ഗണിത വിസ്മയമായി സുജാത രാംദൊരൈ

Homeശാസ്ത്രം

ഗണിത വിസ്മയമായി സുജാത രാംദൊരൈ

സീമ ശ്രീലയം

ക്രീഗർ നെൽസൺ പ്രെെസിലൂടെ ഗണിത ശാസ്ത്ര രംഗത്ത് ഇന്ത്യയുടെ അഭിമാനമായി മാറിയിരിക്കുകയാണ് സുജാത രാംദൊരൈ. ഗണിതശാസ്ത്ര രംഗത്ത് കൈവരിച്ച അതുല്ല്യ നേട്ടങ്ങൾക്കുള്ള അംഗീകാരമായി കനേഡിയന്‍ മാത്തമറ്റിക്കൽ സൊസൈറ്റിയാണ് അവാർഡ് പ്രഖ്യാപിച്ചിരിക്കുന്നത്.


ഗണിതശാസ്ത്ര ഗവേഷണത്തിൽ വിസ്മയങ്ങൾ വിരിയിച്ച സുജാതയുടെ നേട്ടം ഗണിതശാസ്ത്ര ഗവേഷണമൊന്നും സ്ത്രീകൾക്ക് പറഞ്ഞിട്ടുള്ളതല്ലെന്ന അബദ്ധ ധാരണ ഇക്കാലത്തും വച്ചു പുലർത്തുന്നവർക്കുള്ള ചുട്ട മറുപടി കൂടിയാണ്. ഇപ്പോൾ കാനഡയിലെ ബ്രിട്ടീഷ് കൊളംബിയ സർവ്വകലാശാലയിൽ ഗണിത ശാസ്ത്ര പ്രഫസറാണ് കണക്കിൽ കരുത്തു തെളിയിച്ച ഈ വനിത. 1962 മെയ് 23 ന് ഇന്ത്യയിൽ ജനിച്ച സുജാത രാംദൊരൈ ബംഗളുരുവിലെ സെൻഡ് ജോസ്ഫ്സ് കോളേജിൽ നിന്ന് ഗണിത ശാസ്ത്രത്തിൽ ബിരുദവും അണ്ണാമലൈ യൂണിവേഴ്സിറ്റിയിൽ
നിന്ന് ബിരുദാനന്തര ബിരുദവും ടാറ്റാ ഇൻസ്റ്റിട്യൂട്ട് ഓഫ് ഫണ്ടമെന്റൽ റിസർച്ചിൽ നിന്ന് 1992ൽ ഡോക്ടറേറ്റും നേടി. രാമന്‍ പരിമളയുടെ മേൽനോട്ടത്തിലായിരുന്നു ഗവേഷണം. അതിനു ശേഷം പുണെയിലെ ഇന്ത്യൻ ഇൻസ്റ്റിട്യൂട്ട് ഓഫ് സയൻസ് എഡ്യൂക്കേഷൻ ആൻഡ് റിസേർച്ചിലും ടാറ്റാ ഇന്സ്ടിട്യൂട് ഓഫ് ഫണ്ടമെന്റൽ റിസേർച്ചിലും പ്രഫസറായി പ്രവർത്തിച്ചു . ആൾജിബ്ര, ജ്യാമിതി തുടങ്ങിയ മേഖലകളിൽ ശ്രേദ്ധേയമായി നേട്ടങ്ങൾ കൈവരിച്ച സുജാതയുടെ ഇവാസവഃ സിദ്ധാന്തം ലോകശ്രദ്ധ നേടി. 2004 ൽ ശാന്തിസ്വരൂപ് ഭട്നഗർ പുരസ്‌കാരം ഈ ഗണിത വിസ്മയത്തെ തേടിയെത്തി.

സുജാത രാംദൊരൈ

ഐസിടിപി രാമാനുജൻ അവാർഡ് നേടിയ ആദ്യ ഇന്ത്യക്കാരി എന്ന ബഹുമതിയും സുജാതയ്ക്ക് സ്വന്തം. ഗണിതശാസ്ത്രത്തിൽ നേട്ടങ്ങൾ കൈയ്യെത്തിപിടിക്കാൻ ആഗ്രഹിക്കുന്ന പെൺകുട്ടികൾക്ക് വലിയൊരു പ്രചോദനമാണ് സുജാത രാംദോരൈ.

ക്രീഗർ നെൽസൺ പ്രൈസിനെക്കുറിച്ച് പറയുമ്പോൾ സിപ്രസിസിലിയ ക്രീഗർ ഡുനൈജി, നെൽസൺ എവ്‌ലിൻ എന്നീ കനേഡിയൻ ഗണിത ശാസ്ത്രജ്ഞകളെക്കൂടി സ്മരിക്കേണ്ടതുണ്ട്.1894 ഏപ്രിൽ 9 ന് ഇപ്പോൾ പോളണ്ടിൽ ഉൾപ്പെടുന്ന ജസ്ലോയിൽ ജനിച്ച സിസിലിയ ക്രീഗർ പിന്നീട് കുടുംബത്തോടൊപ്പം കാനഡയിലേക്ക് ചേക്കേറുകയായിരുന്നു. കാനഡ സർവ്വകലാശാലയിൽനിന്നു ഗണിതശാസ്ത്രത്തിൽ ബിരുദാനന്തര ബിരുദം നേടിയ ആദ്യ വനിതയും ഡോക്ടറേറ്റ് നേടിയ മൂന്നാമത്തെ വനിതയുമാണ് ക്രീഗർ. ജനറൽ ടോപ്പോളജി, തിയററ്റിക്കൽ കമ്പ്യൂട്ടർ സയൻസ് എന്നിവയായിരുന്നു ക്രീഗറിന്റെ ഇഷ്ട മേഖലകൾ. 1943 നവംബർ 25 ന് കാനഡയിലെ ഓന്റോറിയോയിലാണ് നെൽസൺ എവ്‌ലിൻ ജനിച്ചത്. ഇരുവരും ജ്യാമിതി തിയററ്റിക്കൽ കമ്പ്യൂട്ടർ സയൻസ് എന്നീ മേഖലകളിൽ ശ്രെദ്ധേയമായ നേട്ടങ്ങൾ കൈവരിച്ചു. ക്രീഗർ ടൊറേന്റോ യൂണിവേഴ്സിറ്റിയിലും നെൽസൺ എവ്‌ലിൻ മക്മാസ്റ്റർ യൂണിവേഴ്സിറ്റിയിലും പ്രൊഫെസറായി പ്രവർത്തിച്ചു. സിസിലിയ ക്രീഗർ, നെൽസൺ എവ്‌ലിൻ എന്നിവരുടെ സ്മരണക്കായാണ് ഗണിതശാസ്ത്രത്തിൽ ഏറെ ശ്രെദ്ധേയമായ നേട്ടങ്ങൾ കൈവരിക്കുന്ന വനിതകളെ ആദരിക്കാൻ കനേഡിയൻ മാത്തമറ്റിക്കൽ സൊസൈറ്റി 1995 മുതൽ ക്രീഗർനെൽസൺ പ്രൈസ് നല്കിത്തുടങ്ങിയത്.

 

സീമ ശ്രീലയം
പ്രമുഖ ശാസ്ത്ര ലേഖിക,
നിരവധി ബഹുമതികള്‍ക്ക് ഉടമ

COMMENTS

COMMENT WITH EMAIL: 0