HomeUncategorized

സമകാലിക സാഹിത്യത്തിലെ സ്ത്രീയവസ്ഥകള്‍

ളരെ വിപുലവും സംഘര്‍ഷാത്മകവുമായ മേഖലയാണ് പൊതുവേ സാഹിത്യമെന്നത്. അതു സ്ത്രീകളുമായി ബന്ധപ്പെടുമ്പോള്‍ ആ സംഘര്‍ഷം ശത ഗുണീഭവിക്കുന്നതായി കാണാം. ഈ സന്ദര്‍ഭത്തില്‍ ചര്‍ച്ചക്കെടുക്കുന്നത് മലയാള സാഹിത്യവുമായുള്ള സ്ത്രീകളുടെ ബന്ധം മാത്രമാകുന്നു.

വെര്‍ജിനിയവുള്‍ഫ്

1903 ല്‍ ജെ കുഞ്ഞി ലക്ഷ്മിയമ്മ എഴുതിയത്, വിദ്യാഭ്യാസമുള്ള സ്ത്രീകള്‍ക്ക് ഏറ്റവും ആവശ്യമായത് വായിക്കാനും എഴുതാനും സ്വന്തമായി ഒരു മുറി വേണമെന്നതായിരുന്നു. വെര്‍ജിനിയവുള്‍ഫിന്‍റെ സ്വന്തമായൊരു മുറി വരുന്നതിന് ഏതാണ്ടു കാല്‍ നൂറ്റാണ്ടു മുമ്പാണ് കുഞ്ഞി ലക്ഷ്മിയമ്മ സുധര്‍മ്മ എന്ന പ്രസിദ്ധീകരണത്തില്‍ ഇങ്ങനെ കുറിച്ചത്. സമകാലിക അവസ്ഥയിലെ പെണ്ണിന്‍റെ എഴുത്തിനെപ്പറ്റി ചിന്തിക്കുമ്പോള്‍ എന്തിനാണ് ഒരു നൂറ്റാണ്ട് പുറകിലേക്കു സഞ്ചരിക്കുന്നത് എന്നാണോ? അതിന്നും പ്രസക്തമായതിനാല്‍ത്തന്നെ.
സ്ത്രീകള്‍ക്കു കവിത്വമുണ്ടോ ഉണ്ടാകാന്‍ സാധ്യതയുണ്ടോ എന്നൊക്കെ സംശയിച്ച ഒരു സമൂഹത്തിലേക്ക് സധൈര്യം ഇറങ്ങി നിന്ന് ‘ കവിതക്കു മാത്രമാളല്ലെന്നു വന്നീടുമോ?’ എന്നു സ്വന്തം കവിതകളും നാടകവും മുന്‍നിര്‍ത്തി ചോദിച്ച തോട്ടയ്ക്കാട്ട് ഇക്കാവമ്മയോട് വെണ്മണി മഹന്‍ പറഞ്ഞത് ‘ കവനമണി കവയ്ക്കട്ടെ കാണട്ടെ വൃത്തം ” എന്നായിരുന്നു. ഏറ്റവും പുതിയ സിനിമയായ ഗംഗുഭായി കത്തിയാവാഡില്‍ കാമാത്തിപുരയിലെ ഒരുവള്‍ മരിച്ചപ്പോള്‍ അടക്കം ചെയ്യുമ്പോള്‍ കാലുകള്‍ രണ്ടും കൂട്ടിക്കെട്ടണമെന്നു ഗംഗുഭായി പറയുന്നുണ്ട്. കാരണം ആണുങ്ങള്‍ക്ക് എപ്പോഴാണ് എന്താണ് തോന്നുകയെന്നറിയില്ലല്ലോ എന്ന്! പത്തൊമ്പതാം നൂറ്റാണ്ടിലെ ഒരു പുരുഷ കവി സ്വന്തം സഹപ്രവര്‍ത്തകയായിരുന്ന കവയിത്രിയോട് ‘ കാണട്ടെ വൃത്തം’ എന്നു പറഞ്ഞതിന്‍റെ അതേ മനോഭാവം തന്നെയാണ് ശവമായിത്തീര്‍ന്നാല്‍പ്പോലും കാമാത്തിപുരയിലെ സ്ത്രീകളുടെ ശരീരത്തോട് പുരുഷനുണ്ടായിരുന്നതെന്നര്‍ഥം. കാലമോ സ്ഥലമോ ഈ കാഴ്ചയില്‍ മാറ്റം വരുത്തുന്നില്ല. ‘ മതിയോ നിനക്ക്?’ എന്നു കവിതയിലൂടെ ഇക്കാവമ്മ ചോദിച്ച മറു ചോദ്യം ഇന്നും എഴുത്തിടങ്ങളിലെ സ്ത്രീപുരുഷ ബന്ധത്തെ പിടിച്ചുലക്കുന്നതാണ്.

