Homeചർച്ചാവിഷയം

പോലീസ് പരിശീലന പദ്ധതിയും തൊഴില്‍ വിഭജനവും ലിംഗവിവേചനപരമാണ്

രണകൂടത്തിന്‍റെ നീതി നിര്‍വഹണ വിഭാഗമായ പോലീസ് വിഭാഗത്തിലേക്കുള്ള പരിശീലനപദ്ധതിയില്‍ ലിംഗവിവേചനം വളരെയധികം പ്രകടമാണെന്ന് കാണാം. തീര്‍ച്ചയായും ജെന്‍ഡര്‍ സെന്‍സിറ്റിവിറ്റി ട്രെയിനിംഗ് ഏറ്റവുമധികം ആവശ്യമുള്ള വിഭാഗമാണ് പോലീസ് മേഖല. പോലീസ് അക്കാദമിയില്‍ നല്‍കുന്നത് ലിംഗ വിവേചനമില്ലാതെ ഒരേ തരം ട്രെയിനിംഗ് എന്നാണ് പറയപ്പെടുന്നതെങ്കിലും രണ്ടു തരം ഡ്രസ്സ് കോഡാണ് ഇപ്പോഴും ആണിനും പെണ്ണിനുമുള്ളത്. ഇന്‍ഡോര്‍ ക്ലാസ്സുകളില്‍ നല്‍കുന്ന യൂനിഫോമുകളിലും ലിംഗ വ്യത്യാസം പ്രകടമാണ്. പുരുഷന്‍മാര്‍ക്ക് ഫിസിക്കല്‍ ട്രെയിനിംഗ് സമയത്ത് ട്രൗസറനുവദിക്കുമ്പോള്‍ സ്ത്രീകള്‍ക്ക് പാന്‍റ്സ് നിര്‍ബന്ധമാണ്. പുരുഷന്മാര്‍ പാന്‍റ്സ് ധരിക്കുമ്പോഴാകട്ടെ സ്ത്രീകള്‍ക്ക് ആര്‍മി മാതൃകയിലുള്ള പച്ച കാലുറകളിടേണ്ടി വരും. തൊഴില്‍ നിര്‍വഹണ സമയത്തെ കാക്കി യൂനിഫോമിലുള്ള വ്യത്യാസം നിലവില്‍ എടുത്തുകളഞ്ഞെങ്കിലും പരിശീലന നേരത്തെ ഈ തരംതിരിവുകൊണ്ട് എന്താണുദ്ദേശിക്കുന്നത്?
വസ്ത്രധാരണത്തിലും ട്രെയിനിംഗ് പാറ്റേണിലുമുണ്ടാവുന്ന ഈ വ്യത്യാസം അനാവശ്യമായി തൊഴിലിനെ ലിംഗവല്‍ക്കരിക്കാനും പൊതുബോധത്തിലൂന്നിയ ശരീരബോധം വളര്‍ത്താനുമേ ഉതകുകയുള്ളൂ. പോലീസില്‍ ആണിന് അനുവദിക്കാത്ത മുടി പെണ്ണിന് അനുവദിക്കുന്നതും ഇതായിത്തന്നെയാണ് കാണാനാവുക. തീര്‍ത്തും ജെന്‍ഡര്‍ ന്യൂട്രല്‍ ആയ പരിശീലനപദ്ധതി ആസൂത്രണം ചെയ്ത് നടപ്പിലാക്കുന്നതാണ് ശരിയായ വഴി. അത്തരം മനോഭാവത്തോടുകൂടിത്തന്നെയാണ് പോലീസ് സേനയിലേക്ക് ഉദ്യോഗാര്‍ത്ഥികളും കടന്നു വരേണ്ടത്.ഇത്തരം വിഷയങ്ങളൊക്കെ അവയര്‍ഹിക്കുന്ന പ്രാധാന്യത്തോടെ ചര്‍ച്ച ചെയ്യപ്പെടുന്നു പോലുമില്ല എന്നത് ദയനീയമാണ്.
