Homeകവിത

ഈ സീബ്രാ ക്രോസിങ്ങ് സീബ്രകള്‍ക്കുള്ളതോയെന്ന് നമ്മള്‍ തമാശ പറയുമ്പോള്‍

വര : പ്രസന്ന ആര്യന്‍

രു കടലോളമാഴമൊളിപ്പിച്ച്
മലയോളം പൊങ്ങിത്താണ്
ഉരുള്‍പൊട്ടലോളം കുത്തൊഴുക്ക് വാരിപ്പിടിച്ച്
കൊടുങ്കാറ്റത്രയും വീശിപ്പാറ്റി
കാടുപോല്‍ ചികപൊട്ടിനിറഞ്ഞ്
കാട്ടുതീപോലാഞ്ഞുപിടിച്ച്
കണ്ണടച്ചൊരമ്മ
ആദ്യംവലത്തോട്ടു നോക്കാതെ
പിന്നെ ഇടത്തോട്ടു നോക്കാതെ
ഓടിയിറങ്ങി .
നടുറോട്ടില്‍
തട്ടാതെ
മുട്ടാതെത്തി
പൊട്ടിച്ചിതറാതെ …..
ചിതറിയിരുന്നെങ്കില്‍
കടലെങ്ങിനെ ഒഴുക്കിക്കളയുമായിരുന്നെന്ന്
മലയെങ്ങിനെ നിരത്തിയെടുക്കുമായിരുന്നെന്ന്
പൊട്ടിയ ഉരുളെങ്ങിനെ തിരിച്ചടുക്കുമെന്ന്
കാടിനെയെങ്ങിനെ വെട്ടിക്കുറയ്ക്കുമെന്ന്
കൊടുങ്കാറ്റിനെയെങ്ങിനെ വിശറിക്കുള്ളിലൊതുക്കുമായിരുന്നെന്ന്
കാട്ടുതീയെങ്ങിനെ ഊതിക്കെടുത്തുമായിരുന്നെന്ന്
വിയര്‍ത്തുവിയര്‍ത്ത്
പുഴയായി കടലായി മേഘമായി മഴയായി…..

പ്രസന്ന ആര്യന്‍
എഴുത്തുകാരി, ചിത്രകാരി. ഡല്‍ഹി ലളിത കലാ അക്കാദമിയിലും മറ്റുപലയിടങ്ങളിലുമായി ചിത്രങ്ങളും
പ്രദര്‍ശിപ്പിച്ചിട്ടുണ്ട്.

COMMENTS

COMMENT WITH EMAIL: 0