ഇന്ത്യന്‍ ദേശീയതയിലെ മാതൃബിംബങ്ങളും ഷഹീന്‍ബാഗ് എന്ന പ്രതിരോധവും

Homeചർച്ചാവിഷയം

ഇന്ത്യന്‍ ദേശീയതയിലെ മാതൃബിംബങ്ങളും ഷഹീന്‍ബാഗ് എന്ന പ്രതിരോധവും

ബാസിമ മുഹമ്മദ്

മണ്ണും മനുഷ്യനും തമ്മിലുള്ള ബന്ധത്തെ ലിംഗപദവിക്കനുസൃതമായുള്ള വിഭജനമെന്നോണം ചിത്രീകരിക്കുന്നതിന് ചരിത്രപരമായി തന്നെ ധാരാളം ഉദാഹരണങ്ങളുണ്ട്. ആധുനിക ദേശ രാഷ്ട്ര രൂപീകരണത്തിനു ശേഷവും കൃത്യമായ അതിര്‍ വരമ്പുകളാല്‍ നിര്‍ണിതമായ ഭൂപ്രദേശത്തെ (territory) മാതാവായും അതിലെ പൗരന്മാരെ (citizens) മക്കളായും സങ്കല്‍പിക്കുന്ന രീതി തുടരുകയാണുണ്ടായത്. ദേശവുമായി ബന്ധപ്പെട്ടിട്ടുള്ളതിനെ മാതൃഭൂമി, മാതൃഭാഷ എന്നിങ്ങനെയൊക്കെ വിളിക്കപ്പെടുന്നതിലെ സാംഗത്യവും ഇതാണ്. പൗരന്മാരുടെ പ്രാഥമിക കര്‍ത്തവ്യം മാതാവിന്‍റെ സംരക്ഷണമായും പൗരന്മാര്‍ക്ക് വളരാനാവശ്യമായ സാഹചര്യം പ്രദാനം ചെയ്യലും, സന്താന പരിപാലനവുമാണ് മാതാവായ ദേശം ചെയ്യേണ്ടതെന്നും ഇതിലൂടെ വിവക്ഷിക്കപ്പെടുന്നു.

തീവ്രഹിന്ദു സാംസ്കാരിക ദേശീയതയും വംശീയ ഉന്മൂലന സിദ്ധാന്തവും മൂലധനമാക്കി ഇന്ത്യയില്‍ ശക്തിയാര്‍ജിച്ച സംഘ്പരിവാര്‍, മുസ്ലിം അപരവത്കരണത്തിന്ന് മാതൃത്വം എന്ന പരികല്‍പനയെ ഉപയോഗപ്പെടുത്തിയതിനെ സംബന്ധിച്ചുള്ള വിശകലനമാണ് ഈ ലേഖനത്തിലൂടെ ഉദ്ദേശിക്കുന്നത്. അതോടൊപ്പം തന്നെ സി.എ.എ വിരുദ്ധ പ്രക്ഷോഭങ്ങള്‍, വിശിഷ്യ ഷഹീന്‍ ബാഗ് മോഡല്‍ സമരങ്ങള്‍ എങ്ങനെ തീവ്രദേശീയതാ സങ്കല്‍പത്തിലെ മാതൃബിംബങ്ങള്‍ക്ക് പ്രതിരോധം തീര്‍ക്കുന്നു എന്നു കൂടി ഈ ലേഖനം അന്വേഷിക്കുന്നു.

ഇന്ത്യന്‍ ദേശീയതയിലെ മാതൃബിംബങ്ങള്‍


ഇന്ത്യന്‍ പശ്ചാത്തലത്തില്‍ മാതൃഭൂമി (mother land) പ്രത്യക്ഷത്തില്‍ തന്നെ സവര്‍ണ ഹിന്ദു പരിവേഷം നല്‍കപെട്ട ഭാരതമാതാവായാണ് സങ്കല്‍പിക്കപ്പെട്ടത്. സാരിയുടുത്ത് സവര്‍ണ / ഹൈന്ദവ പുരാണവേദ കഥാപാത്രങ്ങളായ ദുര്‍ഗ്ഗ, സീത, സരസ്വതി, ശക്തി തുടങ്ങിയ മാതൃഭാവമുള്ള ദേവതകളായാണ് ചിത്രീകരിക്കപ്പെട്ടിട്ടുള്ളത്. ഇത്തരം ഭാരതമാതാ സങ്കല്‍പങ്ങള്‍ കൊളോണിയല്‍ കാലത്ത് തന്നെ വളരെ ശക്തമായിരുന്നു എന്ന് ചാരു ഗുപ്ത, Sexualtiy, Obscentiy and Communtiy:Women, Muslims and Hindu Public in Colonial India എന്ന പഠനത്തില്‍ പറയുന്നുണ്ട്. ഗാന്ധിയടക്കമുള്ള ദേശീയ പ്രസ്ഥാനത്തിലെ ഒട്ടുമിക്ക വക്താക്കളും ഭാരതമാതാ സങ്കല്‍പത്തിന്‍റെ പ്രചാരകരായിരുന്നു.


