ബഹുജന്‍ സ്ത്രീകളും ‘പൊതു’ രൂപീകരണവും

Homeചർച്ചാവിഷയം

ബഹുജന്‍ സ്ത്രീകളും ‘പൊതു’ രൂപീകരണവും

ഷൈമ പി

പൗരത്വ ഭേദഗതി നിയമത്തിനെതിരെയുള്ള ഏറ്റവും ശക്തവും ക്രിയാത്മകവുമായ സമരമാണ് ഡല്‍ഹിയിലെ ഷഹീന്‍ ബാഗ് എന്ന സ്ഥലത്ത് കഴിഞ്ഞ രണ്ടു മാസത്തിലേറെയായി നടക്കുന്നത് മുസ്ലിം സ്ത്രീകളുടെ നേതൃത്വത്തില്‍ നടക്കുന്ന ഈ സമരം ഒരു നിയമത്തിനെതിരെയുള്ള പ്രതിഷേധം എന്നതിലുപരി ആണ്‍ മതേതര യുക്തിയിലധിഷ്ഠിതമായ ഒരു പൊതു ഇടം ന്യൂനപക്ഷ മതവിശ്വാസികളായ സ്ത്രീകള്‍ എന്ന നിലയില്‍ തങ്ങളുടേതും ആണ് എന്ന പൗരത്വവകാശ പ്രഖ്യാപനം കൂടിയാണ്. “അവകാശങ്ങള്‍ക്കു വേണ്ടിയുള്ള അവകാശം” തങ്ങള്‍ക്കുമുണ്ടെന്ന് പ്രഖ്യാപിക്കുക വഴി മറ്റൊരു പൊതുവിനെ വിഭാവനം ചെയ്യുന്നുണ്ട് ഷഹീന്‍ ബാഗും അത് സാധ്യമാക്കിയ/ആക്കുന്ന സ്ത്രീകളും. ദലിത്/ബഹുജന്‍ സ്ത്രീകളുടെ നേതൃത്വത്തിലുണ്ടായ/പങ്കാളികളായ ചില സ്ത്രീ പൊതു ഇടപെടലുകളെ രേഖപ്പെടുത്തുന്നതോടൊപ്പം. ഷഹീന്‍ബാഗ് എന്ന സമര പ്രതീകം എങ്ങനെ അത്തരത്തിലുള്ള ഒരു സവര്‍ണേതര സ്ത്രീ പ്രതിരോധ ചരിത്രത്തിന്‍റെ ഭാഗമായി എന്ന് കൂടെ കാണേണ്ടതുണ്ട് എന്ന് വിശദീകരിക്കാനാണ് ഇവിടെ ശ്രമിക്കുന്നത്.

