‍സെലിങ്ങും ആവശ്യമുള്ളവര്‍ക്ക് അത് ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കാനുള്ള സംവിധാനങ്ങള്‍ നിലവില്‍ വരണം. ഇനിയൊരു ട്രാന്‍സ് വ്യക്തിയും ആത്മഹത്യക്ക് ശ്രമിക്കുകയോ കൊല്ലപ്പെടുകയോ ചെയ്യാതിരിക്കണമെങ്കില്‍ സാമൂഹിക അംഗീകാരവും ശക്തമായ നിയമപരിരക്ഷയും വേണം.

 

വിന്‍ഷി പി. കെ.
MSK-SRCW റിസേര്‍ച്ച് ഓഫിസര്‍
തിരുവനന്തപുരം

 

 

COMMENTS

COMMENT WITH EMAIL: 0