സവര്‍ണേതര സ്ത്രീ സമൂഹത്തെ ഇന്ത്യന്‍ സ്വത്വത്തില്‍ നിന്ന് ബഹിഷ്കരിക്കുന്നതിനുള്ള പ്രഥമ മാനദണ്ഡമായി വേഷവിധാനരീതി ഉപയോഗിക്കുന്നതിന്‍റെ പ്രത്യക്ഷ ഉദാഹരണമാണ് ഭാരത മാതാവ് എന്ന സങ്കല്‍പം. വസ്ത്രധാരണത്തിലെ മതപരമായ ചിഹ്നങ്ങള്‍ ഉപേക്ഷിച്ച് സവര്‍ണ ഹിന്ദു വേഷങ്ങള്‍ സ്വീകരിച്ച് ‘പൊതു’ ആവുക എന്നുള്ളതാണ് ഭാരതമാതാവ് സങ്കല്‍പം ഇന്ത്യയിലെ സ്ത്രീകള്‍ക്ക് നല്‍കുന്ന ഒരേയൊരു സാധ്യത.


സവര്‍ണ ഹിന്ദു ദേവത പരിവേഷത്തില്‍ നിന്നും വിഭിന്നമായി 1936ല്‍ ശിവപ്രസാദ് ഗുപ്ത എന്ന ദേശീയവാദി പണികഴിപ്പിച്ച ഭാരതമാതാ അമ്പലത്തിനെക്കുറിച്ച് ചാരു ഗുപ്തയുടെ പ്രസ്തുത പഠനത്തില്‍ പറയുന്നുണ്ട്. മാര്‍ബിളില്‍ ഇന്ത്യന്‍ ഭൂപടത്തിന്‍റെ മാതൃക ആലേഖനം ചെയ്ത് പൂജ നടത്തുന്ന ആ അമ്പലം ഉദ്ഘാടനം ചെയ്തത് ഗാന്ധിയാണ്. ഇത് ഹിന്ദുവിനും മുസല്‍മാനും ഉയര്‍ന്ന ജാതിക്കാരനും കീഴ്ജാതിക്കാരനും പ്രവേശിക്കാനും ആരാധിക്കാനുമുള്ള അമ്പലമാണ് എന്ന് ഗാന്ധി അതിന്‍റെ ഉദ്ഘാടന വേളയില്‍ പറയുകയുണ്ടായി.


രാഷ്ട്രത്തിന്‍റെ ഭൂപടം പ്രതിഷ്ഠയാക്കുന്നതിലൂടെ സ്ത്രീ ശരീരമെന്ന രാഷ്ട്രം ആരാധിക്കപ്പെടണം എന്നതില്‍ നിന്നു മാറി രാഷ്ട്രഭൂമി ആരാധിക്കപ്പെടണം എന്നതിലേക്ക് വികസിക്കുന്നതോടെ സവര്‍ണ ഹിന്ദു വിശ്വാസങ്ങള്‍ക്കും, ഹിന്ദുത്വ ആശയങ്ങള്‍ക്കും രാഷ്ട്രീയ മാനം നല്‍കപ്പെട്ടു. സവര്‍ണ്ണേതര ആചാരങ്ങളുടെ ദേശക്കൂറിനെ ചോദ്യം ചെയ്യാനും സവര്‍ണ്ണ സങ്കല്‍പങ്ങളെ സ്ഥാപനവല്‍ക്കരിക്കാനും ഭാരതമാതാ അമ്പലത്തിന് പ്രയോഗത്തില്‍ കഴിഞ്ഞു. സവര്‍ണ്ണ ആചാരങ്ങളുമായി ഇന്ത്യന്‍ ദേശീയതയെ കണ്ണി ചേര്‍ത്ത് കൊണ്ട് ഹിന്ദുത്വത്തിനു രാഷ്ട്രീയ മാനം നല്‍കുന്നതിനുള്ള അടിത്തറ പാകാന്‍ സഹായിച്ചത് പ്രത്യക്ഷത്തില്‍ ആര്‍.എസ്.എസ് വിരുദ്ധരെന്ന് കരുതപ്പെടുന്ന ദേശീയവാദികള്‍ തന്നെയാണ്.