ബ്രാഹ്മണിക്കല്‍ ഹിന്ദുയിസത്തിനും അതിന്‍റെ വക്താക്കളായ സവര്‍ണ ആണുങ്ങള്‍ക്കും ആണ്‍ ബോധം പേറുന്നവര്‍ക്കും മാത്രം പ്രാതിനിധ്യം ഉള്ള പൊതു എന്ന ഇടം പലമകളെ ഇല്ലാതാക്കിക്കൊണ്ടുള്ള ഒരുമ സാധ്യമാക്കുന്നതിലൂടെ ഹിംസാത്മകമായ ദേശീയത എന്ന വ്യവഹാരത്തിന് അനിവാര്യമാണ്. പൊതു എന്ന ഇടത്തില്‍ നിന്നും, ബ്രാഹ്മണിക ഹിന്ദുക്കളല്ലാത്തവരെ, രാഷ്ട്രീയവത്ക്കരിച്ചും സ്വകാര്യ ഇടത്തിലേക്ക് പരിമിതപ്പെടുത്തുക്കൊണ്ടാണ് ഈ ഐക്യം നിര്‍മ്മിക്കപ്പെടുന്നത് എന്നിരിക്കെ, പൊതു എന്നത് വ്യത്യസ്തകള്‍ ഉള്‍പ്പെടുത്തു കൊണ്ടുള്ള വിപുലീകരണം ആവശ്യപ്പെടുന്നുണ്ട്. ദേശീയത എന്ന വരേണ്യ വ്യവഹാരത്തെ അസ്ഥിരപ്പെടുത്തുന്ന, ജാതീയതയ്ക്കെതിരെയുള്ള സമരങ്ങള്‍, ഇസ്ലാമോഫോബിക്ക് ആയ മതേതരത്വം എന്ന സങ്കലപ്ത്തോടുള്ള വിയോജിപ്പുകള്‍ രേഖപ്പെടുത്തുന്ന സമരങ്ങള്‍ തുടങ്ങിയ അവര്‍ണ ഇടപെടലുകള്‍ ബ്രാഹ്മണിക്കലായ പൊതുവിനെ പുനരാലോചിക്കുന്നവ കൂടിയാണ്. ഇതില്‍ തന്നെ അവര്‍ണ സ്ത്രീകള്‍ നടത്തിയ ഇത്തരത്തിലുള്ള ഇടപെടലുകള്‍ക്ക് ഊന്നല്‍ കൊടുക്കേണ്ടതുണ്ട്. തങ്ങള്‍ക്കായി വക തിരിച്ചു വച്ച സ്വകാര്യം എന്ന ഇടത്തെ ധൈര്യപൂര്‍വ്വം ഉപേക്ഷിച്ചു കൊണ്ട്, സ്വകാര്യ ഇടത്തെ രാഷ്ട്രീയവത്ക്കരിച്ചു കൊണ്ട്, പൊതു ഇടത്തെ occupy ചെയ്തു കൊണ്ട് – ഇങ്ങനെ പല രീതികളിലാണ് അവര്‍ണ സ്ത്രീകള്‍ പൊതു ഇടത്തിന്‍റെ ഹിംസാത്മകതയെ നേരിടുന്നത്. ഷഹീന്‍ ബാഗ് എന്നത് എങ്ങനെയാണ് അത്തരത്തിലുള്ള ഒരു പ്രതിഷേധ ചരിത്രത്തിന്‍റെ ഭാഗമാകുന്നത് എന്ന് രേഖപ്പെടുത്താനാണിവിടെ ശ്രമിക്കുന്നത്.

ഫ്യൂഡല്‍, കൊളോണിയല്‍ സാമൂഹ്യ ഘടനകളില്‍ നിലനിന്നിരുന്ന ജെന്‍ഡറിന്‍റെ അടിസ്ഥാനത്തിലുള്ള ഉത്തരവാദിത്വ വിഭജനങ്ങള്‍ ദേശീയത എന്ന വ്യവഹാരത്തിന്‍റെ സ്ഥാപനവത്ക്കരണവുമായി ബന്ധപ്പെട്ട് കൂടുതല്‍ സൂക്ഷ്മമായി ക്രമീകരിക്കപ്പെട്ടു. സ്വകാര്യ ഇടത്തിന്‍റെ ഉത്തരവാദിത്വം സ്ത്രീകള്‍ക്ക് ഏല്‍പ്പിച്ചു കൊടുത്തുകൊണ്ടാണ് ദേശീയത സ്ത്രീകളുടെ പ്രശ്നങ്ങളെ പരിഹരിച്ചു എന്ന് വരുത്തി തീര്‍ത്തത് എന്ന് പാര്‍ഥാ ചാറ്റര്‍ജി ‘Nationalist Resolution of the Women’s Question’ എന്ന ലേഖനത്തില്‍ പറയുന്നുണ്ട്. സവര്‍ണ പൊതുഇടത്തിന് ഗുണകരമാകുന്ന രീതിയില്‍ ആണ്‍ പെണ്‍ പൗരരെ വളര്‍ത്തിയെടുത്ത്, വീടകങ്ങളുടെ കെടാവിളക്കാക്കി. ഭാരത സംസ്ക്കാരം നിലനിര്‍ത്താനുള്ള ഉത്തരവാദിത്വം സ്ത്രീകളില്‍ നിക്ഷിപ്തമാക്കിക്കൊണ്ട്, അങ്ങനെ ഉത്തരവാദിത്വ ബോധത്തോടെ ജീവിക്കുന്ന സ്ത്രീകളെ ദേവിയായും അമ്മയായും പൂജിച്ചുകൊണ്ടും, പൊതുഇടത്തില്‍ സ്ത്രീകള്‍ക്ക് ഇടപെടാനുള്ള അവസരങ്ങള്‍ ദേശീയത എന്ന വ്യവഹാരം പരിമിതപ്പെടുത്തി. പൊതു ഇടത്തില്‍ തന്‍റെ ശരീരം, ലൈംഗികത, വിശ്വാസം, അവകാശം, വികാരം തുടങ്ങിയവയെക്കുറിച്ച് സംസാരിക്കുന്ന സ്ത്രീകള്‍ അപഥസഞ്ചാരികളായി. അതേപോലെ വീട്ടകങ്ങളെ രാഷ്ട്രീയവത്ക്കരിക്കുന്ന സ്ത്രീകള്‍, രാഷ്ട്രീയവത്ക്കരിച്ച പൊതു ഇടത്തില്‍ സ്ത്രീ എന്ന രീതിയില്‍ ഇടപെടുന്നവര്‍ – ഇവരൊക്കെ അനഭിമതരായി. എന്തായാലും ദലിത്-ബഹുജന്‍ സ്ത്രീകള്‍ ദേശീയ നിര്‍മ്മിതികളായ സ്ത്രീ ബിംബത്തെ പല രീതികളില്‍ പ്രതിരോധിക്കുന്നതായി കാണാം. സ്വകാര്യ/പൊതു എന്ന ദ്വന്ദ്വത്തെ അസ്ഥിരപ്പെടുത്തുന്നുണ്ട് ഇവരില്‍ പലരുടേയും ഇടപെടലുകള്‍.

