Homeകവിത

എന്ന് പരേതന്‍

നെഞ്ചത്ത് ആഞ്ഞൊരു കുത്ത് കിട്ടി
മരിക്കുമെന്ന് കരുതിയില്ല
ജനനം കുറിക്കുമ്പോലെ മരണം കുറിക്കാന്‍ കഴിയില്ലല്ലോ
എല്ലാ മരണം പോലെ എന്‍റേതും
ഒരു രാഷ്ട്രീയ കൊലപാതകം ആയി മാറി
നേതാക്കള്‍ എല്ലാ ചാനലിലും വാ തോരാതെ അപലപിക്കുന്നു….
കൊടി നിറം പലതെങ്കിലും ചോരക്ക് നിറം ചുവപ്പെന്ന് ആരും പറഞ്ഞു തന്നില്ല
വീട്ടില്‍ അമ്മയും സഹോദരിയും അച്ഛനും കരയുന്നത്
പല കോണില്‍ നിന്നും പകര്‍ത്താന്‍ ക്യാമറ കണ്ണുകള്‍ മത്സരിക്കുന്നുണ്ട്
മുദ്രാവാക്യങ്ങള്‍ ആഞ്ഞ് മുഴങ്ങുന്നുണ്ട്
‘രക്ത സാക്ഷികള്‍ മരിക്കുന്നില്ല….’
എന്‍റെ മരണവും രണ്ട് കോളം വാര്‍ത്തയിലും
അന്തി ചര്‍ച്ചകളിലും ഒന്നോ രണ്ടോ ദിവസങ്ങള്‍ നിറഞ്ഞു നില്‍ക്കും
അച്ഛന് വീട്..അമ്മക്ക് ജോലി..സഹോദരിക്ക് വിദ്യാഭ്യാസം..
വാഗ്ദാന പെരുമഴകള്‍…
ആരോടും പകയോ വിദ്വേഷമോ ഇല്ല
എന്‍റെ തിരിച്ചറിവില്ലായ്മക്ക് കാലം കരുതിവെച്ച സമ്മാനം..
കലാലയ രാഷ്ട്രീയം ഇല്ല
കലാപ രാഷ്ട്രീയമെ ഉള്ളൂ എന്ന് ആരും പറഞ്ഞു തന്നില്ല….
എന്‍റെ ഇല്ലായ്മയില്‍ ആരംഭിക്കുന്നത് ഒരമ്മയുടെ കണ്ണ് നീരാണ്…
മരണം വരെയും നിലക്കാത്ത കണ്ണുനീര്‍
നാളെ എനിക്കൊരു രക്ത സാക്ഷി മണ്ഡപം ഉയരും
ഞാന്‍ ജനിച്ചതിനും ജീവിച്ചതിനും മരിച്ചതിനും
തെളിവായി ഒരു കല്‍പ്രതിമ….
കണ്ണേ മടങ്ങുക…..

ശോഭിക പുതുക്കുടി

COMMENTS

COMMENT WITH EMAIL: 0