ഭാരതമാതാ എന്ന സങ്കല്‍പത്തെ ഭൂപടമായി പരിവര്‍ത്തിപ്പിക്കുന്നതിലൂടെ ഭൂപട നിര്‍മാണ വൈദഗ്ധ്യം കൂടി സവര്‍ണ ഹിന്ദു ദേശീയവാദികളില്‍ പതിച്ചു നല്‍കാനും അവരെ ആധുനിക ശാസ്ത്ര പരിജ്ഞാനമുള്ളവരായി പ്രദര്‍ശിപ്പിക്കാനും കഴിഞ്ഞു എന്നും ചാരുഗുപ്ത പറയുന്നു. ആര്‍. എസ്.എസിന്‍റെ മേല്‍നോട്ടത്തിലുള്ള മിക്ക സ്കൂളുകളിലും ഇന്ത്യയുടെ ഭൂപടം ആലേഖനം ചെയ്യുന്നതും കോമ്പൗണ്ടിനകത്ത് അമ്പലങ്ങള്‍ നിര്‍മിക്കുന്നതും ഇതുമായി കൂട്ടിവായിക്കണമെന്ന് ചാരു ഗുപ്ത പറയുന്നു.


സമാനമായി മുസ്ലിങ്ങളേയും ഇതര കീഴാള വിഭാഗങ്ങളേയും മനുഷ്യ പദവിയില്‍ നിന്ന് നിഷ്കാസനം ചെയ്യുന്നതിനായി രൂപപ്പെടുത്തിയ ബിംബമാണ് ഗോമാതാവ് എന്നത്. ഇന്ത്യയില്‍ 19ാം നൂറ്റാണ്ടില്‍ തന്നെ ഈ ബിംബം സജീവത പ്രാപിക്കാന്‍ തുടങ്ങിയിരുന്നു. പശുവിനെ മുഴുവന്‍ ഹിന്ദുക്കളുടെയും മാതാവാണെന്നും ഒരു പശുവിനെ അപായപ്പെടുത്തുന്നവന്‍ മുഴുവന്‍ ഹിന്ദുവിനെയും അവഹേളിക്കുന്നതിന്ന് തുല്യമാണെന്നുമാണ് ഗോമാതാ സങ്കല്‍പത്തിലൂടെ തീവ്രഹിന്ദു ദേശീയവാദികള്‍ പ്രചരിപ്പിച്ചത്.


പാലുതരുന്ന പശുവിനെ പാലൂട്ടുന്ന മാതാവിനോട് സമീകരിക്കുന്ന ഗോമാതാവ് സങ്കല്‍പ്പത്തില്‍ ഗോ സംരക്ഷണ സമിതികള്‍ ദേശത്തിന്‍റെ ആരോഗ്യ സാമ്പത്തിക മേഖലകള്‍ സംരക്ഷിക്കുന്ന സംഘങ്ങളായും വ്യാഖ്യാനിക്കപ്പെട്ടു. സ്ത്രീ എന്നാല്‍ അമ്മയാവേണ്ടവളാണെന്നും വീടുമായി ബന്ധപ്പെട്ടയിടങ്ങളില്‍ ഇണക്കിമെരുക്കി (domesticate) എടുക്കേണ്ടവള്‍ ആണെന്നും അവളുടെ ധര്‍മം കുടുംബാംഗങ്ങളുടെ ശാരീരിക സാമ്പത്തിക പരി പാലനവുമാണെന്ന ആര്‍.എസ്.എസിന്‍റെ സ്ത്രീ സങ്കല്‍പത്തിന്‍റെ പരിച്ഛേദമായാണ് (cross section) ഗോമാതാവിനെ മനസ്സിലാക്കേണ്ടത്. ആര്‍.എസ്.എസ് വിഭാവനം ചെയ്യുന്ന സമൂഹത്തില്‍ സ്ത്രീകളുടെ ചലനാത്മകത (mobiltiy) എപ്രകാരമായിരിക്കുമെന്നും ഇതിലൂടെ ഊഹിക്കാവുന്നതാണ്. വിദ്യാഭ്യാസം കൂടുന്നതാണ് വിവാഹമോചന നിരക്ക് വര്‍ധിക്കുന്നതിന്‍റെ മുഖ്യകാരണമെന്ന ആര്‍.എസ്.എസ് തലവന്‍ മോഹന്‍ ഭഗവതിന്‍റെ സമീപകാലത്തുണ്ടായ പ്രസ്താവന ഇതിനോട് ചേര്‍ത്ത് വായിക്കാവുന്നതാണ്.