6-ാം നൂറ്റാണ്ട് ആഇഋ ഓളം പഴക്കമുണ്ടെന്ന് കരുതുന്ന, ആദ്യകാല ഇന്ത്യന്‍ പെണ്ണെഴുത്ത് എന്ന് വിളിക്കാവുന്ന തെരിഗാഥ എന്ന പേരില്‍ ഇറങ്ങിയ ബുദ്ധഭിക്ഷുണികളുടെ കവിതകളുടെ സമാഹാരം ബ്രാഹ്മണിക്കല്‍ ആണധികാര ഇടങ്ങളായി മാറുന്ന വീടുകളില്‍ നിന്നും പൊതുഇടങ്ങളില്‍ നിന്നും രക്ഷപ്പെട്ട് ബുദ്ധ സംഘത്തില്‍ ചേര്‍ന്ന പല സ്ത്രീകളുടെ അനുഭവങ്ങള്‍ കൂടി ഉള്‍പ്പെടുന്ന ഒന്നാണ്. അടുക്കള/ഉപകരണങ്ങളില്‍ നിന്നും വയസ്സനും വക്ര ബുദ്ധിക്കാരനുമായ ഭര്‍ത്താവില്‍ നിന്നും, വികാരങ്ങളില്‍ നിന്നും, പ്രായമാകുന്നതിന്‍റെ വൈഷമ്യങ്ങളില്‍ നിന്നും, മരണഭീതിയില്‍ നിന്നും, മരിച്ചുപോയ പ്രിയപ്പെട്ടവരുടെ ഓര്‍മ്മകള്‍ നല്‍കുന്ന വേദനകളില്‍ നിന്നും, തത്കാലമോ സ്ഥിരമോ ആയ രക്ഷപ്പെടല്‍ ആഗ്രഹിച്ചു കൊണ്ട് ബുദ്ധിസം രൂപപ്പെടുത്തിയ പൊതുവിനെ തങ്ങളുടെ വീടകങ്ങള്‍ക്കു പകരമായി തെരഞ്ഞെടുത്ത സ്ത്രീ അനുഭവങ്ങള്‍ ഏറെയുണ്ട് തെരിഗാഥ എന്ന പുസ്തകത്തില്‍. പെണ്‍ ലൈംഗികത, ശരീരം, വൈകാരികത എന്നിവയെ അഭിസംബോധന ചെയ്യുന്നതില്‍ ബുദ്ധിസത്തിനുണ്ടായിരുന്ന പരിമിതികളെക്കുറിച്ചുള്ള പഠനങ്ങള്‍ നിലനില്‍ക്കുന്നുണ്ടെങ്കിലും, തങ്ങളുടെ വീടകങ്ങളില്‍ നിലനിന്നിരുന്ന ഹിംസാത്മകതയെ മറികടക്കാന്‍, അവിടം ഉപേക്ഷിക്കുകയും യാത്രകളും ഭിക്ഷാടനവും സന്യാസവും ആവശ്യപ്പെടുന്ന സംരക്ഷണം കുറഞ്ഞു ബുദ്ധിസത്തിന്‍റെ പൊതു എന്ന ഇടം സ്ത്രീകള്‍ തിരഞ്ഞെടുത്തു എന്നത് ഈ സ്ത്രീകളുടെ നിര്‍വാഹകത്വം സൂചിപ്പിക്കുന്ന ഒന്ന് കൂടെയാണ്. അതേ പോലെ മോക്ഷം ആഗ്രഹിച്ച് വരുന്ന ബുദ്ധസന്യാസിമാരെ പ്രലോഭിപ്പിക്കുന്ന ഭീഷണമായ സാന്നിധ്യങ്ങളായി പലപ്പോഴും സ്ത്രീകള്‍ മാറുന്നതായി ജാതക കഥകളെ അവലംബിച്ചുകൊണ്ട് ഉമ ചക്രവര്‍ത്തി നിരീക്ഷിച്ചിട്ടുണ്ട്. അങ്ങനെയൊരവസ്ഥയില്‍ ബുദ്ധ ഭിക്ഷുണികളുടെ വരവ് ബുദ്ധ സംഘം എന്ന പൊതുവിന് ഉണ്ടാക്കിയ മാറ്റങ്ങളും അസ്ഥിരപ്പെടുത്തലുകളും നോക്കേണ്ടതാണ്. വീടകങ്ങളും ബ്രാഹ്മണിക “പൊതു”വും ഉപേക്ഷിച്ചു കൊണ്ടാണ് സംഘം എന്ന ‘പൊതു’ സ്ത്രീകള്‍ തിരഞ്ഞെടുത്തത് എന്നത് ഏറെ പ്രസക്തമാണ്. തങ്ങളുടെ സ്വകാര്യ ഇടത്തെ ഉപേക്ഷിച്ചു കൊണ്ടാണ് ഈ സ്ത്രീകള്‍ പൊതുവിനെ പുനരാലോചിക്കാന്‍ പ്രേരിപ്പിക്കുന്നതെങ്കില്‍ മറ്റു ചിലര്‍ തങ്ങളുടെ സ്വകാര്യ ഇടത്തെ രാഷ്ട്രീയവത്ക്കരിച്ചു കൊണ്ടാണ് ‘പൊതു’വിനെ വിപുലീകരിക്കുന്നത്.