വേറൊന്ന് ഇലക്ഷന്‍ തുടങ്ങിയ ഗൗരവസ്വഭാവമുള്ള ഉത്തരവാദിത്തങ്ങളില്‍ സ്പെഷല്‍ പോലീസ് എന്നറിയപ്പെടുന്ന പ്രത്യേക ടീമില്‍ പെണ്‍കുട്ടികളെ ഉള്‍പ്പെടുത്താറില്ല എന്നതാണ്. അധികം ചുമതലയും അധികവരുമാനവും നല്‍കപ്പെടുന്ന ഇത്തരം പ്രത്യേക സംവിധാനങ്ങളില്‍ പെണ്‍കുട്ടികള്‍ ഒഴിവാക്കപ്പെടുന്നത് തീര്‍ച്ചയായും ചോദ്യം ചെയ്യപ്പെടേണ്ട തികഞ്ഞ അന്യായമാണ്. ഒരേ തരം പരിശീലനം നല്‍കുന്നു എന്നവകാശപ്പെടുമ്പോഴും പല തൊഴില്‍ സാഹചര്യങ്ങളില്‍ നിന്നും പെണ്‍കുട്ടികളെ നിര്‍ബന്ധമായി മാറ്റി നിര്‍ത്തുന്നതിലെ വിവേചനവും തിരിച്ചറിയപ്പെടാതെ പോകരുത്.
പോലീസ് പരിശീലനത്തിലെ ഒരു പ്രധാന മേഖലയാണ് ക്വൊസ്റ്റ്യനിംഗ് അഥവാ ഇന്‍ററോഗേഷന്‍. വളരെയധികം മിടുക്കും സാമര്‍ത്ഥ്യം ആവശ്യമുള്ള ഒരു ഏരിയയാണിത്. ശരിക്കും ഇന്‍റലിജന്‍സിന്‍റെ ഒരു കലയാണിത്. കുറ്റവാളികളില്‍ കുടുതല്‍ വരുന്ന പുരുഷന്മാരാണെന്ന കാരണത്താല്‍ ഈ ഉത്തരവാദിത്തത്തില്‍ നിന്നും സ്ത്രീകളെ അകറ്റി നിര്‍ത്താറുണ്ട്. മണിക്കൂറുകളോ ദിവസങ്ങളോ നീണ്ടുനില്‍ക്കുന്ന ഈ പ്രക്രിയയില്‍ ഭാഗഭാക്കാനോ പരിശീലനം നേടാനോ സ്ത്രീകള്‍ക്ക് ഇതു കാരണം അവസരം നിഷേധിക്കപ്പെടുകയാണ്.
സ്ത്രീകള്‍ക്ക് ഇത് സാധ്യമല്ലെന്നോ കുറ്റത്തെ സംബന്ധിച്ച രഹസ്യാത്മകത സൂക്ഷിക്കാനോ കഴിയില്ല എന്ന പൗരാണികമായ വിഡ്ഢിത്തമല്ലാതെ ഇതിന് മറ്റെന്തെങ്കിലും ന്യായമുള്ളതായറിയില്ല. ഇതോടൊപ്പം, പോലീസിലെ ഡ്രൈവര്‍മാര്‍, എസ്കോര്‍ട്ട് പൈലറ്റ്, സ്പെഷ്യല്‍ ബ്രാഞ്ച്, വിജിലന്‍സ്,ഡോഗ് സ്ക്വാഡ്, ബാന്‍റ് സെറ്റ് എന്നിങ്ങനെ പല മേഖലകളിലു തസ്തികകളിലുമുള്ള സ്ത്രീസാന്നിധ്യത്തിന്‍റെ അഭാവത്തെയും ഈ നിലയില്‍ത്തന്നെ കാണുകയും പരിശീലനപദ്ധതിയുടെയുടെയും തൊഴിലവസരങ്ങളുടെയും ലിംഗപരമായ വിവേചനമായിത്തന്നെ പ്രാധാന്യത്തോടെ മനസ്സിലാക്കേണ്ടതുണ്ട്.
വിദ്യാഭ്യാസ പദ്ധതികളിലെ ജെന്‍ഡര്‍ ഓഡിറ്റിംഗിനൊപ്പം സവിശേഷശ്രദ്ധയോടെ തിരുത്തപ്പെടേണ്ട കാര്യമാണിത്.

 

 

 

 

 

വിനയ എന്‍.എ.
സ്ത്രീവിമോചക പ്രവര്‍ത്തക
വനിതാസെല്‍ എസ്.ഐ. തൃശ്ശൂര്‍

COMMENTS

COMMENT WITH EMAIL: 0