ആര്‍.എസ്.എസിന്‍റെ സ്ത്രീ സങ്കല്‍പങ്ങള്‍ക്ക് സ്ത്രീ വിരുദ്ധമാവാനും അതിനെക്കാള്‍ വിഷലിപ്തമാവാനും കഴിയും എന്നതിന് ഉത്തമ ഉദാഹാരണം കൂടിയാണ് ഗോമാതാവ് സങ്കല്‍പം. മാതാവായ പശുവിനെ അപായപ്പെടുത്തുന്നവര്‍, അഥവാ ദലിതരും മുസ്ലിങ്ങളും ക്രിസ്ത്യാനികളും തങ്ങളുടെ വീട് /കുടുംബ/ സ്വകാര്യയിടങ്ങള്‍ക്ക് ഭീഷണിയാണെന്ന് പ്രചരിപ്പിക്കാനും പിന്തുണ നേടിയെടുക്കാനും അവര്‍ക്ക് കഴിഞ്ഞു. അതിന് തടയിടേണ്ടത് ഗോമാതാവിന്‍റെ മക്കളായ ഹിന്ദുക്കളാണെന്നുമുള്ള ശറലീഹീഴ്യയാണ് ഗോരക്ഷയുടെ മറവില്‍ ഇന്ന് നടന്ന് കൊണ്ടിരിക്കുന്ന സംഘ്പരിവാര്‍ ആസൂത്രിത അക്രമ പരമ്പരകള്‍.

തങ്ങളുടെ പെണ്‍മക്കളെ തട്ടിയെടുത്ത് ഹിന്ദുകുടുംബഘടനയെ തകര്‍ക്കാനിറങ്ങിയിട്ടുള്ള മുസ്ലിങ്ങള്‍ എന്തുകൊണ്ടും പുറന്തള്ളപ്പെടേണ്ടവരാണെന്നുള്ള സംഘ്പരിവാര്‍ ദുഷ്പ്രചരണങ്ങള്‍ക്ക് ലഭിക്കുന്ന സ്വീകാര്യതയാണ് അമ്പലങ്ങള്‍ക്കകത്ത് പോലും നടക്കുന്ന സി.എ.എ അനുകൂല യോഗങ്ങള്‍ പ്രതിഫലിപ്പിക്കുന്നത്.

ഹിന്ദുത്വ ആണത്തവും മുസ്ലീം സ്ത്രീ ശരീരങ്ങളും


സെന്‍സസ് കണക്കുകള്‍ ഊതി പെരുപ്പിച്ചതിന്‍റെ അടിസ്ഥാനത്തില്‍ 1909 ലാണ് യു.എന്‍. മുഖര്‍ജിയുടെ Hindu: A Dying Race എന്ന പുസ്തകം പ്രസിദ്ധീകരിക്കുന്നത്. വംശനാശം സംഭവിച്ചു കൊണ്ടിരിക്കുന്ന ഹിന്ദുക്കള്‍, പെറ്റുപെരുകുന്ന മുസ്ലിങ്ങള്‍ എന്ന സംഘ്പരിവാര്‍ വ്യാജ പ്രചാരണത്തിന് വൈജ്ഞാനിക അടിത്തറയൊരുക്കു
ന്നതും യു.എന്‍ മുഖര്‍ജിയെ പോലുള്ളവരാണ്. മുസ്ലിം പുരുഷന്‍റെ അമിത ലൈംഗികതയുടെ ഇര കളായ സ്ത്രീകള്‍ പ്രജനനം മാത്രം തൊഴിലാക്കിയവരാണെന്ന് ആര്‍.എസ്.എസ് രൂപീകരണ കാലം മുതല്‍ തന്നെ സംഘ്പരിവാര്‍ നേതാക്കള്‍ ആവര്‍ത്തിച്ച് കൊണ്ടിരിക്കുന്നു. ഇതുവഴി പൊതു സമൂഹത്തില്‍ അപരിഷ്കൃതരായ, ആധുനിക വിരുദ്ധരായ, രാജ്യപുരോഗതിക്ക് തടസ്സം നില്‍ക്കുന്ന വിഭാഗമായി മുസ്ലിങ്ങളെ മുദ്രകുത്താന്‍ സംഘ് പരിവാറിന് സാധിച്ചു. രണ്ടില്‍ കൂടുതല്‍ കുട്ടികളുള്ളവര്‍ക്ക് ഗവണ്‍മെന്‍റ് ആനുകൂല്യങ്ങള്‍ റദ്ദാക്കുക, അധിക നികുതി ചുമത്തുക തുടങ്ങിയ ഭേദഗതി വരുത്താനുദ്ദേശമുള്ള പുതിയ ബില്ലും വംശവര്‍ധനവിനെക്കുറിച്ചുള്ള പുതിയ പശ്ചാത്തലത്തില്‍ മനസ്സിലാക്കേണ്ടതാണ്. ജനസംഖ്യാ നിയന്ത്രണത്തിന് ഉപരിയായി മുസ്ലീങ്ങളെ ഗവണ്‍മെന്‍റ് ആനുകൂല്യങ്ങളില്‍ നിന്നും പുറന്തള്ളുക എന്നും ഈ ബില്ല് ലക്ഷ്യംവെക്കുന്നു എന്നത് മനസ്സിലാക്കാവുന്നതാണ്.