സാവിത്രി ഭായി ഫുലേയുടെ ജീവിതം എടുക്കുകയാണെങ്കില്‍ അവര്‍ ഏതൊക്കെ രീതിയിലാണ് പൊതു/സ്വകാര്യം എന്നീ വിഭജനത്തെ അസ്ഥിരപ്പെടുത്തുന്നതെന്ന് കാണാം. തന്‍റെ വീട് വിധവകള്‍ക്കും അനാഥര്‍ക്കും തുറന്ന് കൊടുത്ത് ഈ ഇടത്തെ തന്‍റെ ജാതി വിരുദ്ധ പ്രവര്‍ത്തനങ്ങളുടെ കേന്ദ്രമാക്കി രാഷ്ട്രീയവത്ക്കരിക്കുന്നുണ്ട് സാവിത്രി ഭായി ഫുലേ. സത്യ ശോധക് സമാജ് എന്ന സംഘടനയിലൂടെ ആദ്യകാലത്ത് ഭര്‍ത്താവായ ജ്യോതി ഭായി ഫുലേയോടൊപ്പവും അദ്ദേഹത്തിന്‍റെ മരണശേഷം ഒറ്റയ്ക്കും. ജാതി വിരുദ്ധ പ്രവര്‍ത്തനങ്ങളെ ഏകോപിപ്പിച്ചും മുന്നില്‍ നിന്നു നയിച്ചും. ജാതീയതയെ പൊതുവെ ബാധിക്കുന്ന പ്രശ്നമായി സ്ഥാപിക്കുന്നതില്‍ വിജയിച്ചു. ശൂദ്ര/ആദിശൂദ്ര വിഭാഗങ്ങളില്‍ നിന്ന് വരുന്ന പെണ്‍കുട്ടികള്‍ക്ക് വിദ്യാഭ്യാസം ഉറപ്പു വരുത്തുക, വിധവ വിവാഹങ്ങള്‍, മിശ്ര വിവാഹങ്ങള്‍ പ്രോത്സാഹിപ്പിക്കുക തുടങ്ങിയ പ്രവര്‍ത്തനങ്ങളിലൂടെ ഫുലെ ജാതിവിരുദ്ധമായ മറ്റൊരു പൊതുവാണ് വിഭാവനം ചെയ്തത്.