നവോത്ഥാനത്തിലെ പുരുഷന്‍റെ കൈ പിടിച്ചുയര്‍ത്തലുകള്‍ക്കു ശേഷം നവോത്ഥാനാനന്തര ആധുനികതയുടെ സാഹിത്യം പുരുഷന്‍റെ മാത്രം സ്വത്വാന്വേഷണത്തിന്‍റെ വഴികളിലൂടെയാണ് മലയാളത്തില്‍ സഞ്ചരിച്ചത്. മനുഷ്യന്‍ പുരുഷന്‍ മാത്രമായിരിക്കുന്നുവെന്ന അബോധം തന്നെയാണ് സ്വത്വം പുരുഷനു മാത്രമുള്ളതാണെന്ന സാഹിത്യ ഭാവുകത്വത്തെ സൃഷ്ടിക്കുന്നത്. അമ്മിണിയേടത്തിയെന്നോ മൈമൂനയെന്നോ ചന്ദ്രികയെന്നോ സത്രീ കഥാപാത്രത്തിന്‍റെ പേരു മാറാം. അവള്‍ ഒരു വലിയ ‘ഞാന്‍’ പുരുഷനില്‍ ഭോഗാസക്തിയുണ്ടാക്കുന്ന സമൃദ്ധമായ സ്ത്രീശരീരം മാത്രമാണ്. നവോത്ഥാനത്തോടെ പുറത്തേക്കെത്തി നോക്കിയ എഴുത്തുകാരികളെ ബലപൂര്‍വം മടക്കി വിളിക്കുകയായിരുന്നു നവോത്ഥാനാനന്തര ആധുനികതയെന്നത് ഞാനിസത്തിന്‍റെ അനിവാര്യമായ തുടര്‍ച്ചയായിരുന്നു.

ആധുനികാനന്തരതയുടെ ജീവിത സാഹിത്യ അന്വേഷണങ്ങള്‍ അന്നോളം മുഖ്യധാര പുറത്താക്കിയ സ്വത്വങ്ങളെ തിരിച്ചെടുക്കാനുള്ള ശ്രമത്തിന്‍റെ രാഷ്ട്രീയം ഉന്നയിക്കുന്നുണ്ട്. അങ്ങനെയാണ് സ്ത്രീ സ്വത്വവാദത്തിന്‍റെ അലയൊലികള്‍ മലയാള സാഹിത്യത്തിലേക്കും കടന്നു വന്നത്. അന്നോളമുള്ള എഴുത്തുകള്‍ വിമര്‍ശനാത്മകമായി വായിക്കപ്പെട്ടു. പെണ്ണിന്‍റെ എഴുത്തുകള്‍ പുതിയ മേഖലകളിലേക്ക് ചിറകു വിടര്‍ത്തി. ഈ ഘട്ടത്തില്‍ മലയാള സാഹിത്യത്തിലെ നാഴികക്കല്ലായി സാറാ ജോസഫിന്‍റെ എഴുത്തുകളെ ചരിത്രപരമായി അടയാളപ്പെടുത്തേണ്ടതുണ്ട്. പുരുഷാധികാരത്തിന്‍റെ യഥാര്‍ഥമായ അഴുക്കിടങ്ങള്‍ ഉപേക്ഷിച്ച് ഒരെഴുത്തുകാരി മേബിള്‍ അമ്മായിയുടെ സാങ്കല്പികമായ സ്വപ്ന വന്യതയിലേക്ക് സ്വയം എത്തിച്ചേരുന്ന ഘട്ടമാണിത്. അവിടെ ആകാശമാണവളുടെ ജീവിതത്തിന്‍റേയെന്ന പോലെ എഴുത്തിന്‍റേയും അതിര്‍ത്തി. പെണ്ണിന്‍റെ ആ സ്വത്വാന്വേഷണ യാത്ര ഏറെ ക്ലേശകരമായിരുന്നു. നിലനില്‍ക്കുന്ന മൂല്യവ്യവസ്ഥകളെ അട്ടിമറിച്ചു കൊണ്ട് വേണമായിരുന്നു അവള്‍ക്ക് സ്വന്തം അക്ഷരമാല കണ്ടെത്താന്‍ . അതു കൊണ്ടു തന്നെ ഏറെ ഉത്തരവാദിത്വം നിറഞ്ഞതും കൂടിയായിരുന്നു ആ എഴുത്തന്വേഷണ യാത്ര. മലയാള സാഹിത്യത്തിന്‍റെ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ എഴുത്തുകാരികള്‍ ആക്രമിക്കപ്പെടുകയും തമസ്കരിക്കപ്പെടുകയും ചെയ്ത ഒരു ചരിത്ര ഘട്ടം കൂടിയായി ഇതു വരവു വെക്കപ്പെടേണ്ടതുണ്ട്. ‘കാലു വെന്ത പട്ടികളെ ‘പ്പോലെ ( പ്രയോഗം സാറാ ജോസഫിന് കടപ്പെട്ടിരിക്കുന്നു) എഴുത്തുകാരികള്‍ തലങ്ങും വിലങ്ങും ഏറുകൊണ്ട് ഓടിക്കൊണ്ടേയിരുന്നു.