മുസ്ലിം ജനസംഖ്യയെക്കുറിച്ചുള്ള ഭീതിയാണ് സംഘപരിവാര്‍ ആസൂത്രിത മുസ്ലിം വംശഹത്യകളില്‍ മുസ്ലിം സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും എതിരില്‍ അത്യന്ത്യം ഹീനമായ മര്‍ദ്ദന മുറകള്‍ പ്രയോഗിക്കപ്പെടുന്നതിന്‍റെ കാരണം.പ്രമുഖ ചരിത്രകാരി തനിക സര്‍ക്കാര്‍ തന്‍റെ സെമിയോട്ടിക്ക്സ് ഓഫ് വയലന്‍സ്, മുസ്ലിം ചില്‍ഡ്രന്‍ ആന്‍ഡ് വുമണ്‍ ഇന്‍ ഹിന്ദു രാഷ്ട്ര എന്ന ലേഖനത്തില്‍ ഗുജറാത്തില്‍ മുസ്ലിം വംശഹത്യയുടെ പശ്ചാത്തലത്തില്‍ സംഘപരിവാര്‍ ഗര്‍ഭസ്ഥശിശുക്കളോടും സ്ത്രീകളോടും കാണിച്ച ഹിംസകള്‍ വിശകലന വിധേയമാക്കുന്നുണ്ട്. മരിച്ചുകൊണ്ടിരിക്കുന്ന ഹിന്ദുക്കള്‍ / സ്വയം അധികരിക്കുന്ന മുസ്ലീങ്ങള്‍, ലൈംഗികശേഷി കുറഞ്ഞ ഹിന്ദുക്കള്‍/അമിത പ്രത്യുല്‍പാദനശേഷിയുള്ള മുസ്ലീങ്ങള്‍,വന്ദ്യരായ ഹിന്ദു സ്ത്രീകള്‍ / മുസ്ലീങ്ങളിലെ അനിയന്ത്രിത പ്രജനനം തുടങ്ങിയ ദ്വന്ദങ്ങളാല്‍ ഹിന്ദുക്കളെ ജനസംഖ്യാടിസ്ഥാനത്തില്‍ മുന്‍കടന്ന് മുസ്ലിങ്ങള്‍ ഭൂരിപക്ഷമാകുമെന്നഭീതിയുടെ പരിണിതഫലം എങ്ങനെ സംഘ് അനുകൂലമാവും എന്ന് തനിക സര്‍ക്കാര്‍ വിശദീകരിക്കുന്നുണ്ട്.

മുസ്ലിം സ്ത്രീകളെ കുഴിമാടത്തില്‍ നിന്ന് പുറത്തെടുത്ത് ബലാത്സംഗം ചെയ്യണമെന്ന് ആഹ്വാനിക്കുന്നവര്‍ അധികാരത്തില്‍ വരുന്നത്, മുസ്ലിം ജനസംഖ്യ പെരുപ്പത്തെക്കുറിച്ചുള്ള ഭയം സംഘപരിവാര്‍ ഇതര ഭാഗങ്ങളിലേക്ക് വരെ വ്യാപിപ്പിച്ചു എന്നതിന്‍റെ തെളിവാണ്. സംഘപരിവാര്‍ ഇന്നോളം നടത്തിയ എല്ലാ മുസ്ലിം വംശഹത്യകളിലൊക്കെയും വ്യാപകമായി മുസ്ലിം സ്ത്രീകള്‍ ക്രൂരമായി ലൈംഗിക അതിക്രമങ്ങള്‍ക്ക് ഇരയായിട്ടുണ്ട്. ഏറ്റവും പുതിയ ഡല്‍ഹി മുസ്ലിം വംശഹത്യയിലും ധാരാളം ബലാല്‍സംഗക്കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.