അതേപോലെ Against the Madness of Manu എന്ന പുസ്തകത്തില്‍ രമാബായി എന്ന അംബേദ്ക്കറുടെ ആദ്യ ഭാര്യ എങ്ങനെയാണ്. തന്‍റെ വീടകത്തെ ഒരു രാഷ്ട്രീയ സമുദായത്തെ ഉള്‍ക്കൊള്ളിക്കുന്ന രീതിയില്‍ മാറ്റിയത് (38) എന്നു പറയുന്നുണ്ട്. രാഷ്ട്രീയവത്ക്കരിക്കപ്പെട്ട സ്വകാര്യ ഇടത്തിന്‍റെ പ്രതിനിധി എന്ന രീതിയിലാണ് അവര്‍ പൊതു ഇടത്തില്‍ ബഹുജനങ്ങളുടെ ഇടയില്‍ സ്വീകാര്യയാകുന്നത് എന്ന് കാണാം. മഹാ മഹദ് സത്യാഗ്രഹത്തില്‍ ഭക്ഷണം ഉണ്ടാക്കികൊടുത്തുള്ള അവരുടെ ഐക്യപ്പെടല്‍ സൂചിപ്പിക്കുന്നത് അതാവാം. ഉപജാതി വിഭാഗങ്ങളെ ഉള്‍പ്പെടുത്തികൊണ്ടുള്ള പന്തിഭോജനത്തിലേക്ക് മുഖ്യാതിഥി ആയി ദയാ ബായിക്ക് ക്ഷണം കിട്ടുന്നത് അംബേദ്ക്കറുടെ ഭാര്യ എന്നതിലുപരി സ്വകാര്യ ഇടത്തെ, സാമൂഹ്യമായി ബഹിഷ്കൃതരായവരെ ഉള്‍പ്പെടുത്തി രാഷ്ട്രീയവത്ക്കരിച്ച സ്ത്രീ എന്നതുകൊണ്ടാകാം. പൊതുഇടം എന്ന സവര്‍ണ ആണധികാര കേന്ദ്രത്തില്‍ ജാതി വിരുദ്ധ പ്രസ്ഥാനത്തിന് കൂടുതല്‍ ദൃശ്യത ഉണ്ടാക്കാനും അതേപോലെ തങ്ങളുടെ പ്രവര്‍ത്തനങ്ങളിലൂടെ ആ ഇടത്തിന്‍റെ ഹിംസാത്മകമായി ഉണ്ടാക്കിയെടുത്ത ഒരുമയെ അസ്ഥിരപ്പെടുത്താനും ദലിത് ബഹുജന്‍ സ്ത്രീകളുടെ ഇടപെടലുകള്‍ക്ക് സാധിച്ചിട്ടുണ്ട്. We also made History എന്ന പുസ്തകം ഇത്തരത്തില്‍ പൊതു ഇടത്തില്‍ ജാതിയെക്കുറിച്ചും ജാതീയതയെ കുറിച്ചും സംസാരിച്ച ജാതി വിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ട അംബേദ്ക്കറൈറ്റ് സ്ത്രീകളുടെ ചരിത്രമാണ്.