 

സമൂഹമാധ്യമങ്ങളുടെ കാലത്തോടെ സംഗതികള്‍ വീണ്ടും മാറുകയായിരുന്നു. ഫേസ്ബുക്കിലൂടെ നിരവധി സ്ത്രീകള്‍ എഴുത്തുകളുമായി പ്രത്യക്ഷപ്പെട്ടു. അന്നുവരെ അടക്കി നിര്‍ത്തപ്പെട്ട സ്ത്രീകള്‍ സ്വന്തം ആവിഷ്കാരങ്ങളിലൂടെ സമൂഹമാധ്യമങ്ങളില്‍ പൊട്ടിത്തെറിച്ചു. അവരില്‍ പലരും തെറിയഭിഷേകം ചെയ്യപ്പെട്ടു. ചിലര്‍ അമിതവും അനുചിതവുമായി ലാളിക്കപ്പെട്ടു. അതായത് ആണധികാരത്തിന് ഭീഷണിയാകാത്ത എഴുത്തുകള്‍ നന്ദിക്കപ്പെട്ടു. ആണധികാരത്തെ ചോദ്യം ചെയ്ത എഴുത്തുകള്‍ നിന്ദിക്കപ്പെട്ടു. തന്തക്കും തള്ളക്കും മാത്രമല്ല മക്കള്‍ക്കും വിളിക്കപ്പെട്ട എഴുത്തുകാരികള്‍ പക്ഷേ തളര്‍ന്നു പോവുകയോ മറഞ്ഞു പോവുകയോ ചെയ്തില്ല. പകരം അവരില്‍പ്പലരും എഴുത്തുകളിലേക്കു കൂടുതല്‍ക്കൂടുതല്‍ വേരുകള്‍ ആഴ്ത്തി.
ന്യൂനപക്ഷം സ്ത്രീയെഴുത്തുകള്‍ ആണധികാരത്തിന്‍റെ സ്തുതികളിലും തലോടലുകളിലും ഭ്രമിച്ചു പോയി. എന്നാല്‍ സ്ത്രീ സാഹോദര്യ പരമായ കൂട്ടായ്മകള്‍ പലതും രൂപപ്പെട്ടു. പെണ്‍ കവിക്കൂട്ടം (പോയട്രിയ) അക്കൂട്ടത്തില്‍ പ്രത്യേകമായി എടുത്തു പറയേണ്ടുന്ന ഒരു കൂട്ടായ്മയാണ്. അവര്‍ പെണ്‍ കവികളെ വെച്ചു കൊണ്ടുള്ള ഒരുത്സവം തന്നെ നടത്തി. എഴുത്തിന്‍റെ രൂപഭാവങ്ങളില്‍ ധീരമായ പരീക്ഷണങ്ങള്‍ പുതിയ എഴുത്തുകാരികള്‍ക്ക് സാധ്യമായിട്ടുണ്ട്. അപ്പോഴും മറ്റെല്ലാ അക്കാദമികളെയും പോലെ,സാഹിത്യ അക്കാദമിയുടെയും മുഖ്യ ഭാരവാഹികള്‍ പലരും ഒട്ടും സ്ത്രീപക്ഷരല്ലാത്ത പുരുഷ കേസരികള്‍ തന്നെ ആയിരിക്കും. വിനീതവിധേയരായി അടി പണിയുന്നവര്‍ക്ക് മാത്രമായി ഇത്തരം ഔദ്യോഗിക സംവിധാനങ്ങള്‍ പലതും മാറിയിട്ടുണ്ടെങ്കിലും പെണ്ണിന്‍റെ എഴുത്തുകള്‍ അതിരുകളില്ലാത്ത സ്വാതന്ത്ര്യത്തെ സ്വപ്നം കണ്ടു കൊണ്ട് ഉയരങ്ങളിലേക്കു കുതിക്കുകയാണ്. നിരുത്തരവാദപരവും ആണധികാര പ്രീണനപരവുമായ ചില പ്രവണതകള്‍ പുതിയ പെണ്ണിന്‍റെ എഴുത്തുകളില്‍ പ്രത്യക്ഷമാണ് എങ്കിലും ആത്യന്തികമായി യഥാര്‍ഥത്തില്‍ പുതുക്കപ്പെട്ട പെണ്ണ് എന്നു വെച്ചാല്‍ പെണ്ണായ പെണ്ണ് മണ്ണില്‍ കാലുറപ്പിച്ചു കൊണ്ടു മലയാള എഴുത്തിന്‍റെ പുതിയ ആകാശങ്ങളിലേക്കു ചിറകു നീര്‍ത്തിക്കഴിഞ്ഞു.

COMMENTS

COMMENT WITH EMAIL: 0