എതിരാളികളില്‍ മാനസിക ആഘാതങ്ങള്‍ ഏല്‍പ്പിക്കുക അവരുടെ വംശശുദ്ധിക്ക് കളങ്കം ഏല്‍പ്പിക്കുക തുടങ്ങിയ ലക്ഷ്യങ്ങളാണ് രാഷ്ട്രീയ ആയുധമായി ബലാല്‍സംഗം ഉപയോഗിക്കുന്നതിലൂടെ പൊതുവില്‍ ആര്‍.എസ്.എസ് ലക്ഷ്യം വെക്കുന്നത്. എന്നാല്‍ സംഘപരിവാര്‍ മുസ്ലിം സ്ത്രീ ശരീരങ്ങളില്‍ പ്രയോഗിക്കുന്ന ഹിംസ ഇതില്‍ ഒതുങ്ങുന്നില്ല. സ്ത്രീകളെ മക്കളുടെയും രക്ഷിതാക്കളുടെയും ഭര്‍ത്താവിന്‍റെയും സഹോദരന്മാരുടെയും മുമ്പില്‍വെച്ച് ബലാല്‍സംഗം ചെയ്യുക, ഗര്‍ഭിണികളെ ബലാത്സംഗം ചെയ്ത്, ഗര്‍ഭസ്ഥ ശിശുക്കളെപ്പോലും ത്രിശൂലത്തില്‍ കുത്തി പുറത്തെടുത്തു കൊണ്ട് മനുഷ്യത്വരഹിതമായ പീഡനമുറകളാണ് സ്ത്രീ ശരീരങ്ങളില്‍ സംഘ പരിവാര്‍ അഴിച്ചുവിടാറുള്ളത്. ഒരു സമുദായത്തിന്‍റെ ഭാവിയും അഭിവൃദ്ധിയും ഇല്ലാതാക്കി മുസ്ലിം വംശവര്‍ദ്ധനവിന്‍റെ എല്ലാ സാധ്യതകളും ഉറവിടത്തില്‍ തന്നെ നശിപ്പിക്കുന്നതിനാണ് സ്ത്രീകളെയും കുഞ്ഞുങ്ങളെയും പ്രത്യേകം സംഘപരിവാര്‍ ഉന്നം വെക്കുന്നത്. അനിയന്ത്രിതമായി പെറ്റുപെരുകുന്നത് കൊണ്ട് മുസ്ലിം സ്ത്രീകളും കുഞ്ഞുങ്ങളും സകല ഹിംസകള്‍ക്കും പാത്രമാവേണ്ടവരാണെന്ന ബോധത്തില്‍ നിന്നാണ് ഗര്‍ഭ നിരോധനഗുളികകള്‍ പൈപ്പ് വെള്ളത്തില്‍ കലക്കി മുസ്ലിം സ്ത്രീകളെ വന്ധ്യരാക്കാനുള്ള ആഹ്വാനങ്ങള്‍ ഉണ്ടാകുന്നത്. പൗരത്വ ഭേദഗതി നിയമത്തിലൂടെ പൗരത്വം ഇല്ലാതാക്കി സ്ത്രീകളെയും കുട്ടികളെയും പുരുഷډാരെയും പ്രത്യേകം ഡിറ്റന്‍ഷന്‍ സെന്‍ററുകളില്‍ എത്തിക്കുന്നതിലൂടെ മുസ്ലിം കുടുംബ ബന്ധങ്ങളെ വേര്‍പെടുത്തി ഉډൂലന വിധേയരാക്കാം എന്നും ആര്‍.എസ്.എസ് ലക്ഷ്യം വെക്കുന്നതായി നമുക്ക് നിരീക്ഷിക്കാന്‍ സാധിക്കും. പ്രസ്തുത നിയമത്തിനെതിരെ മുമ്പെങ്ങുമില്ലാത്ത വിധം മുസ്ലീങ്ങള്‍ തെരുവിലിറങ്ങുന്നത് ഇതിന്‍റെ ഭീകരത തിരിച്ചറിഞ്ഞുകൊണ്ട് തന്നെയാണ്.