ജാതി എന്നതു പോലെ തന്നെ ന്യൂനപക്ഷ മതവിഭാഗങ്ങള്‍ക്ക് പ്രാതിനിധ്യം കൊടുക്കാത്ത ഒരു ഇടമായാണ് പൊതു നിര്‍മ്മിക്കപ്പെട്ടിട്ടുള്ളത്. ഈയൊരു വിഷയത്തെ അഭിസംബോധന ചെയ്യുന്നു എന്നതാണ് ഷഹീന്‍ ബാഗിനെ പ്രസക്തമാക്കുന്നത്. മുസ്ലിം സ്ത്രീയെ സംബന്ധിച്ചിടത്തോളം സ്വസമുദായത്തിലെ ആണധികാരത്തോടൊപ്പം ലോക വ്യാപകമായ ഇസ്ലാമോഫോബിയയേയും അവര്‍ക്കെതിരെയുള്ള വിമോചനങ്ങളുടെ ആഴം കൂട്ടുന്നുണ്ട്. ഇസ്ലാം മതത്തോടുള്ള അസഹിഷ്ണുത ഇസ്ലാംമത ചിഹ്നങ്ങളായ ബുര്‍ക്ക, ഹിജാസ്, നിക്കാബ് തുടങ്ങിയവ ധരിക്കുന്ന സ്ത്രീകളെ നിര്‍വാഹകത്വം ഇല്ലാത്തവരായും സ്വന്തമായി അഭിപ്രായങ്ങളോ തീരുമാനങ്ങളോ എടുക്കാന്‍ കഴിവില്ലാത്തവരും അതുകൊണ്ടുതന്നെ സ്ത്രീകളുടെ സ്വാതന്ത്ര്യത്തെ പറ്റി സംസാരിക്കാന്‍ യോഗ്യത ഇല്ലാത്തവരുമാക്കി മാറ്റുന്നു. Its Not about the Burga എന്ന മറിയം ഖാന്‍ എഡിറ്റ് ചെയ്ത പുസ്തകത്തില്‍ മുസ്ലിം സ്ത്രീകളുടെ നിര്‍വാഹകത്വം എന്ന വിഷയം എങ്ങനെയാണ് പലപ്പോഴും ബുര്‍ഖ എന്ന വസ്ത്രത്തില്‍ ചെന്ന് അവസാനിക്കുന്നതെന്ന് ബുര്‍ക്ക ധരിക്കുന്നവരും ധരിക്കാത്തവരുമായ എഴുത്തുകാരും പത്രപ്രവര്‍ത്തകരും മെക്കാനിക്കല്‍ എന്‍ജിനിയര്‍മാരും റിസര്‍ച്ചര്‍മാരും പെര്‍ഫോര്‍മേഴ്സും മാനസികാരോഗ്യ രംഗത്ത് പ്രവര്‍ത്തിക്കുന്നവരുമായുള്ള മുസ്ലിം സ്ത്രീകള്‍ തങ്ങളുടേ അനുഭവങ്ങളുടെ അടിസ്ഥാനത്തില്‍ വിശദീകരിക്കുന്നുണ്ട്.

റേസിസ്റ്റ് ആയ ഇസ്ലാമോഫോബിസ്റ്റുകള്‍ക്കൊപ്പം ചേരാതിരിക്കുകയും എന്നാല്‍ അതേ സമയം സ്വസമുദായത്തിലെ ആണ്‍ അധികാരങ്ങളെ കുറിച്ച് നിശബ്ദമാകാതിരിക്കുകയും ചെയ്യുന്നതിന് ബുര്‍ക്ക ഒരു തടസ്സമല്ല എന്നും ഈ സ്ത്രീകള്‍ അടിവരയിടുന്നു. മറ്റൊരര്‍ത്ഥത്തില്‍ പറഞ്ഞാല്‍ സ്ത്രീവാദിയാകാന്‍ വിശ്വാസത്തെ പടിക്കു പുറത്തു നിര്‍ത്തേണ്ട ആവശ്യമില്ലെന്ന് വിശ്വസിക്കുന്നു. സ്ത്രീകള്‍ പൊതു എന്ന മതേതര, അഥവ പ്രബല മത ജീവി തങ്ങള്‍ക്കു മാത്രം പ്രാതിനിധ്യമുള്ള ഇടത്തെ തങ്ങളുടെ മത വിശ്വാസങ്ങളെ ഊന്നിക്കൊണ്ടുള്ള ജീവിതങ്ങള്‍ കൊണ്ട് മാറ്റി ചിന്തിക്കാന്‍ പ്രേരിപ്പിക്കുന്നുണ്ട്.

1984ല്‍ ജീവനാംശം ആവശ്യപ്പെട്ടു കൊണ്ട് ഭര്‍ത്താവായിരുന്ന മുഹമ്മദ് അഹമ്മദ് ഖാനിനെതിരെ കേസു കൊടുത്ത ഷാബാനു എന്ന സ്ത്രീക്ക് ആദ്യം സുപ്രീം കോടതി ജീവനാംശം അനുവദിക്കുകയും എന്നാല്‍ പിന്നീട് ശരിയത്ത് എന്ന ഇസ്ലാമിക നിയമപ്രകാരം മൂന്ന് മാസത്തില്‍ കൂടുതലുള്ള ജീവനാംശം അനുവദിക്കേണ്ടതില്ല എന്ന ഭര്‍ത്താവായിരുന്ന ആളുടെ വാദം കണക്കിലെടുത്ത് വിധി വന്നത് ഏറെ ചര്‍ച്ചകള്‍ക്ക് വഴി വച്ചിരുന്നു. എന്നാല്‍ ശരിയത്ത് എന്ന ഇസ്ലാമിക നിയമത്തിന്‍റെ സ്ത്രീ വിരുദ്ധതയെ ആഘോഷിക്കാന്‍ അവസരം കിട്ടുന്ന വിധികള്‍ക്ക് മാത്രമേ പൊതുഇടത്തില്‍ കൂടുതല്‍ ദൃശ്യത കിട്ടുകയുള്ളൂ എന്നും അങ്ങനെയല്ലാത്ത ജീവനാംശം നല്കപ്പെട്ട കേസുകള്‍ മറന്നു പോവുകയാണ് പതിവ് എന്നും ഉമ്മുല്‍ ഫായിസ തന്‍റെ “വ്യക്തിനിയമത്തിലെ മുസ്ലിം സ്ത്രീ: അധികാരവും സംഘര്‍ഷങ്ങളും” എന്ന ലേഖനത്തില്‍ വിശദീകരിക്കുന്നുണ്ട്.

സമുദായത്തിലെ ആണധികാരികളുടെ ചൂഷണത്തോടൊപ്പം ഇസ്ലാം എന്ന മതത്തിന്‍റേതായതു കൊണ്ടു മാത്രം, ശരിയത്ത് എന്ന മതാധിഷ്ഠിത നിയമാവലിയെ പ്രാകൃതവും മാറ്റങ്ങള്‍ക്കു വിധേയമാക്കാന്‍ പറ്റാത്ത സ്ത്രീ വിരുദ്ധമായ ഒന്നായും സ്ഥാപിക്കാനുള്ള ബ്രാഹ്മണിക ദേശീയത നിര്‍മ്മിച്ച ഇസ്ലാമോഫോബിയ ആയ പൊതു ഇടത്തിന്‍റെ വംശീയമായ ഹിംസ കൂടി പ്രതിരോധിക്കേണ്ടി വരുന്നുണ്ട് സ്ത്രീകള്‍ക്ക് എന്ന് തെളിയിക്കുന്ന ഒന്നാണ് ഷാബാനു കേസ്. അതുകൊണ്ടു തന്നെ വിശ്വാസിയായ മുസ്ലിം സ്ത്രീ എന്ന പൗരയുടെ പൊതു പ്രവേശം എന്ന് പറയുന്നത് സ്വസമുദായത്തിലെ ആണധികാരത്തോടൊപ്പം ദേശീയത എന്ന വ്യവഹാരത്തിന്‍റെ ആധുനിക യുക്തിയെ അടിസ്ഥാനപ്പെടുത്തിയുള്ള ഫോബിക് ആയ പൊതു ഇടത്തെ മതേതരത്വം എന്ന ഭൂരിപക്ഷമല്ലാത്ത ഒരു മത വിശ്വാസത്തിനും ഇടമില്ലാത്ത സങ്കല്പത്തെ പല രീതികളില്‍ അസ്ഥിരപ്പെടുത്തുന്ന ഒന്നാണ്. അതുകൊണ്ടു തന്നെയാണ് ഷഹീന്‍ബാഗ് എന്നത് സി.എ.എ. ക്കെതിരെയുള്ള പൗരത്വാവകാശത്തിനു വേണ്ടിയുള്ള കരുത്തുറ്റ പ്രതിഷേധമാകുന്നതോടൊപ്പം വംശീയ ഉന്മൂലത്തിനെതിരെയുള്ള ഏറ്റവും ശക്തമായ സമരമായി മാറുന്നത്.