ഷഹീന്‍ ബാഗ് എന്ന പ്രതിരോധം


സി.എ.എ വിരുദ്ധ പ്രക്ഷോഭങ്ങളുടെ തുടക്കം മുതല്‍ തന്നെ ചര്‍ച്ചയായതാണ് സമര രംഗത്തെ മുസ്ലിം സ്ത്രീ സാന്നിധ്യം. പൗരത്വ നിഷേധത്തിന് എതിരെയുള്ള സമരങ്ങള്‍ പൊട്ടിപ്പുറപ്പെട്ടത് ക്യാമ്പസുകളില്‍ നിന്നാണ്. അുസ്ലിം വിദ്യാര്‍ഥികള്‍ നയിച്ച ഈ പ്രക്ഷോഭം ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ സ്ത്രീകള്‍ ഏറ്റെടുത്തു. ഇരുപത് ദിവസം പ്രായമായ കുഞ്ഞു മുതല്‍ തൊണ്ണൂറ് വയസ്സുള്ള ദീദിമാര്‍ വരെ സംഘപരിവാറിനോട് നേര്‍ക്കുനേര്‍ നിന്ന് സമര പ്രഖ്യാപനം നടത്തി.

ഷഹീൻ ബാഗിലെ ‘ദാദി’മാർ


ഭരണഘടന ഉയര്‍ത്തിപ്പിടിച്ച് സ്ത്രീകളും കുട്ടികളും നയിക്കുന്ന റോഡ് തടസ്സപ്പെടുത്തല്‍ സമരരീതി രാജ്യമെമ്പാടും തെരുവുകളിലേക്ക് പടര്‍ന്നു. ഇന്ത്യയിലെ പൗരത്വ ബില്ലിനെതിരെയുള്ള സമരങ്ങള്‍ മുസ്ലിം വിദ്യാര്‍ത്ഥിനികളുടേയും ഉമ്മമാരുടെയും ഹിന്ദുത്വ ഭരണകൂടത്തോടുള്ള പ്രക്ഷോഭമായി അന്താരാഷ്ട്ര തലത്തില്‍ വരെ ചര്‍ച്ച ചെയ്യുകയുണ്ടായി. 2014 മുതലുള്ള ബിജെപി ഭരണത്തിന് ഇത്രയധികം വെല്ലുവിളിയുയര്‍ത്തിയ മറ്റൊരു പ്രതിഷേധത്തിനും ഇന്ത്യന്‍ പൊതുമണ്ഡലം സാക്ഷിയായിട്ടില്ല.


വിദ്വേഷ പ്രചരണങ്ങളും, ആക്രമണ സാധ്യതകളും ഉണ്ടായിട്ടും ഷഹീന്‍ ബാഗിലെ സമരം കൂടുതല്‍ കരുത്തോടെ തന്നെ മുന്നോട്ടു പോവുകയാണുണ്ടായത്. ആര്‍.എസ്.എസിന്‍റെ സ്ത്രീ സങ്കല്‍പത്തെയും, അവര്‍ പൊതു സമൂഹത്തില്‍ മുസ്ലിം സ്ത്രീകളെക്കുറിച്ച് നിര്‍മ്മിച്ച വാര്‍പ്പു മാതൃകകളേയും കൂടിയാണ് ഷഹീന്‍ബാഗിലെ ഉമ്മമാര്‍ തകിടം മറിക്കുന്നത്. അതോടൊപ്പം വര്‍ത്തമാന ഇന്ത്യന്‍ ജനാധിപത്യത്തിന്‍റെ മുഖമായി മാറിക്കൊണ്ട്, ന്യൂനപക്ഷ വിരുദ്ധ ഹിന്ദുത്വ മാതൃ നിര്‍മിതികളെ ചോദ്യം ചെയ്യാനും ഷഹീന്‍ ബാഗിലെ ഉമ്മമാര്‍ക്ക് കഴിഞ്ഞു. കൈകുഞ്ഞുമായി സമരം ചെയ്യുന്ന ഉമ്മമാരോട് അവരുടെ മാതാവ് എന്ന രീതിയിലുള്ള ധര്‍മ്മത്തെ ചോദ്യം ചെയ്തു കൊണ്ടും സമരപ്പന്തലില്‍ കുഞ്ഞുങ്ങളുമായി ഇരിക്കുന്നത് ആ കുഞ്ഞുങ്ങളോടുള്ള അവകാശ ലംഘനം ആയി വ്യാഖാനിച്ചും സമരത്തെ അട്ടിമറിക്കാന്‍ വലിയ രീതിയില്‍ ശ്രമങ്ങള്‍ നടന്നിരുന്നു. ഈ സമരം ഞങ്ങളുടെ കുഞ്ഞുങ്ങളുടെ ഭാവിക്ക് വേണ്ടിയാണ് എന്ന മറുവാദം ഉയര്‍ത്തിക്കൊണ്ടാണ് ഉമ്മമാര്‍ അതിനെ നേരിട്ടത്. പ്രധാനമന്ത്രിക്ക് കുടുംബമില്ലാത്തതുകൊണ്ടാണ് ഇത്തരത്തിലുള്ള നിയമ നിര്‍മാണങ്ങള്‍ ഉണ്ടാവുന്നതെന്നും ഷഹീന്‍ബാഗിലെ ഉമ്മമാര്‍ ആരോപിച്ചു.


മാതാക്കളുടെ ഇടം വീടിനകത്ത് ആണ് എന്നും അവരുടെ പ്രഥമ ജോലി മക്കളുടേയും മറ്റു കുടുംബാംഗങ്ങളുടേയും പരിചരണം ആണെന്നും മാതാവിന്‍റെ സുരക്ഷ മകളുടെ കര്‍ത്തവ്യം ആണെ ന്നുള്ള സംഘപരിവാറിന്‍റെ സങ്കല്പത്തിന് നേര്‍ വിപരീതമായാണ് ഷഹീന്‍ ബാഗിലെ പ്രക്ഷോഭകാരികള്‍ സ്വയം അടയാളപ്പെടുത്തുന്നത്.


ഷഹീന്‍ബാഗിലെ സമരങ്ങള്‍ ഏതുവിധേനയും അവസാനിപ്പിച്ച് രാജ്യമൊട്ടാകെ നടക്കുന്ന സി.എ.എ വിരുദ്ധ സമരങ്ങളെ തകര്‍ത്തു മുസ്ലിം വംശീയ ഉډൂലനം സാധ്യമാക്കുക എന്നതാണ് സംഘപരിവാര്‍ ഉന്നമിടുന്നത്. ഭരണകൂട ഒത്താശയോടെ നടക്കുന്ന സംഘപരിവാര്‍ ഹിംസകള്‍ ഷഹീന്‍ ബാഗിലേക്ക് ഏതുനിമിഷവും എത്തും എന്ന ആശങ്ക സി.എ.എ വിരുദ്ധ നിലപാടുള്ളവര്‍ ക്കൊക്കെയുമുണ്ട്. എന്നിരുന്നാലും പൗരത്വ ഭേദഗതി നിയമം പിന്‍വലിക്കും വരെ ഭരണകൂടത്തോട് രാജിയാവാന്‍ ഇല്ലെന്നാണ് സമര നായികമാര്‍ പറയുന്നത്. ചരിത്രാതീതകാലം മുതല്‍ വേരുറച്ചുപോയ സകല പുരുഷാധിപത്യ വ്യവസ്ഥകളെയും തിരുത്തി എഴുതുകയാണ് ഷഹീന്‍ ബാഗിലെ ഉമ്മമാര്‍. നിഷ്ക്രിയമായ, പ്രതിരോധ ക്ഷമതയില്ലാത്ത മാതാവ് എന്ന അരിസ്റ്റോട്ടിലിന്‍റെ മാതൃസങ്കല്പങ്ങളെ മുതല്‍ അവര്‍ തള്ളിക്കളയുന്നു. സ്നേഹം, വാത്സല്യം, പരിലാളനം തുടങ്ങിയവ സത്താപരമാണെന്നു ആരോപിക്കപ്പെടുന്ന ഒരു വിഭാഗം സ്ത്രീവാദികളുടെ മാതൃത്വത്തെ കുറിച്ചുള്ള സിദ്ധാന്തങ്ങളെ ശരിവെക്കുകയും എന്നാല്‍ മാതൃത്വം സ്ത്രീകളുടെ വിമോചന പദ്ധതിയെക്കുറിച്ചുള്ള അന്വേഷണത്തെ ഇല്ലാതാക്കുന്നുവെന്ന മറ്റൊരു വിഭാഗം സ്ത്രീവാദത്തെ തള്ളിക്കളയുകയും ചെയ്യുന്നുണ്ട് ഷഹീന്‍ ബാഗിലെ ഈ സമരങ്ങള്‍. ഈ സ്ത്രീകളുടെ സമരവീര്യവും അതേസമയം അവര്‍ പ്രതിഫലിപ്പിക്കുന്ന വാത്സല്യവും സൈദ്ധാന്തികവല്‍ക്കരിക്കുന്ന പുതിയ സ്ത്രീപക്ഷ നിലപാടുകള്‍ ആവശ്യമാണ്.



ബാസിമ മുഹമ്മദ്

പി.എച്ച്.ഡി ഗവേഷക,
സോഷ്യോളജി വിഭാഗം
ക്വീന്‍ മേരീസ് കോളേജ്, ചെന്നൈ

COMMENTS

COMMENT WITH EMAIL: 0