ദേശീയത എന്ന വ്യവഹാരം ജാതിമതാടിസ്ഥാനത്തിലുള്ള പല നിബന്ധനകള്‍ക്കനുസരിച്ച് നല്‍കേണ്ടുന്ന ഒന്നായി പൗരത്വത്തെ മാറ്റുമ്പോള്‍ പൗരരെക്കാള്‍ കൂടുതല്‍ അഭയാര്‍ത്ഥികള്‍ ഉണ്ടാകുന്നുണ്ട്. ദേശീയതയുടെ ഹിംസാത്മകതയെക്കുറിച്ച് ആന്‍ഡേഴ്സന്‍ മുതല്‍ ഹന്ന ആര്‍നോള്‍ഡ് വരെ പല രീതികളില്‍ വിശദീകരിച്ചിട്ടുണ്ട്. മനുഷ്യനായി അംഗീകരിക്കാനുള്ള ഒരു യോഗ്യത ദേശീയ പൗരനാവുക (ഹന്ന ആര്‍നോള്‍ഡ്) എന്നതാകുമ്പോള്‍, മതാടിസ്ഥാനത്തിലുള്ള പൗരത്വ നിഷേധം വംശീയമായ ഉډൂലനമാണ് സാധ്യമാക്കുന്നത്. അങ്ങനെയുള്ള സാഹചര്യത്തിലാണ് ഇസ്ലാം മതവിശ്വാസികളായ സ്ത്രീകളുടെ നേതൃത്വത്തില്‍ ഷഹിന്‍ ബാഗ് പോലുള്ള ഒരു പൊതു വിഭാവനം ചെയ്യപ്പെടുന്നത്. വ്യത്യസ്ത ജാതി മത സമുദായങ്ങളുടെ സാഹോദര്യവും പ്രതിരോധങ്ങളും ഉള്‍പ്പെടുന്ന കലാ പ്രകടനങ്ങളും വിദ്യാഭ്യാസവും അംബേദ്ക്കറൈട്ട് രാഷ്ട്രീയത്തിന്‍റെ വായനകളും ചര്‍ച്ചകളും സാധ്യമാക്കുന്ന അമ്മമാരും കുട്ടികളും ഉമ്മൂമ്മമാരും അടങ്ങുന്ന അടുപ്പുകളും വായനാസ്ഥലങ്ങളും ഉള്ള പലമകള്‍ക്കും ഉള്‍പ്പെടുത്തലുകള്‍ക്കും പ്രാധാന്യവും പ്രാതിനിധ്യവും കൊടുത്തു കൊണ്ടുള്ള മറ്റൊരു പൊതു എന്ന സാധ്യതയാണ് ഷഹിന്‍ ബാഗ്.




ഷൈമ പി.

അദ്ധ്യാപിക
ഇംഗ്ലീഷ് വിഭാഗം,
പയ്യന്നൂര്‍ കോളേജ്